
സൂപ്പർ ഹീറോകൾ എന്നുകേൾക്കുമ്പോൾ സാധാരണ ഒരാളുടെ മനസിലേക്ക് വരുന്നത് മാർവലിന്റെയും ഡിസ്നിയുടേയുമെല്ലാം സിനിമകളും കോമിക്കുകളുമാണ്. പൊതുവേ രക്ഷകവേഷങ്ങളാണ് ഇത്തരം നായകന്മാരുടെ മുഖമുദ്ര. എന്നാൽ പതിവ് സൂപ്പർ ഹീറോ സങ്കൽപ്പങ്ങളെയെല്ലാം മാറ്റിമറിക്കുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനംചെയ്ത ജയ് ഗണേഷ്.
മുമ്പ് വിദേശസിനിമകളിലെ സൂപ്പർ ഹീറോകളെ കണ്ട് കൊതിച്ചിരുന്ന തെന്നിന്ത്യൻ പ്രേക്ഷകർക്ക് മുന്നിലേക്കാണ് മിന്നൽ മുരളിയും പിന്നീട് മാവീരനും എത്തിയത്. സ്ഥിരം കണ്ടുവരുന്ന സൂപ്പർ ഹീറോകളെ പൊളിച്ചെഴുതിക്കൊണ്ട് ദേശീ സൂപ്പർ ഹീറോ എന്ന ആശയത്തിനും ഇവർ വഴിയൊരുക്കി. ആ വഴിയെ ഒന്ന് പരിഷ്കരിച്ചെടുത്ത്, സൂപ്പർ ഹീറോ ചിത്രങ്ങളിലെ പുത്തൻ സബ് ജോണർ ഒരുക്കിയെടുത്തിരിക്കുകയാണ് ജയ് ഗണേഷ്. സൗഹൃദവും പ്രണയവും ത്രില്ലും ഒപ്പം വലിയൊരു സന്ദേശവും ഇഴചേർന്നിരിക്കുന്നു ജയ് ഗണേഷിൽ.
ഒരാൾ എപ്പോഴാണ് സൂപ്പർ ഹീറോയാകുന്നത്? ആപത്തിൽപ്പെട്ട ഒരാളെ അല്ലെങ്കിൽ ഒരുകൂട്ടം ആളുകൾക്ക് രക്ഷകനാവുമ്പോൾ. ഇതിനൊരു മറുപുറം കണ്ടെത്തിയാൽ മറ്റൊരാളുടെ ജീവിതത്തിൽ പ്രകാശം പരത്തുന്നവനും അയാളുടേതായ രീതിയിൽ സൂപ്പർ ഹീറോ ആകാം. സ്വന്തം മനസുപറയുന്നത് കേൾക്കുമ്പോഴാണ് ജയ് ഗണേഷിലെ നായകൻ ഹീറോ ആകുന്നത്. ശാരീരിക പരിമിതികളേയും അതുമൂലം അനുഭവിക്കുന്ന വെല്ലുവിളികളെയും അതിജീവിക്കാൻ ശ്രമിക്കുമ്പോൾ ജയ് ഗണേഷിലെ നായകൻ മറ്റുള്ളവരുടെ മുന്നിലും സ്വയവും സൂപ്പർ ഹീറോ ആവുന്നു. ഇത് വിശ്വസനീയമായി അവതരിപ്പിച്ചു എന്നിടത്താണ് ജയ് ഗണേഷ് വിജയമാകുന്നത്.
ബൈക്ക് അപകടത്തെത്തുടർന്ന് വീൽചെയറിലായ യുവാവാണ് ചിത്രത്തിലെ നായകൻ. മാനസികമായി തകർന്ന് ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന ഘട്ടത്തിൽ അച്ഛന്റെ നല്ല വാക്കുകളിലും പിന്തുണയിലും പ്രചോദിതനായി മനകരുത്തുകൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിൽ പുതിയ വഴിയിലേക്ക് പ്രവേശിക്കുന്നു. മിറാക്കിളിൽ വിശ്വസിക്കുന്ന കൊച്ചുകുട്ടിയാണ് ഗണേഷിന്റെ ഉറ്റമിത്രം. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ഈ കുട്ടിയുടെ തിരോധാനത്തെയും ചുറ്റിപ്പറ്റിയുള്ള കഥയാണ് പ്രേക്ഷകർക്കുമുമ്പിൽ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും അവതരിപ്പിച്ചിരിക്കുന്നത്. മാലിന്യങ്ങൾ മൂലം സമൂഹത്തിനുണ്ടാകാവുന്ന വിപത്തുകളെക്കുറിച്ചും ചിത്രം ചർച്ച ചെയ്യുന്നു.
മാധ്യമ ചിത്രകാരൻ, ഹാക്കർ, ഓൺലൈൻ ഡിറ്റക്ടീവ് എന്നീ നിലകളിൽ പല കേസുകളിലും സഹായിക്കുന്ന ഗണേഷ് എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകടനമാണിത് ശാരീരിക പരിമിതികൾ നേരിടുന്ന ഒരാളുടെ വികാരങ്ങൾ അതേപടി പകർത്താനായതിൽ ഉണ്ണി വിജയിച്ചിട്ടുണ്ട്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ കാരക്ടറിൽ സത്യസന്ധത പുലർത്താനും അദ്ദേഹത്തിനായിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെയും ഡ്രീംസ് എൻ ബിയോണ്ടിന്റെയും ബാനറിൽ ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗണേഷിന്റെ അച്ഛനായി അശോകനും അഡ്വക്കേറ്റ് പാർവതിയായി ജോമോളും ഗണേഷിന്റെ സുഹൃത്തായ നിധിയെ അവതരിപ്പിച്ച് മഹിമനമ്പ്യാരും എം.എൽ.എ. പ്രസാദ് പുത്രനായി ശ്രീകാന്ത് കെ വിജയൻ, മോഹൻ സെൽവരാജായി രവീന്ദ്ര വിജയ്, അയാൻ പ്രസാദായ റയാൻ കൈമൾ, ഹരീഷ് പേരടി, നന്ദു എന്നീ താരങ്ങളെല്ലാം തന്നെ സ്വന്തം കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ പിന്നണിയിൽ ശങ്കർ ശർമയുടെ സംഗീതവും ചന്ദ്രു സെൽവരാജിന്റെ ക്യാമറയും മികച്ചുനിന്നു. ഒരുപക്ഷേ സിനിമാ രംഗത്തുതന്നെ ആദ്യമായിട്ടായിരിക്കും കോമിക് ആർട്ടിസ്റ്റ് എന്നരീതിയിൽ ഒരു തസ്തിക. ജയ് ഗണേഷ് എന്ന സൂപ്പർ ഹീറോയെ അതിഗംഭീരമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചതിൽ ആർട്ടിസ്റ്റ് വി.ബാലുവും കയ്യടിയർഹിക്കുന്നു. ഫാമിലി – ഫാന്റസി എന്റർടെയ്നറായൊരുങ്ങിയ ചിത്രം തിയേറ്റർ കാഴ്ചതന്നെ ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]