
ബോളിവുഡ് നടൻ ഇമ്രാൻ ഹഷ്മിയുടെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ നിമിഷം മകൻ അയാൻ അർബുദ ബാധിതനാണെന്ന് അറിഞ്ഞതായിരുന്നു. 2014 ലാണ് നാലു വയസ്സുകാരനായ അയാൻ ഹഷ്മിയിൽ ഡോക്ടർമാർ അർബുദം കണ്ടെത്തുന്നത്. അഞ്ച് വർഷത്തെ ചികിത്സയ്ക്ക് ശേഷം അയാൻ അസുഖത്തിൽ നിന്നും പൂർണമായി മോചിതനാവുകയും ചെയ്തു. ഈ ദിവസങ്ങളെ വീണ്ടും ഓർത്തെടുത്തിരിക്കുകയാണ് ഇമ്രാൻ ഹഷ്മി.
മകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും അടങ്ങിയ രണ്ട് ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയാണ് തന്റെ ജീവിതത്തിലെ വിഷമഘട്ടത്തേക്കുറിച്ച് ഇമ്രാൻ ഹഷ്മി പങ്കുവെച്ചത്. “എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാൾ. എന്റെ മകൻ, എന്റെ സുഹൃത്ത്, എന്റെ സൂപ്പർഹീറോ-അയാൻ” എന്നാണ് ഒരു പോസ്റ്റിൽ ഇമ്രാൻ ഹഷ്മി പറയുന്നത്. ഈ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചെറുവീഡിയോയിൽ “കിസ് ഓഫ് ലൈഫ്: ഹൗ എ സൂപ്പർഹീറോ ആൻഡ് മൈ സൺ ഡിഫീറ്റഡ് ക്യാൻസർ” എന്ന പുസ്തകത്തിന്റെ മുഖചിത്രംനോക്കി അയാൻ വായിക്കുന്നതും കാണാം.
“അയാന്റെ രോഗനിർണയം നടന്നിട്ട് ഇന്ന് പത്ത് വർഷമായി… ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടം, എന്നാൽ വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി ഞങ്ങൾ അതിനെ അതിജീവിച്ചു. അതിലും പ്രധാനമായി, അവൻ അതിനെ അതിജീവിച്ച് ശക്തമായി തുടരുന്നു. ഒപ്പം നിന്നതിന് നന്ദി. നിങ്ങളുടെ സ്നേഹത്തോടെയും പ്രാർത്ഥനയോടെയും ഞങ്ങൾ.” ഇമ്രാൻ ഹഷ്മി കൂട്ടിച്ചേർത്തു.
അർബുദ രോഗബാധിതനായ മകന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും വിവരിക്കുന്ന ഒരു പുസ്തകം ഇമ്രാൻ ഹഷ്മി പുറത്തിറക്കിയിരുന്നു. അതാണ് ‘ദ കിസ്സ് ഓഫ് ലൗ’. പുസ്തകം രചിക്കാൻ ഇമ്രാൻ ഹഷ്മിയെ സഹായിച്ചത് യുവ എഴുത്തുകാരൻ ബിലാൽ സിദ്ദിഖിയായിരുന്നു. അർബുദ ബാധിതരായവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും പ്രചോദനമേകാനാണ് താൻ പുസ്തകം രചിച്ചതെന്ന് അന്ന് ഇമ്രാൻ ഹഷ്മി പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]