
ബോളിവുഡിന്റെ സ്വന്തം യവനസുന്ദരന്‍ ഹൃത്വിക് റോഷന്റെ 50-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കഹോനാ പ്യാര് ഹെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച വെള്ളാരംകണ്ണുള്ള യുവാവ് മനോഹരമായ പുഞ്ചിരി കൊണ്ടും ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തില്‍ വളരെപ്പെട്ടന്ന് ചേക്കേറി. കോയി മില്‍ ഗയ , ക്രിഷ്, ധൂം 2 എന്നീ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ മുന്‍നിര നടന്മാരില് ഒരാളാക്കുകയും ചെയ്തു.
വേള്‍ഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോക സുന്ദരന്മാരുടെ പട്ടികയില്‍ മൂന്നാമതായി ഹൃത്വിക്കും ഇടം പിടിച്ചിരുന്നു. ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പ്, ബ്രാഡ് പിറ്റ് എന്നിവരെ പിന്തള്ളിയാണ് ഹൃത്വിക് മുന്‍നിരയിലെത്തിയത്.
1974 ജനുവരി 10 നാണ് ഹൃത്വികിന്റെ ജനനം. ആറു വയസ്സുള്ളപ്പോഴാണ് ഹൃത്വിക് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. അമ്മയുടെ പിതാവായിരുന്ന ജെ ഓം പ്രകാശിന്റെ ആഷാ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. ജിതേന്ദ്രയായിരുന്നു നായകന്. ചിത്രത്തില്‍ അഭിനയിച്ചതിന് മുത്തശ്ശന് 100 രൂപ പ്രതിഫലം നല്‍കുകയും ചെയ്തു.
അന്തര്‍മുഖനായിരുന്ന ഹൃത്വിക് സ്കൂളില്‍ പോകാന്‍ താല്പര്യം കാണിച്ചിരുന്നില്ല. വിക്കുണ്ടായിരുന്ന ഹൃത്വികിനെ സഹപാഠികള്‍ കളിയാക്കിയതായിരുന്നു കാരണം. മാത്രമല്ല കൈവിരലുകളുടെ എണ്ണക്കൂടുതലും അദ്ദേഹത്തെ മറ്റുള്ളവര്‍ക്കു മുന്പില് പരിഹാസ്യനാക്കി. സംസാരവൈകല്യം മാറ്റാന്‍ ബാല്യകാലത്ത് തുടര്‍ച്ചയായി സ്പീച്ച്തെറാപ്പിക്ക് വിധേയനാകുകയും ചെയ്തു. സ്കൂള്‍ കാലഘട്ടത്തില്‍ നടന് ഉദയ് ചോപ്രയായിരുന്നു ഹൃത്വിക്കിന്റെ ആത്മാര്‍ഥ സുഹൃത്ത്. കുട്ടിക്കാലത്തും കൗമാരകാലത്തും ഹൃത്വിക് നേരിട്ടത് കടുത്ത പരീക്ഷണങ്ങളായിരുന്നു. നട്ടെല്ലിനെ ബാധിക്കുന്ന രോഗത്തെ തുടര്‍ന്ന് കടുത്ത വേദന അനുഭവിച്ചിരുന്നു. ഈ വേദന സഹിച്ചാണ് നൃത്തം പഠിച്ചത്.
പിതാവ് രാകേഷ് റോഷന്റെ സഹായിയായി സിനിമയില്‍ എത്തിയ ഹൃത്വിക് ചെയ്യാത്ത ജോലികളില്ല. അച്ഛന്റെ പേര് തന്റെ ഉയര്‍ച്ചയ്ക്ക് ഉപയോഗിക്കാന്‍ ഹൃത്വിക് ആഗ്രഹിച്ചില്ല. അതുകൊണ്ടു തന്നെ ഏതു ജോലിയും ഏറ്റെടുക്കാനുള്ള സന്നദ്ധത കാണിച്ചിരുന്നു. സംവിധാന സഹായിയാകും മുന്‍പ് സിനിമാ സെറ്റുകളില്‍ ചായ വിതരണം ചെയ്യുകയും നിലം തുടയ്ക്കുകയും ചെയ്തിട്ടുണ്ട്.
സിനിമാഭിനയത്തിന് വേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍ ഹൃത്വിക്കിനെ പഠിപ്പിച്ചത് സല്മാന് ഖാന് ആയിരുന്നു. മൈക്കിള്‍ ജാക്സനും ഷമ്മി കപൂറുമായിരുന്നു നൃത്തത്തില്‍ ഹൃതികിന്റെ ആരാധനാ പുരുഷന്മാര്. താന്‍ ഒരു കാലത്ത് സിഗരറ്റിന് അടിമയായിരുന്നുവെന്ന് ഹൃത്വിക് തുറന്നു പറഞ്ഞിട്ടുണ്ട്. പുകവലിയുടെ ദൂഷ്യഫലങ്ങള്‍ യുവാക്കളിലേക്കെത്തിക്കാനുള്ള പരിപാടികളില്‍ ഹൃത്വിക് ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
ഒരുകാലത്ത് ഹൃത്വിക് സിനിമയോട് വിടപറയാന്‍ തുനിഞ്ഞു. പിതാവ് രാകേഷ് റോഷനെതിരെയുള്ള വധശ്രമമായിരുന്ന കാരണം. പുണെ തിലക് റോഡിന് സമീപം ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍ രാകേഷിനുനേരെ വെടിയുര്‍ത്തു. ദീര്‍ഘനാളത്തെ ചികിത്സകള്‍ക്കുശേഷമാണ് രാകേഷ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്.
ഷാരൂഖ് ഖാന് നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രമാണ് ഹൃത്വികിന്റേതായി തിയേറ്ററുകളിലെത്തുന്നത്. ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. 2023 ജനുവരി 25-ന് ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]