
കാവ്യഗുണത്രയമായി കരുതപ്പെടുന്നത് പ്രസാദം, മാധുര്യം, ഓജസ്സ് എന്നിവയാണ്. അതിനാല്തന്നെ മലയാളക്കരയ്ക്ക് ലഭിച്ച മഹാകവികളിൽ മുമ്പനാണ് ശ്രീകുമാരൻതമ്പി. മലയാളികൾക്ക് ഏറ്റവുമധികം ഓണപ്പാട്ടുകൾ സമ്മാനിച്ച കവി കൂടിയാണ് ശ്രീകുമാരൻതമ്പി.
സമൃദ്ധവും ഐശ്വര്യപൂർണവുമായ ഒരു ഓണപ്പാട്ടുകാലം നമുക്കുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ സാംസ്കാരിക ഐക്യത്തിന്റെ കുടക്കീഴിൽ വർഷത്തിൽ ഒരിക്കലെങ്കിലും ഒന്നായിച്ചേരുന്നുവെങ്കിൽ അത് ഓണക്കാലമാണ്. അതുകൊണ്ടുതന്നെ ഓണപ്പാട്ടുകൾ മലയാളത്തിന്റെ സാംസ്കാരികമുദ്രകളായി മാറുന്നു.
“മുത്തേ നമ്മുടെ മുറ്റത്തും മുത്തുക്കുടകളുയർന്നല്ലോ…”,”പൂവണി പൊന്നിൻചിങ്ങം…”,”പൂവിളി പൂവിളി പൊന്നോണമായി…”, “തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ…” എന്നിവയൊക്കെ ഓണവുമായി ബന്ധപ്പെട്ട് ശ്രീകുമാരൻതമ്പി രചിച്ചിട്ടുള്ള ചില സിനിമാഗാനങ്ങളാണ്. ഇവയെല്ലാം മലയാളസിനിമാഗാനലോകത്തെ എക്കാലത്തെയും ഹിറ്റുകളിൽപ്പെടുന്നു. എന്നാൽ ഈ കവിയുടെ തൂലികയിൽനിന്നു വിരിഞ്ഞ ഓണപ്പാട്ടുകളുടെ സൗന്ദര്യം സിനിമാഗാനലോകത്തിന്റെ സീമകൾക്കുമപ്പുറത്തേക്ക് പീലി വിടർത്തി നിൽക്കുന്നുവെന്നതാണ് കൗതുകകരം.
1969 ൽ മധുരഗീതങ്ങൾ എന്ന പേരിൽ എച്ച്.എം.വി. പുറത്തിറക്കിയ ഓണപ്പാട്ടുകളുടെ കാസറ്റിൽ ശ്രീകുമാരൻതമ്പി രചിച്ച് വി.ദക്ഷിണാമൂർത്തി സംഗീതം പകർന്ന് യേശുദാസ് ആലപിച്ച പന്ത്രണ്ട് പാട്ടുകളാണ് ഉണ്ടായിരുന്നത്. അവയിൽ ആറെണ്ണവും തമ്പി കോളേജ് പഠനകാലത്ത് എഴുതിയവയായിരുന്നു. ഈ പാട്ടുകളൊക്കെ സൂപ്പർഹിറ്റുകൾ ആയതോടെ 1970 ൽ ‘മധുരഗീതങ്ങൾ’ വീണ്ടും പുറത്തുവന്നു. പിന്നീട്, 1972 ൽ പന്ത്രണ്ടു പാട്ടുകളുമായി മധുരഗീതങ്ങൾ 2 എച്ച്.എം.വി. തന്നെ പുറത്തിറക്കിയെങ്കിലും അവയിൽ ആറെണ്ണത്തിന്റെ രചന മാത്രമേ തമ്പി നിർവഹിച്ചിരുന്നുള്ളൂ. ആ ആറിൽ, മൂന്നു പാട്ടുകൾക്ക് ദക്ഷിണാമൂർത്തിയും ബാക്കി മൂന്നെണ്ണത്തിനു എം.