ഒരു ചെമ്പരത്തിപ്പൂവിന്റെ ചേലുമായാണ് ഷിബു ചക്രവര്‍ത്തി എന്ന പാട്ടെഴുത്തുകാരന് മലയാള സംഗീതപ്രണയികളുടെ മനസ്സിലേക്ക് കടന്നെത്തിയത്. മലയാളികള്‍ക്ക് പ്രിയങ്കരമായിത്തീര്‍ന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹമെഴുതി. ഭാവനാസമ്പന്നത കൊണ്ടും രചനാമികവുകൊണ്ടും അതുല്യനെന്ന് വിശേഷിപ്പിക്കാവുന്ന ഷിബു ചക്രവര്‍ത്തിയെ വളരെപ്പെട്ടെന്നുതന്നെ മലയാളികള്‍ ഏറ്റവും പ്രിയപ്പെട്ട ഗാനരചയിതാക്കളുടെ നിരയിലേക്ക് ചേര്‍ത്തുവെച്ചു. പാട്ടെഴുത്തുകാരനെന്ന ദൗത്യത്തില്‍ തുടരുമ്പോഴും മറ്റു പല മേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പ് ചാർത്തി. മലയാളസിനിമയിലെ എക്കാലവും സ്മരിക്കപ്പെടുന്ന സിനിമകളുടെ കഥാകൃത്തായും തിരക്കഥാകൃത്തായും അദ്ദേഹം മാറി. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കടന്നുചെല്ലാന്‍ വിമുഖത കാട്ടുന്ന ഡോക്യുമെന്ററി മേഖലയിലും പ്രവര്‍ത്തിച്ച അദ്ദേഹം പാട്ടെഴുത്തിലേക്കെത്തുന്നതിനു മുമ്പുതന്നെ പരസ്യമേഖലയില്‍ സജീവമായിരുന്നു. ഒരു മാധ്യമപ്രവര്ത്തകനാകാനുള്ള ആഗ്രഹം ജേണലിസം ബിരുദം നേടാന്‍ പ്രേരകമായി. പിന്നീട് നൂതനമായ പരിപാടികള്‍ പ്രേക്ഷകരിലേക്കെത്തിക്കാനായി പ്രമുഖ മലയാള ചാനലുകളുടെ പ്രധാനസ്ഥാനത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. ഒരു പാട്ടെഴുത്തുകാരനായി മാത്രം ജീവിച്ചിരിക്കുന്നത് ‘ബോറാണ്’ എന്ന അഭിപ്രായമാണ് ഷിബു ചക്രവര്‍ത്തിയ്ക്ക്. തന്റെ പ്രവര്‍ത്തനമേഖലകളെ കുറിച്ചും അനുഭവങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
ഷിബു ചക്രവര്‍ത്തിയുടെ എഴുത്ത് നാല്പത് കൊല്ലം പൂര്‍ത്തിയായി എന്നു പറയുന്നുണ്ടല്ലോ. എഴുത്തിന് ഇത്തരമൊരു കാലപരിധി കണക്കാക്കുന്നതിനോട് എന്താണ് അഭിപ്രായം.
നാല്പത് കൊല്ലം എന്ന് പറയുന്നത് ഗാനരചനയുടെ നാല്പത് കൊല്ലം എന്നായിരിക്കണം. അല്ലിമലര്ക്കാവോ ഉപഹാരമോ തുടങ്ങിയ സിനിമകള്‍-1984 ലാണ് ആ സിനിമകള്‍ വരുന്നത്- റിലീസായത് കണക്കാക്കിയാവണം അങ്ങനെ പറയുന്നത്. ഗാനരചനയെ കുറിച്ചായിരിക്കും അങ്ങനെയൊരു പരാമര്‍ശം വന്നിട്ടുണ്ടാവുക. ഞങ്ങളുടേത് എഴുത്തുകാരുടെ വീടായതുകൊണ്ടുതന്നെ വീട്ടിലെ മുതിര്‍ന്നവരെ ഇംപ്രസ്സ് ചെയ്യാന്‍ വേണ്ടി സ്വാഭാവികമായും കുട്ടികള്‍ ഏതെങ്കിലുമൊക്കെ എഴുതും. എന്റെ വല്യച്ഛന്, ഏരൂര്‍ വാസുദേവനെ ഇംപ്രസ്സ് ചെയ്യിക്കാനായി ഞാനെഴുതിയതാണ് ആദ്യത്തേത്. എന്റെ ഓര്‍മ്മയില്‍ എനിക്കന്ന് എട്ട് വയസ്സാണ് പ്രായം. ടകാക്കച്ചി കാക്കച്ചി കാവതി കാക്കച്ചിട എന്നുതുടങ്ങുന്ന ഒരു പാട്ട്. അതിന് അന്നദ്ദേഹം സ്വര്‍ണനിറമുള്ള ഒരു ബോള്‍പെന്‍ സമ്മാനമായി തന്നു. അന്ന് ബോള്‍പെന്‍ വളരെ അപൂര്‍വമായ സാധനമാണ്. അത്രയും വലിയൊരു സമ്മാനം ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. ആ പേന എവിടെയെന്ന് നഷ്ടപ്പെട്ടുവെന്നുപോലുമറിയില്ല. പക്ഷേ അതിന്റെ തിളക്കം ഇന്നും മനസ്സിലുണ്ട്.
ആദ്യത്തെ എഴുത്തിന്റെ തിളക്കം.
