
‘കനക സുഗന്ധികൾ വിരിയുന്നു
കാറ്റിന്റെ വിരലുമ്മ തഴുകുന്നു
കൺപീലി നനയുന്ന ചന്ദ്രലേഖേ…’
സുഖദമായൊരു കുളിർമഴപോലെ റെക്കോഡിങ് സ്റ്റുഡിയോയിൽ ഗായിക ലതികയുടെ സ്വരമാധുരി. നാലുപതിറ്റാണ്ടുമുൻപ് കാതോട് കാതോരം…, ഒത്തിരിയൊത്തിരി മോഹങ്ങൾ, താരും തളിരും മിഴിപൂട്ടി, പാടാം ഞാനാഗാനം, ദേവദൂതർ പാടി തുടങ്ങി മലയാളം നെഞ്ചേറ്റിയ അതേ സ്വരമാധുരി. പ്രായം 65 പിന്നിട്ടെങ്കിലും ശബ്ദത്തിനിപ്പോഴും മധുരപ്പതിനേഴ്… രണ്ടു മണിക്കൂറോളം നീണ്ട റെക്കോഡിങ് പൂർത്തിയാക്കി ഗായിക നിറഞ്ഞ പുഞ്ചിരിയോടെ പുറത്തിറങ്ങി. ക്രീമും നേർത്ത മെറൂണും ഇടകലർന്ന സാരിയും മെറൂൺ ബ്ലൗസുമാണ് വേഷം. നെറ്റിയിൽ മൂകാംബികാദേവിയുടെ കുങ്കുമക്കുറി. കോഴിക്കോട്ട് റിട്രോ റെക്കോഡിങ് സ്റ്റുഡിയോയിൽ ഗായകൻ പി.കെ. സുനിൽകുമാറിനൊപ്പം പാടുന്ന ഗാനം ശ്രവിക്കാൻ രചയിതാവ് പി.കെ. ഗോപിയും സംഗീത സംവിധായകൻ രാജേഷ് ബാബു കെ. ശൂരനാടും ലതികയുടെ സഹോദരൻ കാഥികനും ഗായകനുമായിരുന്ന സി. രാജേന്ദ്ര ബാബുവും ഉണ്ടായിരുന്നു. ‘വൺസ് അപ്പോൺ എ ഡ്രീം’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഗാനം. ഈ വർഷം സംഗീത ജീവിതത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ലതിക സംസാരിക്കുന്നു
ഇതൊരു രണ്ടാംവരവാണോ ?
പൂർണമായും അങ്ങനെ പറയാൻ പറ്റില്ല. കാരണം കുറച്ചേറെ വർഷം സിനിമാരംഗത്തുനിന്ന് വിട്ടുനിന്നിരുന്നെങ്കിലും 2022-ൽ ജെറി അമൽദേവിന്റെ ഈണത്തിൽ മധുബാലകൃഷ്ണനൊപ്പം ഇ വലയം എന്ന ചിത്രത്തിൽ ഗാനമാലപിച്ചിരുന്നു. എന്റെ ശിഷ്യർ ഈണം നൽകിയ ഗപ്പി എന്ന ചിത്രത്തിലും ഞാൻ പാടിയിരുന്നു. സംഗീതരംഗത്ത് ഞാൻ 50 വർഷം പൂർത്തിയാക്കുകയാണ്. കൂടുതൽ സജീവമാകാൻ ഒരുങ്ങുന്നു എന്നു വേണമെങ്കിൽ പറയാം.
ഭരതൻചിത്രങ്ങളിലെ നിറഗാന സാന്നിധ്യം. വലിയ വലിയ സംവിധായകർ നീട്ടുന്ന അവസരങ്ങൾ. എന്നിട്ടും എൺപതുകളുടെ ഒടുക്കത്തിൽ രംഗം വിടേണ്ടിവന്നതിൽ ദുഃഖമുണ്ടോ ?
ഒക്കെ ഈശ്വരനിശ്ചയമാണ്. ’80-കളുടെ തുടക്കത്തിലാണ് ഭരതേട്ടൻ ചിത്രങ്ങളിലും മറ്റും ഞാൻ മികച്ച ഗാനങ്ങൾ ആലപിച്ചത്. ’89-ൽ സ്വാതിതിരുന്നാൾ സംഗീതകോളേജ് അധ്യാപികയായാണ് പോകുന്നത്. 18 വർഷം പാലക്കാട്ടും എട്ടു വർഷം തിരുവനന്തപുരത്തും. ഇപ്പോൾ വിരമിച്ച ശേഷം വീണ്ടും സജീവമാകാനൊരുങ്ങുകയാണ്. ഇപ്പോൾ എന്നെ കാണുന്നവർ തിരിച്ചറിയുന്നുണ്ട്. ഗാനങ്ങളുടെ പേരുകൾ എടുത്തുപറയുന്നുണ്ട്. എനിക്കത്രയും മതി.