എസ്. ബാബുരാജും ഈണം നൽകി. ശ്രീകുമാരൻതമ്പി രചിച്ച ഓണപ്പാട്ടുകളെല്ലാം ആസ്വാദകലോകം ശരിക്കും നെഞ്ചേറ്റിയവയായിരുന്നു. അവയുടെ വില്പനസാധ്യത കണ്ടെത്തിയ കമ്പനി പിന്നീട് അദ്ദേഹത്തിന്റെ ഈ പതിനെട്ടു പാട്ടുകൾ മാത്രമെടുത്ത് Sheer Magic എന്ന ഇംഗ്ലീഷ് ടൈറ്റിലോടെ ലോകമെമ്പാടും വില്പന നടത്തി. അതിനുശേഷം “എന്നും മധുരം” എന്ന് മലയാളത്തിൽ ടൈറ്റിൽ ഇട്ട് കമ്പനി അതൊക്കെ വീണ്ടും വിറ്റു കാശാക്കി. ഇവിടെ ശ്രീകുമാരൻതമ്പിയുടെ വാക്കുകളെടുത്താൽ,”ഈ പാട്ടുകളെല്ലാം പാടിയ യേശുദാസിന് കമ്പനി നൽകിയത് റോയൽറ്റിയായിരുന്നുവെങ്കിൽ ആ മധുരഗാനങ്ങൾ സൃഷ്ടിച്ച ഗാനരചയിതാവിനും സംഗീതസംവിധായകനും തുച്ഛമായ ഒരു തുകയാണ് പ്രതിഫലമായി നൽകിയത്”. ഇവരുടെ ഓണപ്പാട്ടുകൾ വെച്ച് സത്യത്തിൽ ഓരോ വർഷവും ഓണമാഘോഷിച്ചത് കാസറ്റ് കമ്പനിയായിരുന്നു.
പിന്നീട് ശ്രീകുമാരൻതമ്പി ഓണപ്പാട്ടുകളെഴുത്തുന്നത് യേശുദാസിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ തരംഗിണി കമ്പനിക്കു വേണ്ടിയായിരുന്നു. അങ്ങനെ തമ്പിയുടെ രചനയിൽ രവീന്ദ്രൻ ഈണം പകർന്ന “ഉത്സവഗാനങ്ങൾ” യേശുദാസ് പാടി 1983 ൽ പുറത്തുവന്നു. അതിന്റെ വിജയത്തെ തുടർന്ന് ഇതേ ടീം 1985 ൽ “ഉത്സവഗാനങ്ങൾ 2” പുറത്തിറക്കി. പിന്നീട് 1992 ൽ “പൊന്നോണതരംഗിണി” എന്ന പേരിൽ ഓണപ്പാട്ടുകളുമായി ഇവർ വീണ്ടും ഒത്തുചേർന്നു. ആദ്യകാലത്ത് യേശുദാസ് എന്ന ഗായകന്റെ ശബ്ദത്തിനുള്ള വില്പനസാധ്യത കണ്ടെടുക്കുന്നതിൽ ചെറുതല്ലാത്ത പങ്കാണ് ഈ ഓണഗാനങ്ങൾക്കുള്ളത്.
പ്രണയവും വിരഹവും ഉത്സവവും മനുഷ്യബന്ധങ്ങളുടെ ഒത്തുകൂടലുകളും വേർപാടുകളുമെല്ലാം ശ്രീകുമാരൻതമ്പിയുടെ ഓണപ്പാട്ടുകൾക്ക് വ്യത്യസ്തതകൾ സമ്മാനിക്കുന്ന ഭാവവികാരങ്ങളാണ്. പ്രണയം ഉത്സവമാണ്. ഓണവും ഉത്സവമാണ്. യൗവ്വനത്തിന്റെ ഉത്സവമാണ് പ്രണയം. അത് നല്ല രീതിയിലും ദുഃഖത്തിലും അവസാനിക്കാം. ആ തീരുമാനം പ്രകൃതിയുടേതാണ്. പക്ഷേ, പ്രണയിക്കുമ്പോൾ ഇതൊന്നുമറിയാതെ എല്ലാവരും ഉത്സവത്തിമർപ്പിലാണ്. അവർ പ്രണയത്തെ ഓണം പോലെ ആഘോഷിക്കുന്നു. അതുകൊണ്ടാണ് ഓണവും