
ഇതുവരെ കാണാത്തൊരു കഥാപാത്രമായി മമ്മൂട്ടി, മലയാളത്തിൽ വർഷങ്ങൾക്കുശേഷമെത്തുന്ന ബ്ലാക്ക് ആൻഡ് വെെറ്റ് ചിത്രം എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളോടെയാണ് ‘ഭ്രമയുഗം’ തിയേറ്ററുകളിലേയ്ക്ക് എത്തിയത്. റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
കൊടുമൺ പോറ്റിയെന്ന ദുരൂഹതകൾ നിറഞ്ഞ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. പോറ്റിയുടെ മനയിലേയ്ക്ക് ഒരുനാൾ ഒരു പാണൻ വഴിതെറ്റിയെത്തുന്നു. കൊടുങ്കാട്ടിൽ ആശ്വാസമാകുന്ന മനയുടെ രഹസ്യങ്ങളിലേയ്ക്ക് പതിയെ അയാൾ നടന്നടുക്കുകയാണ്. അർജുൻ അശോകൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ദുരൂഹതയുടെ ആ മനയിൽ നിന്ന് പുറത്ത് കടക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ആദ്യാവസാനം നിഗൂഢതകളുടെ ചുരുളഴിച്ചുകൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. സുപ്രധാനമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ അവതരിപ്പിക്കുന്നത്.
ഭ്രമിപ്പിക്കാനും ഭയത്തിൻ്റെ പുതിയൊരു മാനം കൂടി ചിത്രം കാട്ടിത്തരാനും ചിത്രത്തിനാകുന്നുണ്ട്. പുതിയ കാലത്തിലെത്തുന്ന ബ്ലാക്ക് ആൻഡ് വെെറ്റ് ചിത്രമെന്ന ധീരമായ പരീക്ഷണം വിജയിച്ചുവെന്ന് പറയാം. കാലഘട്ടം കൃത്യമായി അടയാളപ്പെടുത്താൻ ഈ പരീക്ഷണം ഉപകരിക്കുന്നുണ്ട്. സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ തുടക്കം മുതലുള്ള യാത്ര.
ശക്തമായ കഥാപാത്രത്തെ അതിഗംഭീരമായി മമ്മൂട്ടി തിരശ്ശീലയിലെത്തിച്ചിട്ടുണ്ട്. സംഭാഷണത്തിലും ഭാവങ്ങളിലും മമ്മൂട്ടിയുടെ പുതിയൊരു അവതാരമെന്ന് ഈ ചിത്രത്തിലെ വേഷത്തെ വിശേഷിപ്പിക്കാം. മമ്മൂട്ടിയുടെ കഥാപാത്രത്തിൻ്റെ നോട്ടവും ചിരിയും പോലും ഭയത്തിൻ്റെ പുത്തൻ അനുഭവം സമ്മാനിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതനും അർജുൻ അശോകനും തങ്ങളുടെ കഥാപാത്രത്തെ ഭംഗിയാക്കി.
പതിയെപ്പതിയെ ചുരുളുകൾ ഓരോന്നായി അഴിച്ചുകൊണ്ട് മുന്നേറുന്ന അവതരണരീതിയാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. ഭയപ്പെടുത്താൻ മാത്രമല്ല, കാമ്പുള്ള കഥയെ വ്യത്യസ്തമായി അവതരിപ്പിക്കാനും സംവിധായകനായി.
ചിത്രത്തിനായി ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പാട്ടുകളും പശ്ചാത്തലസംഗീതവും അന്താരാഷ്ട്ര നിലവാരം പുലർത്തി. ചിത്രത്തിൻ്റെ ആസ്വാദനം മികച്ചതാക്കാൻ ക്രിസ്റ്റോ സേവ്യറിനായിട്ടുണ്ട്. ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും കെെയടി അർഹിക്കുന്നുണ്ട്. ഗംഭീരമായ മേക്കിങ്ങും ചിത്രത്തിന് മുതൽക്കൂട്ടാണ്. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും മികവുപുലർത്തി.
ചുരുക്കം കഥാപാത്രങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും ഇവർക്കൊപ്പം പ്രേക്ഷകരും സഞ്ചരിക്കുന്നു. അധികാരമെന്ന ലഹരി എന്തിനെയും തച്ചുതകർക്കാൻ കെൽപ്പുള്ളതാണെന്നും ചിത്രം കാട്ടിത്തരുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമിച്ച ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]