അല്ല, കിട്ടിയ പേനയുടെ തിളക്കമാണ്. ആ പാട്ടിനെ ഞാന്‍ വീണ്ടും തിരിച്ചെടുത്ത്, കുറച്ച് മാറ്റമൊക്കെ വരുത്തി കുട്ടികളുടെ പാട്ടുകള്‍ ഇറക്കുന്ന സമയത്ത് അതിലൊരു പാട്ടായി ഉള്‍പ്പെടുത്തിയിരുന്നു. ആ സമയത്ത് എന്റെ ഓര്‍മയിലുണ്ടായിരുന്നത് ആദ്യത്തെ രണ്ട് വരികള്‍ മാത്രമായിരുന്നു. രഞ്ജിനിയുടെ ആ കാസറ്റിലെ ഒരു പാട്ട് മമ്മൂട്ടി പാടിയിട്ടുണ്ട്. അന്ന് കാസറ്റുകളുടെ പ്രളയം നടക്കുന്ന കാലമായിരുന്നു. അന്ന് എറണാകുളത്ത് ഒരുവിധം എല്ലാ കെട്ടിടങ്ങളുടെയും കോണിച്ചുവട് ഏതെങ്കിലുമൊരു കാസറ്റ് കമ്പനിയായിരിക്കും. യഥാര്‍ഥത്തില്‍ ഞാനതിനോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. കാരണം ആ ഒരു കാലഘട്ടമാണ് എന്നെപ്പോലൊരു പാട്ടെഴുത്തുകാരനെ ഉണ്ടാക്കിയത്. മറ്റ് പല ആള്‍ക്കാരും പാട്ടെഴുത്തിലേക്ക് കടന്നുവന്നത് കവിതയിലൂടെയും മറ്റുമായിരുന്നു. ഞാനൊക്കെ ഇതിലേക്ക് വന്നത് ഈ കാസറ്റിന്റെ ‘അണ്ടര്‍വേള്‍ഡി’ലൂടെ കൊച്ചി കടന്നുപോയിരുന്ന കാലഘട്ടത്തിലാണ്. പാട്ടുകള്‍ ഡ്യൂപ്ലിക്കേറ്റ് ചെയ്തിരുന്നവരെല്ലാം അക്കാലത്ത് കാസറ്റ് കമ്പനി തുടങ്ങി. ഇവര്‍ക്കെല്ലാം പാട്ടുകള്‍ ആവശ്യമായിരുന്നു. എന്നെപ്പോലെ കവികളല്ലാത്ത, ഇത്തിരി ‘സൂത്രപ്പണിയൊക്കെ’ അറിയുന്നവര്‍ കാസറ്റ് കമ്പനികള്‍ക്ക് ഉപകാരപ്പെട്ടു.
പരസ്യഡിസൈനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരവേ ജിംഗിളുകള്ക്കായി വരികളെഴുതാന്‍ ആരംഭിച്ചു. മലയാളത്തില്‍ ഒരുകാലത്ത് ശ്രദ്ധേയമായ ജിംഗിളുകളില്‍ ഷിബു ചക്രവര്‍ത്തിയുടെ രചനകളും ഉള്‍പ്പെടുന്നു. പിന്നീട് ചില ആല്‍ബങ്ങള്‍ക്കായി പാട്ടുകളെഴുതി. നിറക്കൂട്ട് (1985) എന്ന ചിത്രത്തിന്റെ ഡിസൈനിങ് യൂണിറ്റുമായി സഹകരിച്ചാണ് സിനിമയിലേക്ക് എത്തുന്നത്. അക്കൊല്ലം ഉപഹാരം എന്ന ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചു. എന്നാല്‍, അവ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. 1986 ല്‍ റിലീസായ ശ്യാമ എന്ന ചിത്രത്തിലെ ചെമ്പരത്തിപ്പൂവേ ചൊല്ല് ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ ജനപ്രിയത നേടി. തുടര്‍ന്ന് മലയാളസിനിമയിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവായി മാറി.
ഇത്രയും കാവ്യാത്മകമായ വാക്കുകളും വരികളും എഴുതുന്ന ഒരാളാണ് ഞാന്‍ കവിയല്ല എന്ന് പറയുന്നത്.
അതിന്റെ കാരണം ഞാന്‍ ജീവിതത്തില്‍ കവിതയെഴുതാത്ത മനുഷ്യനാണെന്നതാണ്. പക്ഷേ പാട്ടുകളുടെ സൗന്ദര്യത്തിന് കവിത ആവശ്യമുണ്ട്. ഉദാഹരണത്തിന്, ഒരു അഡ്വര്‍ടൈസ്മെന്റ് പിക്ചറാണെന്നിരിക്കട്ടെ, അതിന്റെ അകത്ത് ഒരു പെയിന്റിങ് വേണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. പക്ഷേ ഒരു പെയ്ന്റിങ്ങിന്റെ കണക്ക് അതിനകത്ത് കിടപ്പുണ്ട്. അതിനൊരു താളമുണ്ട്. ഇന്ഡയറക്ടറ്റിലി അവിടെയൊരു പെയിന്റിങ്ങിന്റെ തിയറി അപ്ലൈ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പെയിന്റിങ്ങാണോന്ന് ചോദിച്ചാല്‍ അല്ലേയല്ല, അതായത് അപ്ലൈഡ് ആര്‍ട്ട് ആണ് പാട്ടെഴുത്ത്, അല്ലാതെ കാവ്യരചനയല്ല. ഇത് രണ്ടും രണ്ടു കാര്യമാണ്. കാവ്യരചന ഒരാളുടെ സ്വന്തം ഇഷ്ടത്തിന്, അയാളുടെ സര്ഗസൃഷ്ടിയായിട്ട് ഉണ്ടാകുന്നതാണ്. ഒരു സിനിമയുടെ ഒരു പ്രത്യേക സിറ്റുവേഷനില്‍ അതിന്റെ വികാരം തീക്ഷ്ണമാക്കാന്‍ വേണ്ടി നമ്മളെ വിളിച്ചുവരുത്തി, അതിന്റെ സന്ദര്‍ഭവും അഭിനയിക്കുന്നവരും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പറഞ്ഞുതന്ന് ഒരു ഗാനം എഴുതുന്നതുപോലെയല്ലല്ലോ കവിത.
