
സംഗീതസംവിധാനരംഗത്തെ അതുല്യപ്രതിഭയായിരുന്നു ആര്.ഡി. ബര്മന്. ഒമ്പതാം വയസില്‍ സംഗീതരംഗത്തേക്ക് ചുവടുവെച്ച ബര്മന് പിന്നീട് പതിറ്റാണ്ടുകളോളം സംഗീതപ്രേമികളെ വിസ്മയിപ്പിച്ചു. ജീവിതയാത്രയില്‍ ഗായിക ആശാ ഭോസ്ലെയെ ഒപ്പം കൂട്ടി. 54-ാം വയസിലാണ് അദ്ദേഹം ലോകത്തോട് വിടപറയുന്നത്. ഇപ്പോഴിതാ ബര്‍മനുമൊത്തുള്ള നിമിഷങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഗായിക. അടുത്തിടെ ഒരു പോഡ്കാസ്റ്റിലാണ് ആശാ ഭോസ്ലെയുടെ പ്രതികരണം. ബർമന് സംഗീതം മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതായിരുന്നുവെന്ന് പറഞ്ഞ ഗായിക മരിക്കുന്നതുവരെ പാടണമെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേർത്തു.
പ്രശസ്ത സംഗീതസംവിധായകനാണെന്നുള്ള കാര്യം പോലും അദ്ദേഹത്തിന് അറിയില്ല. അദ്ദേഹം സംഗീതമുണ്ടാക്കുന്നുവെന്നുമാത്രം.അതിന്റെ ഒരു ഈഗോയും ഇല്ല. ആളുകള്‍ പണത്തിനായി മരിക്കുന്ന കാലമാണിത്. എന്നാല്‍ ഒരു ഡയമണ്ട് നല്കിയാല് പോലും ഈ കല്ലിന് പകരം ഒരു മികച്ച ഗാനം റെക്കോഡ് ചെയ്യൂ എന്ന് അദ്ദേഹം പറയും. ഡയമണ്ടിനേക്കാളും വിലപിടിപ്പുള്ളതാണ് അത്. – ആശ പറഞ്ഞു.
അദ്ദേഹത്തിന്റെ അഭാവത്തില്‍ സ്റ്റേജുകളില്‍ ഗാനം ആലപിക്കുന്നത് വൈകാരികമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സ്റ്റുഡിയോയില്‍ സംഗീതസംവിധായകന്റെ സാന്നിധ്യത്തില്‍ പാടുന്നത് എളുപ്പമാണ്. ഇപ്പോള്‍ അദ്ദേഹമില്ല. സ്റ്റേജുകളില്‍ പാടുമ്പോള്‍ വൈകാരികത കടന്നുവരും. ശബ്ദം ഇടറും. പ്രേക്ഷകര്‍ക്ക് അത് ബന്ധപ്പെടുത്താനാകുമെന്നും അവര്‍ പറഞ്ഞു.
അവസാനശ്വാസം വരെ പാടണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും ആശാ ഭോസ്ലെ കൂട്ടിച്ചേര്‍ത്തു. ഒരു അമ്മയുടെ ആഗ്രഹമെന്താണ്? മക്കള്‍ നന്നായിരിക്കണമെന്നാണ്. മുത്തശ്ശിയുടെയോ? പേരക്കുട്ടികള്‍ സന്തോഷത്തോടെ ഇരിക്കണമെന്നാണ്. എന്റെ ഒരേയൊരു ആഗ്രഹം പാടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മരിക്കണം എന്നുള്ളതാണ്. എന്നെ സംബന്ധിച്ച് ഇനിയൊന്നും പഠിക്കാനില്ല. ജീവിതകാലം മുഴുവന്‍ ഞാന്‍ ആലപിച്ചു. മൂന്നാം വയസില്‍ ക്ലാസിക്കല്‍ സംഗീതം പഠിച്ച ഞാന്‍ 82 വര്‍ഷമായി പിന്നണിഗാനരംഗത്ത്. – ആശാ ഭോസ്ലെ പറഞ്ഞു
1980-ലാണ് ആശാ ഭോസ്ലെയും ബർമനും വിവാഹിതരാകുന്നത്. എന്നാൽ ഇരുവർക്കും വിവാഹജീവിതത്തില്‍ പൊരുത്തപ്പെട്ട് പോകാനായിരുന്നില്ല. ബര്‍മന്റെ അമിത മദ്യപാനവും പുകവലിയും അവരുടെ ബന്ധത്തില്‍ വില്ലനായി. അകന്നു താമസിക്കാന്‍ തുടങ്ങി. ഇതൊന്നും അവര്‍ക്കിടയിലെ ബഹുമാനവും ആരാധനയും ഇല്ലാതാക്കിയില്ല. അവര്‍ ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ടായിരുന്നു. ബര്മന് തളര്ന്നുവീണെന്ന് ബര്‍മന്റെ ജോലിക്കാരന് ആദ്യം വിളിച്ചറിയിച്ചതും ആശയെയാണ്. ആശയും മകനുമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ, മരണത്തെ തടുക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് 54-ാം വയസ്സില്‍ ബര്മന് അന്തരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]