പ്രണയവും ബന്ധപ്പെടുന്നത്. ഇവ രണ്ടിലും ഉത്സവമുണ്ട്. ഓണത്തിന്റെ ഉത്സവവും പ്രണയത്തിന്റെ ഉത്സവവും ഗാനങ്ങളിൽ ചേർത്തുവെച്ചതുകൊണ്ടാണ് തന്റെ ഓണപ്പാട്ടുകൾ ഇത്ര ഹിറ്റുകളായിത്തീർന്നതെന്ന് ശ്രീകുമാരൻതമ്പി വിശ്വസിക്കുന്നു. മലയാളിസമൂഹത്തിലെ കൂട്ടുകുടുംബ വ്യവസ്ഥയാണ് ഓണത്തെ ശരിയായ അർത്ഥത്തിൽ ആഘോഷിച്ചിട്ടുള്ളതെന്നും ഈ കവി സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.”തുയിലുണരൂ തുയിലുണരൂ തുമ്പികളെ…”എന്ന ഗാനം രചിച്ചുകൊണ്ടാണ് തമ്പി ഓണപ്പാട്ടെഴുത്തിന് ഹരിശ്രീ കുറിച്ചത്. അതിനുശേഷം എത്രയെത്ര വ്യത്യസ്താനുഭൂതികൾ ഹൃദയങ്ങളിൽ നിറയ്ക്കുന്ന ഓണപ്പാട്ടുകൾക്കാണ് അദ്ദേഹം ജന്മം നൽകിയത്! നമ്മുടെ ജീവിതാനുഭവങ്ങളുമായി ചേർത്തുകൊണ്ടുമാത്രം കേൾക്കാൻ കഴിയുന്ന ഗാനങ്ങളാണ് അവയെല്ലാം. ഓരോ സമയത്തും വ്യത്യസ്തമായ സൗന്ദര്യാനുഭവങ്ങളുടെ വർണ്ണങ്ങൾ ചാലിച്ചു കേട്ടാസ്വദിക്കാനാവുന്ന വ്യാഖ്യാനതലങ്ങളും ഈ ഗാനങ്ങൾക്കുണ്ട്. “എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നു…” എന്ന ഗാനം യൂട്യൂബിൽ തിരഞ്ഞാൽ വൈവിധ്യമുള്ള കാഴ്ച്ചാരസങ്ങൾ സമ്മാനിക്കുന്ന പല ലിങ്കുകളും നമുക്ക് കാണാം. മധുബാല, നർഗീസ്, നൂതൻ, ഹേമമാലിനി, ഡിമ്പിൽ കപാഡിയ, സാധന, നന്ദ, മാല സിൻഹ, രേഖ, ബി സരോജദേവി, ശാരദ തുടങ്ങിയ ഇന്ത്യൻ സിനിമാലോകത്തെ താരസുന്ദരികളുടെ പ്രസന്നവദനങ്ങൾ മാറി മാറി വരുന്നു ഒരു ലിങ്കിൽ. മറ്റൊന്നിലാകട്ടെ ഉദിച്ചുയരുന്ന സൂര്യന്റെ പൊട്ടിച്ചിരിയാണ് ആദ്യാവസാനം നാം കാണുന്നത്. ഇനിയൊന്നിൽ മലമുകളിൽ നിന്നുള്ള കാഴ്ചയിൽ സൂര്യദേവന്റെ മനോഹരമായ പുഞ്ചിരി ഗാനം തീരുവോളം നമുക്കു കാണാം. ഈ പാട്ടിന്റെ കരോക്കെ കേട്ടാൽ ഒപ്പം സൂര്യകിരണങ്ങളേറ്റു ചിരി വിടർത്തുന്ന മഴവില്ലിന്റെ മനോഹരദൃശ്യവും കാണാം. പാട്ടിന്റെ കവിതാംശത്തെ പകർത്തുന്ന ചിത്രീകരണങ്ങളാണ് ഇവയെല്ലാമെന്നതുകൊണ്ടുതന്നെ ഇതെല്ലാം പാട്ടെഴുതിയ കവിയ്ക്കുള്ള സമ്മാനങ്ങളാണെന്നത് എടുത്തു പറയേണ്ടതില്ലല്ലോ.