ബേസിക്കലി ഒരല്പം കാവ്യബോധം ഉള്ള ഒരാള്‍ ഒരു പാട്ട് സൃഷ്ടിക്കുമ്പോള്‍ അതിനകത്ത് കവിത വരും. ഒരു പരസ്യത്തിന്റെ സൃഷ്ടിക്ക് സമാനമാണത്. ഒരു ലേഔട്ട് ആര്‍ട്ടിസ്റ്റ് ഒരു ഡിസൈന്‍ ഉണ്ടാക്കുന്നതുപോലെത്തന്നെയാണ് ഇന്നത്തെ ഒരു പാട്ടെഴുത്തുകാരന് എഴുതുന്നത്. ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ചുവട്ടില്‍ എന്നുപറഞ്ഞാല്‍ അത് മലയാളിയുടെ സെന്റിമെന്റ്സിനെ സ്പര്‍ശിക്കാന്‍ പറ്റുന്നതാണ്, അത് എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണോ അതുപോലെത്തന്നെ കേരളത്തിലെ മനുഷ്യരും തിരിച്ചറിയും എന്നുള്ള കൃത്യമായ ധാരണയോടുകൂടിത്തന്നെയാണ് അതെഴുതുന്നത്. ഇന്ന് പാട്ടെഴുത്ത് കുറേക്കൂടി ടെക്നിക്കലായിട്ടുണ്ട്. ഇന്ന് പുതിയ ഡയറക്ടറേഴ്സ് പറയുന്നത് ഹുക്ക് ഉണ്ടാക്കുക എന്നാണ്. മനുഷ്യനെ ഹുക്ക് ചെയ്യുന്ന ചില വാക്കുകള്‍, ഫ്രെയ്സുകള്‍- പാട്ടുകള്‍ കേള്‍വിക്കാരുടെ ഓര്‍മ്മകളില്‍നിന്ന് മാഞ്ഞുപോയാലും ഈ ഹുക്ക് ചെയ്തത് അവിടെ കിടക്കും. അത്തരത്തില്‍ ഹുക്കായിട്ട് മാറുന്ന, ഒരാളെ കണക്ട് ചെയ്യുന്ന ആ ഒരു ഹുക്ക് ലൈന്‍ ഒരു അഡ്വര്ടൈസ്മെന്റിനായി ചെയ്യുന്നതുപോലെത്തന്നെയാണ്. സിനിമാപ്പാട്ടിലും അത് കൂടുതലായി വന്നുചേര്‍ന്നിരിക്കുന്നു.
താങ്കള്‍ക്ക് പരസ്യവിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരിചയം കൊണ്ടായിരിക്കും അങ്ങനെ തോന്നുന്നത്. പക്ഷേ ഗാനം ആസ്വദിക്കുന്നവര്‍ക്ക് അങ്ങനെ തോന്നുന്നില്ലല്ലോ.
നിങ്ങള്‍ക്ക് തോന്നാന്‍ പാടില്ലല്ലോ. കേള്‍ക്കുന്ന ഒരാള്‍ക്ക് ഒരു പരസ്യം എഴുതുന്ന രീതിയിലാണ് ഞാനിത് കൈകാര്യം ചെയ്യുന്നതെന്ന് തോന്നിപ്പിക്കാതിരിക്കുന്നിടത്താണ് എന്റെ വിജയം. അതൊരു കവിതാശകലമായി നിങ്ങള്‍ക്ക് തോന്നിപ്പിക്കുക എന്നതാണ് എന്റെ ജോലി. എങ്കിലും എല്ലായിടത്തും അത് അങ്ങനെയല്ല. ബാഗി ജീന്‍സ് എഴുതുമ്പോള്‍ അതിന്റെ ടെക്നിക് വേറെയാണ്. അവിടെ കവിതയല്ല വര്‍ക്കൗട്ട് ആകുന്നത്. പച്ചമാങ്ങ പച്ചമാങ്ങ എന്ന പാട്ട് തുടങ്ങുന്നത് ‘കുറുക്കുമൊഴി കുറുകണ’ എന്നാണ്. പിന്നീടും കുറേ വാക്കുകള്‍ കഴിഞ്ഞാണ് പച്ചമാങ്ങ വരുന്നത്. പക്ഷേ ഹുക്കായത് പച്ചമാങ്ങ എന്ന വാക്കാണ്.
താങ്കൾ സജീവമായി എഴുതിയിരുന്ന കാലത്ത് ഇങ്ങനെ ഹുക്ക് വേണമെന്ന് പറയാറില്ലല്ലോ.
ഇല്ല. അങ്ങനെ പറയാറില്ല. പക്ഷേ ആ തിയറി അവിടെയുണ്ടായിരുന്നു. ആ ഒരു പാറ്റേണ്‍, അതിനിങ്ങനെയൊരു പേര് കൊടുത്തു എന്നു മാത്രം. ഞാനെഴുതിയത് കണ്ടിട്ട് ഇവരുണ്ടാക്കുന്നുവെന്നോ മറ്റോ ഇതിനര്‍ഥമില്ല. മാറുന്ന ട്രെന്‍ഡില്‍നിന്ന്, ചിലരുടെ നിരീക്ഷണങ്ങളില്‍നിന്ന് വന്നതാണ്. ഇതുവരെ ഉണ്ടാക്കാത്ത പാട്ടുണ്ടാക്കണമെന്നാവശ്യപ്പെട്ടല്ല പലരും സമീപിക്കുന്നത്. അതിനുമുമ്പ് ഹിറ്റായ പാട്ടുപോലെ ഒന്ന് എന്നാവശ്യപ്പെട്ടാണ്.
സംഗീതസംവിധായകന് ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയുമായുള്ള കോംബോ സംഭാവന ചെയ്തത് നിരവധി ഹിറ്റ്ഗാനങ്ങളാണ്. ഈ കൂട്ടുകെട്ട് നാല്പത് കൊല്ലമെന്ന റെക്കോഡിലെത്തി നില്ക്കുന്നു. ഇവര്‍ ഒന്നിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ ഗാനവും ദിവസങ്ങള്‍കൊണ്ട് യൂട്യൂബില്‍ മില്യണ്‍ വ്യൂസിലെത്തിയിരിക്കുന്നു.
ട്യൂണിനനുസരിച്ച് എഴുതുന്നു, അല്ലെങ്കില്‍ സംവിധായകന്റെ ആഗ്രഹത്തിനനുസരിച്ച് പാട്ടെഴുതുന്നു. അങ്ങനെയല്ലാതെ എഴുതിയ പാട്ടുകള്‍.
