
പൈങ്കിളിയിലെ കുഞ്ഞായിയായി കൈയ്യടി നേടുകയാണ് ചന്തു സലിംകുമാര്‍. ആദ്യമായി ചെയ്യുന്ന മുഴുനീളന്‍ കഥാപാത്രത്തിന്റെ വിശേഷങ്ങളും സിനിമാമോഹങ്ങളും ചന്തു പങ്കുവെയ്ക്കുന്നു.
ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി പൈങ്കിളിയില് കുറച്ച് ലൗഡ് ക്യാരക്ടര്‍ ആണ്. അഭിനയിച്ചുഫലിപ്പിക്കുക അത്ര എളുപ്പമായിരുന്നോ?
പഴയ നമ്മുടെ സിനിമകളെല്ലാം വളരെ ലൗഡ് ആയിരുന്നു. ഇടയ്ക്ക് പരീക്ഷണസിനിമകള്‍ എത്തിയതോടെ റിയലിസ്റ്റിക്കായി. ലൗഡ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. നമ്മള് നന്നായി അഭിനയിച്ച് ഫലിപ്പിക്കുകതന്നെ വേണം. അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് അത് ബോറടിയാകും. പൈങ്കിളിയുടെ മൊത്തത്തിലുള്ള സ്വഭാവം ലൗഡ് ആണ്. എല്ലാവരും കുറച്ച് ഓവര്‍ ആയിട്ടാണ് ചെയ്തിരിക്കുന്നത്.
ചെറുതായി ഒന്ന് വീഴുന്നതിനുപകരം കമിഴ്ന്നടിച്ചു വീഴുന്ന ശൈലി. കുറച്ചുകാലമായി മലയാളത്തില്‍ ഇത്തരത്തിലുള്ള സിനിമ വന്നിട്ട്. പൈങ്കിളിയില് ഉപയോഗിച്ചിരിക്കുന്ന പല ഡയലോഗുകളും നമ്മള് നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സിനിമാ ഡയലോഗുകള്‍ തന്നെയാണ്. ഒരുകണക്കിന് പറഞ്ഞാല്‍ പൈങ്കിളി ഒരു സ്പൂഫ് കൂടിയാണ്. അച്ഛന് ഉള്‍പ്പെടെയുള്ള ജനറേഷന് ചെയ്ത വേഷങ്ങളെല്ലാം ലൗഡ് ആയിരുന്നു. അതുകൊണ്ടുതന്നെ ട്രെയിലര്‍ കണ്ടതിനുശേഷം സംഭവം കൊള്ളാം എന്നായിരിന്നു അദ്ദേഹം പറഞ്ഞത്. പിന്നെ ചലഞ്ചുകള്‍ ഏറ്റെടുക്കുമ്പോഴാണല്ലോ നമ്മളിലെ നടന് നന്നാവുക.
കുഞ്ഞായിയിലേക്കും പൈങ്കിളിയിലേക്കും എത്തിയത് എങ്ങനെയായിരുന്നു?
സ്ക്രിപ്റ്റ് എഴുതിയ ജിത്തു മാധവനാണ് എന്നോട് കഥ പറയാന്‍ വന്നത്. കഥ മുഴുവന്‍ പറഞ്ഞുകഴിഞ്ഞിട്ടാണ് കുഞ്ഞായി നീ എന്ന് പറയുന്നത്. ആവേശം ടീമിന്റെ ഭാഗമായിരുന്ന ഒട്ടേറെ പേര് പൈങ്കിളിയിലും ഉണ്ട്. അവര്‍ക്ക് ശരിക്കും ഒരു റീയൂണിയന് പോലെയായിരുന്നു സെറ്റ്. ഞാനാണ് പുതിയതായി ചെന്നയാള്‍. എന്നാല്‍, ഇവരെല്ലാം എന്റെ സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെ സെറ്റൊരു ഓളം ആയിരുന്നു. സിനിമപോലെത്തന്നെ ചിരിയും ക്രിഞ്ച് ഡയലോഗുകളും ഒക്കെ. കംഫര്‍ട്ട് ആയ ഒരു ടീം ആയതുകൊണ്ട് നമ്മള്‍ക്ക് ഏതു മീറ്ററും പെര്‍ഫോം ചെയ്യാം.
