
വ്യത്യസ്ത നിറങ്ങളുടെ ലോകം കൂടിയാണ് സിനിമ. അവിടെ തുറന്നുകിട്ടുന്ന സാധ്യതകൾ അനന്തമാണ്. ആ നിറങ്ങൾ നിങ്ങളിലെ പ്രേക്ഷകനെ ആസ്വാദനത്തിന്റെ മറ്റൊരുതലത്തിലേയ്ക്ക് എത്തിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലവും കടന്ന് ഇന്ന് സിനിമ നിറങ്ങളുടെ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. കടുംനിറങ്ങളുടെ ഈ കാലത്ത് തിയേറ്ററിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഒരു മുഴുനീള ബ്ലാക്ക് ആന്റഡ് വൈറ്റ് ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിനൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് കളറിസ്റ്റ് ലിജു പ്രഭാകർ. ലിജു ഇതുവരെ ഇരുന്നൂറോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2013 ലായിരുന്നു ലിജു മലയാളം സിനിമയിലേയ്ക്ക് വരുന്നത്. ഭൂതകാലം, ചുരുളി, ഹൃദയം, ദൃശ്യം 2, നായാട്ട് തുടങ്ങിയ ചിത്രങ്ങളിൽ കളറിസ്റ്റായി ലിജു പ്രവർത്തിച്ചു. ഭൂതകാലം ചെയ്യുമ്പോഴായിരുന്നു രാഹുൽ സദാശിവം ഭ്രമയുഗത്തിന്റെ ആശയം പങ്കുവയ്ക്കുന്നത് എന്ന് ലിജു ഓർക്കുന്നു. 17,18 നൂറ്റാണ്ടിൽ നടക്കുന്ന ഒരു കഥയാണ്, ഒരു മനയുണ്ടാകും എന്നായിരുന്നു അന്ന് പറഞ്ഞത്. നമുക്ക് നോക്കാം എന്നായിരുന്നു ലിജോയുടെ മറുപടി. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം എന്ന് സംവിധായകൻ രാഹുൽ അന്ന് പറഞ്ഞപ്പോൾ അളിയാ അത് വേണോ എന്നായിരുന്നു ആദ്യം ചോദിച്ചത് എന്ന് ലിജു ഓർക്കുന്നു.
ഒരു കളറിസ്റ്റ് എന്ന നിലയിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചെയ്യുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ലൈറ്റ് ആന്റ് ഷെയിഡുകൾ കൊണ്ടുള്ള കളിയായിരുന്നു. ഭ്രമയുഗം എങ്ങനെ വേണമെന്ന് രാഹുൽ പറഞ്ഞിരുന്നു. രണ്ടരമണിക്കൂർ ആളുകൾ ഇത് എങ്ങനെ സ്വീകരിക്കും എന്ന കാര്യത്തിൽ യഥാർത്ഥത്തിൽ വലിയ ആശങ്കയുണ്ടായിരുന്നു. തുടർന്ന് ആദ്യം ടെസ്റ്റ് ഷൂട്ട് ചെയ്യുകയും വലിയ സ്ക്രീനിൽ സ്റ്റുഡിയോയിൽ കാണുകയും ചെയ്തു. അപ്പോഴാണ് എല്ലാവർക്കും ആത്മവിശ്വാസം വന്നത്. ഫൈനൽ ഫ്രിന്റ് എടുത്ത് കണ്ടപ്പോൾ വലിയ സംതൃപ്തി ഉണ്ടായി. വേറെ ഒരു നിറവും ഇല്ല. കറുപ്പും വെളുപ്പും മാത്രം. ആ രണ്ട് കളർ വച്ച് ഒരു വിഷ്വൽ കമ്മ്യൂണിക്കേഷനായിരുന്നു വേണ്ടത്. ദൃശ്യങ്ങളുടെ ഡിറ്റൈയിൽ ഉണ്ടാകണം എന്നാൽ അത് കൂടുകയും കുറയുകയും ചെയ്യരുത്. കളർ ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായത് രാത്രി ദൃശ്യങ്ങളായിരുന്നു. മഴയുള്ള ദൃശ്യങ്ങൾ കളർ ചെയ്യുന്ന സമയത്ത് വെല്ലുവിളി കൂടും. പകൽ ഷൂട്ട് ചെയ്തിരിക്കുന്ന ചില രാത്രി ദൃശ്യങ്ങൾ പ്രത്യേകിച്ച് തുടക്കത്തിലെ ദൃശ്യങ്ങൾ, അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത്. സിനിമ തുടങ്ങുന്നത് ആ ഷോട്ടുകളിലാണ്, ദൃശ്യങ്ങൾ നരച്ച് പോകാൻ പാടില്ല. എന്നാൽ ഇരുണ്ട് പോകുകയും ചെയ്യരുത്. അങ്ങനെ പലതരത്തിൽ വലിയ ആശങ്കയോടെ തുടങ്ങിയ ചിത്രമാണ് ഇത്. കാതൽ കഴിഞ്ഞുള്ള മമ്മൂട്ടിയുടെ അടുത്ത പടം എന്ന നിലയിൽ ആളുകൾക്ക് നല്ല പ്രതീക്ഷ ഉണ്ട്. അത്തരത്തിലൊരു സിനിമ എന്റെ ഒരു പിഴവ് കൊണ്ട് പാളി പോകരുത് എന്ന ചിന്തയിലായിരുന്നു വർക്ക് ചെയ്തത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടി കൂടുതൽ പരിശ്രമിച്ചിട്ടുണ്ട് എന്ന ലിജു ഓർക്കുന്നു.