വളരെ അപൂര്‍വ്വമായിട്ടുമാത്രം. ഒന്നാമത് ഞാന്‍ വെറുതേയിരുന്ന് എന്റെ ആത്മസംതൃപ്തിയ്ക്ക് വേണ്ടി ഒന്നും എഴുതാറില്ല. അപൂര്‍വ്വം വര്‍ക്കുകള്‍ ഒത്തുകിട്ടാറുണ്ട്. അത്തരത്തില്‍ ഏറ്റവും ത്രില്‍ തോന്നിയതാണ് ടി. പത്മനാഭന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘നളിനകാന്തി’. അതിനുവേണ്ടി കുറച്ചു പാട്ടുകള്‍ വേണമെന്നാവശ്യപ്പെട്ട് നളിനകാന്തിയുടെ സംവിധായകന്, എഴുത്തുകാരന് കൂടിയായ സുസ്മേഷ് ചന്ത്രോത്ത് വന്നു. അന്ന് ഡോക്യുമെന്ററിയായാണ് അത് പ്ലാന്‍ ചെയ്തത്. അതിനുവേണ്ടി ഞാന്‍ വീണ്ടും പത്മനാഭനിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. അത് വളരെ റിഫ്രഷിങ്ങും അതുപോലെത്തന്നെ ഒരു കാലഘട്ടത്തിന്റെ പിന്നിലേക്കുള്ള സഞ്ചാരവുമായിരുന്നു. മുഴുനീള പാട്ടുകള്‍, വേണ്ട ചെറിയ ചെറിയ കവിതകള്‍ പോലെയാകാമെന്ന് ഞാന്‍ സുസ്മേഷിനോട് പറഞ്ഞു. സുസ്മേഷ് ഒകെ പറഞ്ഞു.
നളിനകാന്തിയിലെ ഗാനങ്ങള്‍ കേള്‍ക്കാം
എല്ലാ ദിവസവും പത്മനാഭന്റെ ഏതെങ്കിലും കഥകള്‍ വായിക്കും. ആ സമയത്ത് ഫീല്‍ ചെയ്യുന്ന കാര്യം അപ്പോള്‍ തന്നെ എഴുതിവെയ്ക്കും. ഒരു മാസമാകുമ്പോഴേക്കും ഒരു പുസ്തകം നിറയെ ഇത്തരത്തിലുള്ള എഴുത്തുകളായി മാറി. അതിനകത്തുനിന്ന് കുറച്ചെണ്ണം മാത്രമെടുത്തിട്ടാണ് പിന്നീട് സിനിമയ്ക്ക് ഉപയോഗിച്ചത്. അവയെ പക്ഷേ കവിതയെന്ന് വിശേഷിപ്പിക്കാനാകില്ല. അതൊക്കെ എന്റെ എക്സ്പ്രഷന്‍സായിരുന്നു. ആദ്യം ഞാനദ്ദേഹത്തെ വര്‍ണിച്ചത് കുന്തിരിക്കത്തിന്റെ വൃക്ഷമെന്നായിരുന്നു. പിന്നീട് അത് അവധൂതമേഘം എന്ന കോണ്‍സെപ്റ്റിലേക്ക് മാറി. ഒരേ കഥാപാത്രങ്ങൾ വരുന്ന, രണ്ട് കാലഘട്ടത്തിലെ രണ്ട് കഥകള്‍-പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും കടലും- അതിനെക്കുറിച്ചും പാട്ടെഴുതി. എഴുതിയപ്പോള്‍ വളരെ ത്രില്‍ തോന്നിയ, അങ്ങേയറ്റം ഇഷ്ടപ്പെട്ടെഴുതിയ ഒരു വര്‍ക്കായിരുന്നു നളിനകാന്തി.
സത്യത്തിലിക്കാണും ലോകവും നമ്മളും
നിത്യവിസ്മൃതിയിൽ അലിഞ്ഞു പോകും
സ്വപ്നങ്ങൾ തീർത്ത സങ്കൽപ ചിത്രങ്ങൾ
എത്ര മായ്ച്ചാലും മായുകില്ല.
നേരം പുലർന്നിട്ടും പോകാതെ നിൽക്കുന്ന
പാർവ്വണ ബിംബത്തിൻ കാന്തി പോലെ
ഞാൻ മറഞ്ഞാലും എൻ സങ്കൽപ സാഗരം
ഈ തീരത്തെ പുൽകി പുണർന്നു നിൽക്കും
ഈ തീരത്തെ പുൽകി പുണർന്നു നിൽക്കും!
——————-
(നളിനകാന്തിക്കായി രചിച്ച കവിതകളിലൊന്ന്)
ഡോക്യുമെന്ററിയായി തുടങ്ങി സിനിമയിലെത്തിയതാണ് നളിനകാന്തി എന്ന് പറഞ്ഞല്ലോ. താങ്കൾ ഒരു ഡോക്യുമെന്ററി സംവിധായകനാണ് എന്നത് പലര്‍ക്കും അറിയാത്ത സംഗതിയാണ്. ഡോക്യുമെന്ററികള്‍ ചെയ്യുമ്പോള്‍ ലഭിച്ച സംതൃപ്തി.
ഞങ്ങളൊക്കെ പാട്ടെഴുതിത്തുടങ്ങിയ കാലത്ത് പാട്ടെഴുതി മാത്രം ഇവിടെ ഒരാള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലായിരുന്നു. വളരെ ചെറിയ റെമ്യൂണറേഷനായിരുന്നു അന്ന്. പാട്ടെഴുത്ത് വലിയൊരു ഗ്ലാമറുണ്ടാക്കിത്തരും. പക്ഷേ, പ്രതിഫലം വളരെ കുറവാണ്. ഇന്നും സാഹചര്യത്തില്‍ വലിയ വ്യത്യാസം വന്നിട്ടില്ല. മലയാള സിനിമയുടെ ബജറ്റ് വളര്‍ന്നെങ്കിലും പാട്ടെഴുത്തുകാരുടെ അവസ്ഥ ഇപ്പോഴും പഴയതുപോലെത്തന്നെയാണ്. എനിക്ക് മറ്റൊരു തൊഴില്‍ ആവശ്യമായിരുന്നു. അങ്ങനെ ഞാന്‍ തിരഞ്ഞെടുത്തതാണ് ഡോക്യുമെന്ററി എന്ന മേഖല.