ചിലതൊക്കെ ൈകയില്നിന്നിടാം. അതിനെല്ലാം സംവിധായകന് ശ്രീജിത്ത് ബാബു ഫുള്‍ സപ്പോര്‍ട്ട് ആയിരുന്നു. കുഞ്ഞായി വളരെ വ്യത്യസ്തനാണ്. സജിന്‍ ഗോപു ചെയ്ത സുകു എന്ന കഥാപാത്രത്തിന്റെ ഉറ്റ കൂട്ടുകാരന്. ’90കളില്‍ ജനിച്ചെങ്കിലും 2കെ കിഡിന്റെ സ്വഭാവം. സുകുവിന് കൂട്ടായി എപ്പോഴും കുഞ്ഞായി ഉണ്ടാവും. പ്രശ്നങ്ങളുണ്ടാക്കാനും പരിഹരിക്കാനും. അദ്ദേഹത്തിന് സിറ്റുവേഷന്ഷിപ്പടക്കമുള്ള പുതിയകാലത്തെ പ്രണയസങ്കല്പമാണ്. തല്ലുകൊള്ളിത്തരങ്ങളും ൈകയിലുണ്ട്. മൊത്തത്തില്‍ പൈങ്കിളി ആയിട്ടുള്ള ഒരു സിനിമ, കളര്‍ഫുള്‍ ആയി അവതരിപ്പിക്കുകയാണ് ചെയ്തത്.
ഇതുവരെ ചെയ്ത എല്ലാ സിനിമകളും ഒരുപാട് ആളുകളുടെ ഒരു ടീമിന്റെ കൂടെയായിരുന്നു, അതാണോ കംഫര്‍ട്ട്?
കംഫര്‍ട്ടിന്റെ പ്രശ്നമല്ല. എനിക്ക് വരുന്ന എല്ലാ കഥാപാത്രങ്ങളും അത്തരത്തിലുള്ളതാണ്. മഞ്ഞുമ്മല്‍ ബോയ്സ്, മാലിക്, നടികര്‍ ഇപ്പോഴിതാ പൈങ്കിളിയും. ഒരുപാട് പുതുമുഖങ്ങള്‍ ഈ സിനിമയിലുണ്ട്. പലരുടെയും ഇതുവരെ കാണാത്ത കഥാപാത്രങ്ങളാണ് ഇതില്‍ ഉള്ളത്. പിന്നെ ജിസ്മ ഉള്‍പ്പെടെയുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവരില്‍ നിന്നെല്ലാം ഒരുപാട് പഠിക്കാനുണ്ടായിരുന്നു. പിന്നെ നാടക പശ്ചാത്തലം ഉള്ള ആര്‍ട്ടിസ്റ്റുകളുമുണ്ട്.
എന്നിലെ നടനെ കൂടുതല്‍ മികച്ചതാക്കാന്‍ ഇവരെല്ലാം സഹായിച്ചിട്ടുണ്ട്. ട്രെയിലര്‍ ഇറങ്ങിയതു മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ സിനിമ ഏറെ ചര്‍ച്ചയായിരുന്നു. ഇതിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കളര്‍ഫുള്‍ ആയിട്ടുള്ള മൂഡാണ് സിനിമയ്ക്ക് മൊത്തം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ അത് നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പലതരത്തിലുള്ള പ്രണയങ്ങളും പലതരത്തിലുള്ള പ്രശ്നങ്ങളും പറയുന്ന സിനിമ കുറച്ച് കളര്‍ഫുള്‍ ആയി എടുത്തു, അത് വര്‍ക്കായി.
പുതിയ പ്രോജക്ടിനെക്കുറിച്ച്?
ദുല്‍ഖര്‍ സല്മാന് പ്രൊഡ്യൂസ് ചെയ്യുന്ന ഡൊമിനിക് അരുണ്‍ സംവിധായകനായ പുതിയ ചിത്രം വരാനുണ്ട്. നസ്ലെലനും കല്യാണിയും ഒക്കെയാണ് കൂടെ അഭിനയിച്ചിരിക്കുന്നത്. അത് ഉടന്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ജിത്തു മാധവിന്റെ തന്നെ കഥയില്‍ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ക്രൂവിന്റെ ഭാഗമായും ഞാന്‍ ഉണ്ട്. സംവിധാനവും മനസ്സിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]