
സ്റ്റാന്‍ഡ് അപ് കൊമേഡിയനും നടനുമായ അനുഭവ് സിങ് ബസിയുടെ ലഖ്നൗവിലെ ഷോകള്‍ റദ്ദാക്കി. യു.പി. പോലീസ്, ക്രമസമാധാന പ്രശ്നങ്ങള്‍ക്കുള്ള സാധ്യത ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണിത്. ശനിയാഴ്ച ഗോമതി നഗറിലെ ഇന്ദിരാ ഗാന്ധി പ്രതിഷ്ഠാനില്‍ മൂന്നരയ്ക്കും ഏഴുമണിക്കുമായിരുന്നു ഷോകള്‍ നടക്കേണ്ടിയിരുന്നത്.
പരിപാടിയില്‍ സ്ത്രീകള്‍ക്കു നേരെ അന്തസില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് യു.പി. വനിതാ കമ്മിഷന്, ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. അനുഭവ്, ഷോകളില്‍ മോശം ഭാഷയും ഉള്ളടക്കവും ഉപയോഗിക്കുന്നെന്ന ആരോപണവും കമ്മിഷന് ഉപാധ്യക്ഷ അപര്‍ണ യാദവ്, പോലീസിന് നല്കിയ കത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടിക്ക് നിരാക്ഷേപ പത്രം (എന്‍.ഒ.സി.) നല്‍കാതിരുന്നതെന്ന് വിഭൂതി ഖണ്ഡ് എ.സി.പി. രാധാ രമണ്‍ സിങ് പറഞ്ഞു. പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലഹാബാദിയയുടെ പരാമര്‍ശം വിവാദമാവുകയും രാജ്യവ്യാപക വിമര്‍ശനത്തിന് തിരികൊളുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനെതിരേ സംഘങ്ങളുടെയോ നഗരത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെയോ പ്രതിഷേധമുണ്ടാകാനിടയുണ്ട്. ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ലോക്കല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ട് പോലും അദ്ദേഹത്തിന്റെ ഷോയ്ക്ക് അനുകൂലമായിരുന്നില്ല, രാധാ രമണ്‍ സിങ് പറഞ്ഞു.
മീററ്റ് സ്വദേശിയായ അനുഭവ്, ലഖ്നൗവിലെ റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്. 2017-ലാണ് സ്റ്റാന്‍ഡ് അപ് കോമഡിയിലേക്ക് കടക്കുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായ തു ഝൂട്ടി മേം മക്കാര്‍ എന്ന സിനിമയില്‍ ശ്രദ്ധേമായ വേഷം കൈകാര്യം ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]