അത്ര ഡ്രൈ ആയിട്ടുള്ള കാര്യമല്ല ഡോക്യുമെന്ററി. ലോകത്തിനു മാതൃകയായിട്ടുള്ള ധാരാളം ഡോക്യുമെന്ററികളുണ്ട്. അതിനപ്പുറത്തേക്ക് നമ്മള് ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തി വളരെ വലുതാണ്. ഒരു ഡോക്യുമെന്ററി തുടങ്ങുമ്പോള്‍ ആദ്യമേ തന്നെ ഒന്നും എഴുതാറില്ല. കൊച്ചിയുടെ ഡോക്യുമെന്ററി ചെയ്യുമ്പോള്‍ എനിക്കറിയാം, ഇത് ചെയ്തുകാണിക്കേണ്ടത് കൊച്ചിയുടെ മുക്കും മൂലയും പരിചിതരായിട്ടുള്ള കൗണ്‍സിലർമാരുടെയും മറ്റും മുന്നിലാണ്. അതുകൊണ്ടുതന്നെ അതിന് പുതുമ വേണമെന്ന് നിശ്ചയിച്ചിരുന്നു. അങ്ങനെ ടോപ് ആങ്കിള്‍ മാത്രം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ആ ഡോക്യുമെന്ററി മുഴുവനായിട്ടും ടോപ് ആങ്കിളിലാണ്. മട്ടാഞ്ചേരിയിലായിരുന്നു ഷൂട്ട് തുടങ്ങിയത്. അത്രമാത്രം ക്രൗഡഡ് ആയിട്ടുള്ള സ്ഥലമാണ് മട്ടാഞ്ചേരി. അതുകൊണ്ടുതന്നെ ഉയരമുള്ള ബില്‍ഡിങ് കണ്ടെത്താന്‍ കുറേ തിരഞ്ഞു. അഞ്ചുനിലയുള്ള ഒരു കെട്ടിടം കണ്ടെത്തി. മേലെ കേറി നോക്കുമ്പോള്‍, അറബിക്കടല്‍, കായല്‍, കൊച്ചിയുടെ ഒരസാമാന്യ ചിത്രം! നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടുന്ന കാര്യങ്ങളാണ് ഡോക്യുമെന്ററി. ഒരു സിനിമയില്‍ നിന്ന് ഒരിക്കലും ഇത്തരം അനുഭവങ്ങള്‍ കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല. ഞാന്‍ ഡോക്യുമെന്ററിയ്ക്കു വേണ്ടി കറങ്ങിനടന്ന കാലം എന്നെ സംബന്ധിച്ചിടത്തോളം പാട്ടെഴുത്ത് എന്ന ചെറിയ ലോകത്തുനിന്ന് എന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞ കാര്യം കൂടിയാണ്.
ബേസിക്കലി ഉള്ളിന്റെയുള്ളില്‍ അങ്ങേയറ്റം ഇന്ട്രോവെര്ട്ടായിട്ടുള്ള ഒരു മനുഷ്യനായിരുന്നു ഞാന്‍. ഒരുപ്രായംവരെ ആരോടും സംസാരിക്കില്ലായിരുന്നു. സ്വന്തമായൊരു ലോകമുണ്ടാക്കി അതിനുള്ളില്‍ ജീവിക്കുകയാണ് ചെയ്തിരുന്നത്. തിരിച്ചു വെളിയിലേക്കുള്ള വരവ് എളുപ്പമായിരുന്നില്ല. ആ കൂട്ടില്‍നിന്ന് എന്നെ വലിച്ചുപുറത്തേക്കിട്ടത് കുടുംബസുഹൃത്ത് ദിവാകരൻ എന്ന ദിവേട്ടനാണ്. അദ്ദേഹം നിര്‍ബന്ധിച്ചു. അങ്ങനെയാണ് എനിക്ക് മാറിയത്. പിന്നീട് ഞാന്‍ വിവിധ ചാനലുകളില്വന്ന് വലിയൊരു ടീമിനെ നയിക്കുന്ന ഒരാളായി മാറി. അവിടെ എവിടെയാ സംസാരിക്കാതിരിക്കാന്‍ പറ്റുക!
കൊച്ചിയെ കുറിച്ചുള്ള ഡോക്യുമെന്ററി, മാതാ അമൃതാനന്ദമയിയെ കുറിച്ചുള്ള രണ്ട് ഡോക്യുമെന്ററികള്‍, ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍, മെഡിക്കല്‍ ഡോക്യുമെന്ററികള്‍ തുടങ്ങി നിരവധി ഡോക്യുമെന്ററികള്‍ തയ്യാറാക്കി.
സ്വന്തം അനുഭവങ്ങളാണ് പലപ്പോഴും എഴുത്തില്‍ കടന്നുവരുന്നത്.
ഏതെഴുത്താണെങ്കിലും, അതാര്‍ക്കു വേണ്ടിയാണെങ്കിലും അള്ട്ടിമേറ്റ്ലി ഇതിന്റെ ഒരു സ്റ്റേജ് കഴിയുമ്പോള്‍ അത് നമ്മളായി മാറുന്നുണ്ട്. എഴുതാനിരിക്കുമ്പോള്‍ നമ്മള് മാത്രമേയുള്ളൂ, നമ്മുടെ അനുഭവങ്ങള്‍ മാത്രമേയുള്ളു. എല്ലാ എഴുത്തുകാര്‍ക്കും അങ്ങനെതന്നെയായിരിക്കും അനുഭവം.
പിച്ചകപ്പൂങ്കാവ് എന്ന പുസ്തകത്തിന്റെ അവസാനഘട്ടത്തിരക്കുകളിലാണ് ഷിബു ചക്രവർത്തി. പുസ്തകം ഫെബ്രുവരി മാസം പുറത്തിറങ്ങും. എഴുത്തുകാരനായ മനോജ് കുറൂരാണ് പുസ്തകത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത്.