സമീപ കാലത്ത് മമ്മൂട്ടിക്കൊപ്പം രണ്ട് വ്യത്യസ്ത ചിത്രങ്ങളിൽ പ്രവർത്തിച്ചു. കാതലും ഭ്രമയുഗവും, കാതലിൽ നിന്ന് ഭ്രമയുഗത്തിലേയ്ക്കുള്ള ഷിഫ്റ്റ് ഭയങ്കരമായിരുന്നു. ഒന്നിൽ മമ്മൂട്ടി കളറിൽ, ഒന്നിൽ ബ്ലായ്ക്ക് ആൻഡ് വൈറ്റിൽ. ആ ഷിഫ്റ്റ് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയില്ല. എന്നാൽ ഇപ്പോൾ ഭ്രമയുഗം കളറിൽ ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഭ്രമയുഗം ഷൂട്ട് ചെയ്തത് കളറിലായിരുന്നു. എഡിറ്ററും ഡയറക്ടറും കണ്ടു കഴിഞ്ഞാൽ ഭ്രമയുഗം ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് ഞാനായിരിക്കും. എന്നാൽ ഓരോ പ്രാവശ്യം കാണുമ്പോഴും വളരെ പുതിയ കാഴ്ചാനുഭവമാണ് ലഭിക്കുന്നത്. മമ്മൂക്കയുടെ ഇൻട്രോ സീനാണ് സിനിമയിൽ ഏറ്റവും അടിപൊളിയായിട്ട് തോന്നിയത്. ആ സീനിൽ ലൈറ്റ് ആൻഡ് ഷെയ്ഡിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഏറ്റവും വെല്ലുവിളി നിറഞ്ഞതായി തോന്നിയത് മനയുടെ മച്ചിന്റെ പുറത്ത് സിദ്ധർഥും അർജുൻ അശോകനുമായുള്ള സീനുകളായിരുന്നു. മാത്രമല്ല ചിത്രത്തിൽ കാണിക്കുന്ന രാത്രി ദൃശ്യങ്ങൾ എല്ലാം തന്നെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
ഇപ്പോൾ മലയാള സിനിമയിൽ പ്രീ പ്രൊഡക്ഷൻ സമയത്തു തന്നെ കളറിസ്റ്റുകളുടെ ഇടപെടലുണ്ടാകുന്നുണ്ട്. മുമ്പ് അത് ഹോളിവുഡിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ അത് ബോളിവുഡിലും ഇപ്പോൾ ആ ട്രെൻഡ് മലയാളത്തിലും വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുമ്പോൾ സിനിമ കുറച്ചുകൂടി മികച്ചതാകുമെന്ന് ലിജു പറയുന്നു. ഭ്രമയുഗത്തിന്റെ ഷൂട്ടിങ്ങ് സമയം ലൊക്കേഷനിൽ ഒരു പ്രാവശ്യമാണ് പോയിട്ടുള്ളത്. സിനിമാറ്റോഗ്രാഫറുമായി ഒരു റാപ്പോ ഉള്ളതുകൊണ്ട് ആശയവിനിമയം ക്യത്യമായിരുന്നു എന്ന് ലിജു ഓർക്കുന്നു. ഇപ്പോൾ ആളുകൾ ഒടിടിയിൽ ധാരാളം സിനിമ കാണാൻ തുടങ്ങി. ഒടിടി സിനിമകൾക്ക് കളർ ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. ഓരോ ഫോണിലും കാണുന്ന കളറിന് വ്യത്യാസമുണ്ട്. ഐഫോണിൽ കാണുന്നത് പോലെയല്ല സാംസങ്ങിൽ കാണുന്നത്. ഭ്രമയുഗം കളർ ചെയ്തിരിക്കുന്നത് ഡാവിഞ്ചിറി സോൾവ് എന്ന സോഫ്റ്റവെയറിലാണ്.
