
നിരവധി തമിഴ്, തെലുങ്ക്, ബോളിവുഡ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. താരം സുഖം പ്രാപിച്ചുവരികയാണെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിൻഡേ. കഴിഞ്ഞദിവസം നെഞ്ചുവേദന അനുഭവിച്ചതിനേത്തുടർന്ന് അദ്ദേഹത്തെ കുടുംബം സാത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര പരിശോധനകൾക്കുശേഷം മറ്റുചില പരിശോധനകൾകൂടി ഡോക്ടർമാർ നടത്തി. പരിശോധനയിൽ അദ്ദേഹത്തിൻ്റെ ഹൃദയത്തിലേക്കുള്ള ധമനികളിൽ 99 ശതമാനം തടസ്സങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്നാണ് ആൻജിയോപ്ലാസ്റ്റി ചെയ്തത്.
താൻ സുഖംപ്രാപിച്ചുവരികയാണെന്നും വിനോദരംഗത്തേക്ക് ഉടൻ തിരിച്ചുവരുമെന്നും കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ സായാജി ഷിൻഡേ പറയുന്നു. അതേസമയം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ താരത്തെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്.
2000-ൽ ജ്ഞാനഭാരതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഭാരതി എന്ന തമിഴ്ചിത്രത്തിലെ സുബ്രഹ്മണ്യ ഭാരതിയായുള്ള പ്രകടനത്തിലൂടെയാണ് സായാജി ഷിൻഡേ ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ടാഗോർ, ആന്ധ്രാവാല, പോക്കിരി, ലക്ഷ്മി, കൃഷ്ണ, ആര്യ 2, അരുന്ധതി, ദൂക്കുഡു, റൂളർ, ഗോഡ്ഫാദർ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ബാബ, ദൂൾ, അഴകിയ തമിഴ് മകൻ, സന്തോഷ് സുബ്രഹ്മണ്യം, ആധവൻ, വേട്ടൈക്കാരൻ, വേലായുധം, കാലാ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും വേഷമിട്ടു. മലയാളത്തിൽ നാടോടിമന്നൻ എന്ന ചിത്രത്തിൽ വില്ലനായുമെത്തി.
ശൂൽ, ഖിലാഡി 420, ജോഡി നമ്പർ 1, റോഡ്, മുഝ് സേ ശാദി കരോഗി, ബിഗ് ബ്രദർ, സഞ്ജു, അന്തിം, ഗോവിന്ദാ നാം മേരാ തുടങ്ങിയവയാണ് സായാജി അഭിനയിച്ചവയിൽ ചില ബോളിവുഡ് ചിത്രങ്ങൾ. കന്നഡ, മറാഠി, ഭോജ്പുരി, ഇംഗ്ലീഷ് ഭാഷാചിത്രങ്ങലിലും വേഷമിട്ടിട്ടുണ്ട്. ലൂസർ, കില്ലർ സൂപ്പ് എന്നീ വെബ്സീരീസുകളിലും സായാജി ഷിൻഡേ വേഷമിട്ടു.
Content Highlights: actor sayaji shinde in hospital due to chest pain
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]