താങ്കൾ പലപ്പോഴും പറയാറുണ്ട്, എന്നെ ഒരു കവിയായി അംഗീകരിക്കേണ്ട, എന്റെ രചനകള്‍ എക്കാലവും നിലനില്‍ക്കേണ്ടതില്ല. ഇതെല്ലാം മായ്ച്ചുകളഞ്ഞിട്ട് മറ്റൊരാള്‍ക്ക് പാതയൊരുക്കാനാണ് ആഗ്രഹിക്കുന്നത് എന്ന്.
ഇതെല്ലാം മഹത്തരമായ വര്‍ക്കാണെന്ന് എനിക്കു തോന്നിയിട്ടില്ല. എന്റെ ഐഡന്റിറ്റി മറച്ചുവെക്കാനാണ് ഞാനെപ്പോഴും ഇഷ്ടപ്പെട്ടിരുന്നത്. ഇന്റര്‍വ്യൂകള്‍ കൊടുക്കാറേ ഉണ്ടായിരുന്നില്ല. പേരുപോലും ഒളിപ്പിച്ചാണ് ഞാന്‍ എഴുതിയിരുന്നത്. ഞാനൊരു സാധാരണ മനുഷ്യനാണ്. എന്ത് മഹത്വമാണ് ഇതിനൊക്കെയുള്ളത്. എല്ലാവരും ചെയ്യുന്ന ജോലി പോലെത്തന്നെ ഇതുമൊരു ജോലിയായി മാത്രമേ ഞാൻ കണക്കാക്കിയിട്ടുള്ളൂ. ഈ ലോകത്ത് ഏതുജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ട്. ഒരുവീട്ടില്‍ ഓരോനേരം ഭക്ഷണമുണ്ടാക്കുന്ന അമ്മമാര്‍ അതിനേക്കാള്‍ വലിയ കലാപ്രവര്‍ത്തനമാണ് നടത്തുന്നത്. മനുഷ്യന്റെ ജീവന് നിലനിര്‍ത്താന്‍ മാത്രമല്ല, മനുഷ്യന്റെ ടേസ്റ്റിനനുസരിച്ച് ഭക്ഷണമുണ്ടാക്കുമ്പോള്‍ അവര്‍ ചെയ്യുന്നത് മഹത്തായ കലാപ്രവര്‍ത്തനമാണ്. വീട്ടില്‍ സ്ത്രീകള്‍ പാചകം ചെയ്യുന്നതുകൊണ്ട് അതിന് വിലയില്ല. എന്റെയൊക്കെ ചെറുപ്പത്തില്‍ ഞാന്‍ കേട്ടിട്ടുണ്ട് ആണുങ്ങള് പാചകം ചെയ്യരുതെന്ന്. പാട്ടു കേട്ടില്ലെങ്കിലും ചിത്രം കണ്ടില്ലെങ്കിലും ജീവിക്കാന്‍ പറ്റും. പക്ഷേ ഭക്ഷണം കഴിക്കാതെ ജീവിക്കാന്‍ സാധിക്കുമോ? അവരുടെ ആ കൈപ്പുണ്യം നമ്മള് അംഗീകരിക്കില്ല. പകരം അരപ്പാട്ടെഴുതിയവനേയും ഒരു തുണ്ട് പേപ്പറില്‍ പടം വരച്ചവനേയും മഹാനായിട്ട് നമ്മള് വാഴ്ത്തും. നന്നായിട്ട് കുക്ക് ചെയ്യാന്‍ എല്ലാവര്ക്കും പറ്റുന്നതല്ലല്ലോ. കവിതയെഴുതുന്നതല്ല ക്രിയേറ്റിവിറ്റി, പടം വരയ്ക്കുന്നതല്ല ക്രിയേറ്റിവിറ്റി. ഏതുമേഖലയിലും അപ്ലൈ ചെയ്യേണ്ട ഒരു കാര്യമാണത്. ക്രിയേറ്റീവാകുന്നതോടെ ജീവിതത്തിനും പരിസരത്തിനും ഭംഗി വരും.
പതിനഞ്ചിലധികം സിനിമകള്‍ക്കായി തിരക്കഥകള്‍, അഥര്‍വ്വത്തിന് വേണ്ടിവന്ന ഗവേഷണം, നായര്‍സാബും സൈന്യവുമൊക്കെ എഴുതിയത് / അഭയം എന്ന കുട്ടികളുടെ സിനിമ.
അഥര്വ്വത്തിനുവേണ്ടി വലിയ റിസര്‍ച്ചൊന്നും ചെയ്തിട്ടില്ല. എനിക്കെപ്പോഴും താല്പര്യമുള്ള വിഷയമായിരുന്നു ഫിലോസഫി. ഒരു ഡിഗ്രിയ്ക്ക് വേണ്ടിയല്ല ഞാന്‍ കോളേജില്‍ ഫിലോസഫി പഠിച്ചത്, അതെനിക്ക് ഇഷ്ടമുള്ള സബ്ജക്ടായിരുന്നതിനാലാണ്. അതെന്നെ സന്തോഷിപ്പിച്ചിരുന്നു. പക്ഷേ കോളേജില്‍ ചേര്‍ന്നപ്പോള്‍ മനസ്സിലായി ആ സന്തോഷം കോളേജില്‍നിന്ന് കിട്ടാന്‍ പോകുന്നില്ലെന്ന്. കാരണം കോളേജിലെത്തിയപ്പോള്‍ സിലബസായി, അതില്‍ കണക്കുകളായി… അങ്ങനെ ഈ ഫിലോസഫി അന്വേഷിച്ച് കോളേജിന് പുറത്തേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് പ്രൊഫസര്‍ രാമചന്ദ്രനെ പരിചയപ്പെടുന്നത്. അക്കാലത്ത് രാമചന്ദ്രന് സാര്‍ കടുത്ത നിരീശ്വരവാദിയായിരുന്നു. റിലീജ്യസ് കോണ്‍ഫറന്‍സിനൊക്കെ പോയിട്ട് സന്ന്യാസിമാര്‍ കള്ളന്മാരാണെന്നൊക്കെ അദ്ദേഹം പ്രസംഗിക്കുമായിരുന്നു, ഞങ്ങളൊക്കെ കയ്യടിക്കുകയും ചെയ്യും. സാറിന്റെ പിന്നാലെ തൂങ്ങി നടക്കലായിരുന്നു ഞങ്ങളുടെ പണി.