ദേവദൂതർ പാടി എന്ന ഗാനം അടുത്തിടെ റീമിക്സ് രീതിയിൽ എത്തി. അതേപ്പറ്റി
എനിക്ക് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണത്. പഴയ ഗാനങ്ങൾ ബീറ്റ്സ് മാറ്റി റീൽസ്പോലെ റീമിക്സ് ചെയ്യുന്നതിനോട് ഞാനെതിരാണ്. അത് ആ ഗായകരോട് ചെയ്യുന്ന ദ്രോഹമാണ്. അടുത്ത തലമുറയെയാണ് നാം ഇതിലൂടെ വഞ്ചിക്കുന്നത്. രണ്ടു ഗാനം കേൾക്കുമ്പോൾ ഏതാണ് ശരിയായി പാടിയത് എന്നറിയാതെ അവർ വലയേണ്ടിവരില്ലേ? ഒരുകോടി രൂപ തരാമെന്നു പറഞ്ഞാലും റീമിക്സ് ഗാനങ്ങൾ ഞാനാലപിക്കില്ല. അതേപോലെ ഇപ്പോഴത്തെ റിയാലിറ്റി ഷോകൾ, യുഗ്മഗാനം പോലും രണ്ടുതവണയായി എടുക്കുന്ന രീതി എന്നിവയോടും താത്പര്യമില്ല. പഴഞ്ചനെന്ന് വിളിക്കുമായിരിക്കും. അതിലും പരാതിയില്ല.
കോഴിക്കോട്ട് ‘വൺസ് അപ്പോൺ എ ഡ്രീം’ എന്ന ചിത്രത്തിലെ റെക്കോഡിങ്ങിനിടെ ഗായകൻ പി.കെ. സുനിൽകുമാർ, ഗായിക എൻ. ലതിക, രചയിതാവ് പി.കെ. ഗോപി, സംഗീത സംവിധായകൻ രാജേഷ് ബാബു.കെ. ശൂരനാട് എന്നിവർ
സ്വന്തം ഗാനങ്ങൾ മറ്റൊരാളുടെ പേരിൽ വരുന്ന പ്രശ്നം ഉണ്ടായിട്ടുണ്ടോ ?
ഒരുപാട് തവണ. ഞാൻ ആരോടും പരാതിപ്പെട്ടിട്ടില്ല. എല്ലാം ബിസിനസ് എന്ന രീതിയിലായില്ലേ. ഞാൻ പാടിയ പല പാട്ടുകളും കാസറ്റ് കാണുമ്പോഴാണ് എന്റെ പേരിലല്ല എന്നത് മനസ്സിലാക്കുന്നത്. പണ്ട് ദാസേട്ടനൊപ്പം പാടേണ്ട ഒരു ഗാനം അദ്ദേഹത്തിന് എത്താൻ പറ്റാഞ്ഞതിനെത്തുടർന്ന് റെക്കോഡിങ് തന്നെ ഉപേക്ഷിച്ചു. ലതികയ്ക്കുവേണ്ടിമാത്രം ഗാനം വേണ്ടെന്ന് കരുതിക്കാണും. ഇതൊക്കെ ഇവിടെ നടക്കും.
ഗാനം മുൻകൂട്ടി റെക്കോഡ് ചെയ്ത് വേദിയിൽ ചുണ്ടനക്കുന്ന പ്രവണതയെക്കുറിച്ച്
ഒരുകാലത്തും യോജിക്കില്ല. ഞാനത് ഒരിക്കലും ചെയ്യില്ല. കാഴ്ചക്കാരെ വഞ്ചിക്കുന്ന രീതിയാണത്. ഇത് വ്യാപകമാകുന്ന ഇക്കാലത്ത് ദേവരാജൻ മാസ്റ്റർ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോകുകയാണ്. എങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ല.
ലതികയെ വളർത്തിയ സംഗീതസംവിധായകരെക്കുറിച്ച്
ഭരതേട്ടൻചിത്രങ്ങളിലൂടെയാണ് ഞാൻ വളർന്നത്. കെ. രാഘവൻ മാസ്റ്റർ, ജോൺസൺ, രവീന്ദ്രൻ ഔസേപ്പച്ചൻ, എസ്.പി. വെങ്കടേഷ്, ഗുണസിങ് തുടങ്ങിയവരുടെ ആദ്യകാല ഗാനങ്ങൾ ആലപിക്കാൻ അവസരം കിട്ടിയത് ഭാഗ്യമാണ്. രാഘവൻമാസ്റ്ററുടെ ശിക്ഷണത്തിൽ നിലാവിന്റെ പൂങ്കാവിൽ എന്ന ഒറ്റ ഗാനമാണ് ആലപിച്ചത്. പക്ഷേ, ആയിരം ഗാനങ്ങൾക്ക് തുല്യമായി ഈ ഗാനത്തെ കാണുന്നു. കണ്ണൂർ രാജേട്ടനാണ് എന്നെ കണ്ടെത്തിയത്. അഭിനന്ദനത്തിലെ പുഷ്പതല്പത്തിൽ നീ വീണുറങ്ങി… എന്ന തമ്പിസാറിന്റെ ഗാനം പാടിയാണ് സിനിമയിലേക്ക് ചുവടിട്ടത്. അത് മറ്റൊരു മഹാഭാഗ്യം
ഹമ്മിങ് റാണി എന്നൊരു വിശേഷണമുണ്ടോ
(ചിരിച്ചുകൊണ്ട്) ചിത്രം, വന്ദനം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ എന്റെ ഹമ്മിങ്ങുണ്ട്. പല സ്റ്റേജ് പരിപാടിക്ക് പോയാലും ഹമ്മിങ് മാത്രം ചെയ്യാൻ പറയുന്നവരുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]