തമ്പിയെന്ന കവിയുടെ കരവിരുതറിയാൻ മറ്റൊരു ഗാനം കേൾക്കുക. “ഉത്രാടപ്പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ ഇത്തിരി പാൽ ചുരത്താൻ വാ വാ വാ…”എന്ന ഗാനം, ദരിദ്രന്റെ ഓണസുവിശേഷം മാത്രമല്ല മറ്റൊരു വ്യാഖ്യാനതലമുള്ള കവിത കൂടിയാണ്. “നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നാലഞ്ചു തുമ്പകൊണ്ട് മാനത്തൊരു പൊന്നോണം…” എന്ന പാട്ടിൽ പി. ഭാസ്കരനെന്ന മഹാനായ കാല്പനികകവി പാൽനിലാവിൽ മാനത്ത് നക്ഷത്രപ്പൂക്കളം തീർത്ത് ഓണമാഘോഷിച്ചപ്പോൾ ഉത്രാടരാത്രിയിൽ കണ്ട ആ പാൽനിലാവിനോട് ഇവിടത്തെ ദരിദ്രന്റെ വാടിയ പൂവണിയിലിത്തിരി പാൽ ചുരത്താനാവശ്യപ്പെട്ട് “ഉത്രാടപ്പൂനിലാവേ വാ…”എന്ന പാട്ടിലൂടെ ശ്രീകുമാരൻതമ്പിയെന്ന മഹാകവി ഈ ഭൂവിൽ ഓണം മാവേലിനാടിന്റെ സാംസ്കാരികമുദ്രയാണെന്ന സത്യത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു. ആദ്യത്തേതിൽ കവിത കാല്പനികമാവുമ്പോൾ അടുത്തതിൽ കവിത യാഥാർഥ്യമായിത്തീരുന്നുവെന്ന വ്യത്യാസമാണുള്ളത്.
“മുടിപ്പൂക്കൾ വാടിയാലെന്തോമനെ നിന്റെ ചിരിപ്പൂക്കൾ വാടരുതെന്നോമനെ…”എന്ന ഗാനത്തിലൂടെ കവി പറയാനുദ്ദേശിക്കുന്നത് ഓണം ഓരോ വ്യക്തിക്കും മനസിന്റെ ആഘോഷം കൂടിയാണെന്നാണ്. കേവലം ഭൗതികവും ലൗകികവുമായ ഭോഗസുഖങ്ങൾകൊണ്ട് ഓണം നമുക്ക് ആഘോഷിക്കാനാവില്ലെന്നും മനസിന്റെ പവിത്രതയും ലാളിത്യത്തിന്റെ ആഭരണങ്ങളുമാണ് ഈ ആഘോഷത്തെ സംസ്കാരസമ്പന്നമാക്കുന്നത് എന്ന സന്ദേശത്തെ ഈ ഗാനത്തിന്റെ വരികൾ ഓർമ്മപ്പെടുത്തുന്നു.”നിലയ്ക്കാത്ത ധനമെന്തിന്നോമനെ നിന്റെ മടിയിലെൻ കണ്മണികളില്ലയോ”എന്ന വരി ഈ ഗാനത്തെ കൂടുതൽ വൈകാരികതീവ്രമാക്കുന്നു. ഈ രീതിയിൽ ചിന്തിച്ചാൽ ബഹുമുഖമായ ആശയാവിഷ്കാരങ്ങളാണ് ശ്രീകുമാരൻതമ്പിയുടെ ഓണപ്പാട്ടുകളെന്ന് നമുക്ക് മനസിലാക്കാൻ കഴിയും.”പൂക്കളം കാണുന്ന പൂമരം പോലെ നീ പൂമുഖത്തിണ്ണയിൽ നിന്നു…”,” ഒരു നുള്ളു കാക്കപ്പൂ കടം തരുമോ…”,”ഒരു സ്വരം മധുരതരം…”,”എന്തും മറന്നേക്കാം എങ്കിലും ആ രാത്രി എന്നെന്നും ഓർമിക്കും ഞാൻ…”തുടങ്ങിയ ഓണപ്പാട്ടുകളിലെല്ലാം ഈ കവിയുടെ തനതായ ദാർശനികമുദ്രകൾ പതിഞ്ഞിട്ടുണ്ടെന്നു കണ്ടെത്താനാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Content Highlights: Write Up On Sreekumaran Thampi By Ramesh Gopalakrishnan