അങ്ങനെ ഒരു ദിവസം സാറിനെ കാണാതായി. പിന്നീടൊരു ദിവസം പത്രത്തിലാണ് അദ്ദേഹത്തെ കുറിച്ച് കാണുന്നത്, ഗംഗയില്‍ പോയി മുങ്ങി സന്ന്യാസിയായെന്ന്! കാവിയൊക്കെയുടുത്ത് സാര്‍ തിരിച്ചുവന്നതോടെ കോളേജിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാന്‍ തുടങ്ങി, സാറിനെ ഞങ്ങള്‍ മൈന്‍ഡ് ചെയ്യാതെയായി. സാര്‍ പക്ഷേ ഒരുദിവസം പ്യൂണിന്റെ കയ്യില്‍ ഒരു കുറിപ്പ് കൊടുത്തുവിട്ടു, കാണമെന്നായിരുന്നു അത്. ആധ്യാത്മികമാര്ഗത്തിലേക്ക് പോകുന്നവരെകുറിച്ച് കൂടുതലറിയാനാണ് താന്‍ കാവിയുടുത്തതെന്ന് കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു. ആ വഴികളെ കുറിച്ച് എനിക്ക് പറഞ്ഞുതരാമെന്നും പറഞ്ഞു. പക്ഷേ ആധ്യാത്മികപഠനം എവിടേയും എത്തിയില്ല. ആ സമയത്ത് ഞാന്‍ സിനിമയിലെത്തിയിരുന്നു. അദ്ദേഹം പിന്നീട് ഒരു റോഡ് ആക്സിഡന്റില്‍ മരിച്ചു. രാമചന്ദ്രന് സാറിന്റെ ലൈഫുമായി ബന്ധപ്പെട്ട് ഡയറിയില്‍ കുറിച്ചിരുന്നു. അതാണ് പിന്നീട് അഥര്‍വ്വത്തിന്റെ കഥയിലേക്ക് മാറിയത്.
സ്ക്രിപ്റ്റ് റൈറ്ററെന്ന നിലയില്‍ കുറച്ചു വര്‍ക്കൊക്കെ-മനു അങ്കിള്‍, ഓര്‍ക്കാപ്പുറത്ത്…- ചെയ്തു കഴിഞ്ഞ സമയത്താണ്, 1997ല്‍ സംഗീത് ശിവന് ഞാന്‍ താമസിക്കുന്നിടത്ത് കാണാന്‍ വന്നു. അവര്‍ക്ക് ഓള്‍റെഡി അപ്രൂവല്‍ കിട്ടിയ ഒരു സബ്ജക്ടില്‍ സ്ക്രിപ്റ്റ് ചെയ്യാമോ എന്നാതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതുവരെ പക്കാ കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ മാത്രം ചെയ്ത എന്റെ മുന്നിലേക്ക് മറ്റൊരു ചാലഞ്ച് വന്നതാണ്, കുട്ടികളുടെ ഒരു സിനിമ. മനു അങ്കിളിന് നാഷണല്‍ അവാര്‍ഡ് കിട്ടിയതിനുശേഷമാണ്. പക്ഷേ മനു അങ്കിളിന് അവാര്‍ഡ് ചിന്തിച്ചിട്ടുപോലുമില്ല. സംഗീത് ശിവനോടും അതുതന്നെ പറഞ്ഞു. ആര്‍ട്ട് സിനിമയുടെ ഭാഗമാകുന്നത് കുറച്ച് പ്രയാസമായിരിക്കുമെന്നും അറിയിച്ചു. നിങ്ങളുടെ പാറ്റേണില്‍ തന്നെ മതിയെന്ന് പറഞ്ഞു, അങ്ങനെ അഭയം എഴുതി. അഞ്ചുദിവസം കൊണ്ടാണ് അതെഴുതിയത്. അതിന് ഇന്റര്‍നാഷണല്‍ അവാര്‍ഡും കിട്ടി. സന്തോഷം.
അഥര്‍വ്വം, നായര്‍സാബ്, സൈന്യം, ഏഴരക്കൂട്ടം, സ്നേഹപൂര്‍വ്വം അന്ന എന്നീ ചിത്രങ്ങള്‍ക്കായി കഥയെഴുതി. മനു അങ്കിള്‍, ഓര്‍ക്കാപ്പുറത്ത്, അഥര്‍വ്വം, നായര്‍സാബ്, സാമ്രാജ്യം, അഭയം, പാര്‍വ്വതി പരിണയം എന്നിവ ഉള്‍പ്പെടെ 18 സിനിമകള്‍ക്കായി തിരക്കഥയും സംഭാഷണവുമെഴുതി. മനു അങ്കിളിന് ദേശീയ ചലച്ചിത്ര പുരസ്കാരവും അഭയം എന്ന സിനിമയ്ക്ക് അന്താരാഷ്ട്ര പുരസ്കാരവും ലഭിച്ചു. പല സിനിമകളിലേയും ഡയലോഗുകള്‍ ഹിറ്റായി.
പാട്ടെഴുത്ത്, ഫിലോസഫിപഠനം… എപ്പോഴാണ് മാധ്യമപ്രവര്‍ത്തനരംഗത്ത് താല്പര്യമുണ്ടാകുന്നത്.
