
അടിയന്തരാവസ്ഥക്കാലത്തിന്റെ കഥ പറയുന്ന ഹിന്ദി ചിത്രം എമര്‍ജന്‍സിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മുംബൈ വെസ്റ്റ് ബാന്ദ്രയിലെ സിനിപോളിസ് ഹാളില്‍ വച്ചായിരുന്നു ട്രെയിലര്‍ ലോഞ്ച്. കങ്കണ റണൗട്ട് ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളി നടന് വിശാഖ് നായര്‍ സഞ്ജയ് ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ട്രെയ്ലര് ലോഞ്ചിനിടെ ബോളിവുഡ് താരങ്ങളായ ആമീര്‍ ഖാന്, ഷാരൂഖ് ഖാന്, സല്മാന് ഖാന് എന്നിവരെക്കുറിച്ച് കങ്കണ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. ഖാന്മാരുടെ കഴിവുകള്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും തനിക്കൊരു അവസരം ലഭിക്കുകയാണെങ്കില്‍ താനത് തീര്‍ച്ചയായും ഉപയോഗിക്കുമെന്നും കങ്കണ പറഞ്ഞു.
”മൂന്ന് ഖാന്മാരെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരു സിനിമ നിര്‍മിക്കാനും സംവിധാനം ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ കഴിവിന്റെ പരമാവധി ഞാന്‍ പ്രയോജനപ്പെടുത്തും. നന്നായി അഭിനയിക്കാന്‍ കഴിയുന്നവരാണ് അവര്‍. സുന്ദരന്മാരുമാണ്. സമൂഹത്തിന് നന്മ ചെയ്യാന്‍ സാധിക്കുന്നവര്‍ കൂടിയാണ്. അവരെ ഉപയോഗിച്ച് സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു സിനിമ ചെയ്യണം.
ബോളിവുഡിന് വലിയ വരുമാനം നല്കുന്ന താരങ്ങളാണ് മൂവരും. അവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അവര്‍ ചെയ്യുന്നത് വലിയ കാര്യമാണ്. കലാകാരന്മാരെന്ന നിലയില്‍ അവരുടെ കഴിവ് ആരും പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല. എനിക്ക് അതിനുള്ള അവസരം തന്നാല്‍ ഞാനത് ബോധ്യപ്പെടുത്തി തരാം. മറ്റൊരു ഖാനായ ഇര്ഫാന് ഖാനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. അദ്ദേഹം നമ്മളെ വിട്ടുപോയി”- കങ്കണ പറഞ്ഞു.
ശ്രേയസ് തല്‍പഡെ, അനുപം ഖേര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടല്‍ ബിഹാരി വാജ്പേയ് ആയി ശ്രേയസ് എത്തുമ്പോള്‍ അനുപം ഖേര്‍ ജയപ്രകാശ് നാരായണെ അവതരിപ്പിക്കുന്നു. എഴുപതുകളിലെ ഇന്ത്യാ പാക് യുദ്ധവും കഥാ പശ്ചാത്തലം ആകുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകയും സഹ നിര്‍മാതാവും എഴുത്തുകാരിയും കൂടെയാണ് കങ്കണ. കഴിഞ്ഞ നവംബറില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കാരണം പല തവണ വൈകി. സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.