ഹൃദയവും ഭൂതകാലവും ഒരേദിവസമായിരുന്നു റീലിസ് ചെയ്തത്. ഭൂതകാലത്തിൽ വർക്ക് ചെയ്യുമ്പോൾ പ്രത്യേകിച്ച് അവസാന അരമണിക്കൂർ വളരെ ട്രിക്കിയായിരുന്നു. ഒരു സയൻ, ബ്ലൂ ടോണാണ് കൊടുത്തത്. ഹൃദയത്തിൽ കുറച്ചുകൂടി കളർഫുള്ളായിരുന്നു. ഹൃദയവും ഭൂതകാലവും ഒന്നരദിവസം കൂടുമ്പോൾ മാറി മാറി സ്വച്ച് ചെയ്യുന്നുണ്ടായിരുന്നു.സാധാരണ ഒരു സിനിമ കളർ ചെയ്ത് തീർക്കാൻ ഒരു മാസമാണ് എടുക്കുക. എന്നാൽ ഭ്രമയുഗം കുറച്ച് അതികസമയം എടുത്തിരുന്നു. ചുരുളിയും കുറെ സമയം എടുത്ത് വർക്ക് ചെയ്ത സിനിമയാണ്. ചുരുളി എന്റെ ഹൃദയത്തോട് അടുത്തുനിൽക്കുന്ന ചിത്രമാണ്. മികച്ച കളറിസ്റ്റിനുള്ള സംസ്ഥാന അവാർഡ് വാങ്ങി തന്ന ഒരു സിനിമ കൂടിയാണ്. ചുരുളിയിൽ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു, സാധാരണ കാണുന്ന പച്ചപ്പായിരുന്നില്ല അതിലെന്ന് ലിജു ഓർക്കുന്നു.
ഐഫോണിൽ ഷൂട്ട് ചെയ്ത കയറ്റം എന്ന സിനിമയ്ക്കും മികച്ച കളറിസ്റ്റിനുള്ള സംസ്ഥാന അവാർഡ് ലിജുവിനെ തേടിയെത്തിയിരുന്നു. ലിജു പ്രഭാകർ കളറിസ്റ്റ് എന്ന പേര് ആദ്യമായി വലിയ സിനിമയിൽ ഓപ്പണിങ്ങിൽ വന്നത് ബോളിവുഡിൽ കരൺ ജോഹറിന്റെ സ്റ്റുഡൻസ് ഓഫ് ദ ഇയർ ആയിരുന്നപ്പോഴാണ്. പിന്നീട് ത്രീ ഇഡിയറ്റ്സിലെ ടെലി സിനി കളറിസ്റ്റായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലയാളത്തിൽ ഇനിയും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ലിജു പറയുന്നു. ഭ്രമയുഗത്തിന് മുമ്പ് 1956 മധ്യതിരുവിതാംകൂർ എന്ന പേരിൽ ലിജു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ചെയ്തിരുന്നു. പാരഡൈസ് എന്ന് പേരിൽ ഒരു ശ്രീലങ്കൻ സിനിമയും ചെയ്തിട്ടുണ്ട്. എന്നാൽ ഏറ്റവും പ്രിയപ്പെട്ടത് പ്രാഗ് എന്ന പേരിൽ 2011 റിലീസ് ചെയ്ത് തന്റെ ആദ്യത്തെ സിനിമയാണ് എന്ന് ലിജു പറയുന്നു. അഞ്ചാംപാതിര, 12TH മാൻ, നേരം, എന്നതാൻ കേസ് കൊട് തുടങ്ങിയവയെല്ലാം ലിജുവിന്റെ പ്രിയപ്പെട്ട സിനിമകളിൽ ചിലതാണ്. ലിജുവിനൊപ്പം ഏഴുപേരുടെ ഒരു ടീമാണ് ഉള്ളത്. ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ഇത് എല്ലാവരുടെയും കൂടെ ഒരു പരിശ്രമമാണ് എന്ന് ലിജു പറയുന്നു. വിഷുവിന് രണ്ട് സിനിമകൾ കൂടി ലിജുവിന്റെതായി വരാനുണ്ട്. കൂടാതെ ശരത് കുമാറിന്റെ ഒരു തമിഴ് സിനിമയുണ്ട്. രണ്ട് വെബ്സീരിസുകളും വരാനുണ്ട്. ഒരു പഞ്ചാബി ഫിലിം ചെയ്തിട്ടുണ്ട്.