ചെറുപ്പം മുതലേ പത്രപ്രവര്‍ത്തനത്തോട് വലിയ ആകര്‍ഷണമുണ്ടായിരുന്നു. അതിനുകാരണം വലിയച്ഛനായിരുന്നു. കുട്ടിക്കാലത്ത് കാണുന്നത് വലിയച്ഛനെ എല്ലാവരും റെസ്പെക്ട് ചെയ്യുന്നതാണ്. അതുകണ്ട് വലുതാകുമ്പോള്‍ ആരാകണം എന്ന ചോദ്യത്തിന് വലിയച്ഛനാകണം എന്നായിരുന്നു എപ്പോഴും മറുപടി പറഞ്ഞിരുന്നത്. വലിയച്ഛന് എഴുത്തുകാരനായതുകൊണ്ടാണ് എല്ലാവരും ബഹുമാനിക്കുന്നതെന്ന് പിന്നീട് മനസ്സിലായപ്പോള്‍ ആഗ്രഹം മാറി, എനിക്കും എഴുത്തുകാരനാകണം. വെറും എഴുത്തുകാരനല്ല, പത്രക്കാരനാകണം. കുറച്ചുകഴിയുമ്പോഴേക്കും പത്രത്തിന്റെ ശക്തിയെ കുറിച്ച് ബോധ്യമായിത്തുടങ്ങി. ലേഔട്ട് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്നതിനിടെ കുമ്മാട്ടി എന്നൊക്കെയുള്ള മാഗസിനുകളില്‍ എഴുതിയിരുന്നു. എഴുത്ത്, വായന, വരയ്ക്കല്‍ തുടങ്ങി നിരവധി കലാപരിപാടികള്‍ ഉണ്ടായിരുന്നു. വലിയച്ഛന് ചെറുപ്പത്തില്‍ത്തന്നെ മരിച്ചിരുന്നു. വലിയച്ഛനുമായി ഏറെ അടുപ്പമുണ്ടായിരുന്നയാളാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്. അദ്ദേഹത്തിന്റെ ഓഫീസില്‍ പോകുമായിരുന്നു. നീയാദ്യം പഠിപ്പ് കംപ്ലീറ്റ് ചെയ്യ്. എന്നിട്ട് ജേണലിസത്തില്‍ ഡിഗ്രി എടുക്ക്. അതുകഴിഞ്ഞുമതി പത്രപ്രവര്‍ത്തനം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇഷ്ടമുള്ളതിനാല്‍ ജേണലിസത്തില്‍ ഡിഗ്രിയെടുത്താല്‍ അതൊരു പ്രൊഫഷനാക്കാമെന്ന ആഗ്രഹത്തിലാണ് ജേണലിസം പഠിക്കാന്‍ ചേര്‍ന്നത്. എം.എ. കഴിയുമ്പോള്‍ത്തന്നെ സിനിമയിലെത്തി, സിനിമയുടെ ഒഴുക്കിലായി മുന്നോട്ടുള്ള പോക്ക്.
ഒരു വ്യക്തിയുടെ സര്‍ഗ്ഗാത്മകത ഒരിക്കലും അവസാനിക്കുന്നില്ലല്ലോ. ഈയടുത്ത് മനോരഥങ്ങള്‍ എന്ന ചിത്രത്തിനായി എഴുതിയതും അതിമനോഹരമായ ഗാനം. മറ്റെഴുത്തുവഴികള്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരു നിവൃത്തിയുണ്ടെങ്കില്‍ എഴുതാത്ത ആളാണ് ഞാന്‍. മടിപിടിച്ച് മടിപിടിച്ച് ഇത്ര പ്രായമായി എന്നതൊഴിച്ചു കഴിഞ്ഞാല്‍. കയ്യില്‍ കിട്ടിയിരിക്കുന്ന ഇത്തിരി അക്ഷരങ്ങള്‍, ഇത്തിരി ടാലന്റ് ഒരുപാടെടുത്ത് ഉപയോഗിക്കാത്തതിനാല്‍ അതുവറ്റാത്തതായിരിക്കാം. അതുകൊണ്ടായിരിക്കാം ഇന്നും എന്തെങ്കിലുമൊക്കെ എഴുതാന്‍ പറ്റുന്നത്.
വിണ്ണിലെ ഗന്ധര്‍വ്വവീണകള്‍, ദൂരെ കിഴക്കുദിക്കില്‍, പാടം പൂത്ത കാലം, പൂങ്കാറ്റേ പോയി ചൊല്ലാമേ, പൂക്കൈത പൂക്കുന്ന, പൊന്നുഷസ്സിന്റെ വെണ്‍ശംഖിലെ, പവിഴമല്ലി പൂവുറങ്ങി, കണ്ടാല്‍ ചിരിക്കാത്ത, തിരുനെല്ലിക്കാട് പൂത്തു, ഒരുകിളി ഇരുകിളി, ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു, ചെമ്പരത്തിപ്പൂവേ ചൊല്ല്, രാവിന് പൂന്തേന്‍ തേടും, പഴയൊരു പാട്ടിലെ, തീരം തേടുമോളം, അന്തിപ്പൊന്‍വെട്ടം, കറുകവയല്‍ക്കുരുവീ, ബാഗി ജീന്‍സും, കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍, കരിങ്കല്ലില്‍, കുറുക്കുമൊഴി കുറുകണ, തളിര്‍വെറ്റിലയുണ്ടോ, തുമ്പിപ്പെണ്ണേ വാ വാ, എന്തേ നീ കണ്ണാ, ഒരു വാക്ക് മിണ്ടാതെ, കിനാവിലെ ജനാലകള്‍, പാതിമുറിഞ്ഞ നിന് പാട്ടിന്റെ….ഹിറ്റ് ഗാനങ്ങളില്‍ ചിലത് .
താങ്കളെ പാട്ടെഴുത്തുകാരനെന്നു മാത്രമായി ഒരിടത്ത് ഒതുക്കാന്‍ പറ്റില്ലല്ലോ.
അത് ഭയങ്കര ബോറല്ലേ, ഒരുത്തന് ജീവിതത്തില്‍ പാട്ട് മാത്രമേ എഴുതിയിട്ടുള്ളുവെന്ന് പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതില്‍ മാത്രം ഒതുങ്ങാന്‍ പറ്റില്ല. നമ്മുടെ ചുറ്റുപാടുകളെപ്പറ്റി അറിയണം, മാറുന്ന ലോകത്തെപ്പറ്റി അറിയണം, ചിന്തിക്കണം.
ഷിബു ചക്രവര്‍ത്തി ഭാര്യ ഷിജി, മകള്‍ മാളവിക മരുമകന് സൂരജ്, മകന് ശന്തനു എന്നിവര്‍ക്കൊപ്പം