കോള്‍ഡ് പ്ലേ ലൈവ് മ്യൂസിക് അനുഭവത്തിന്റെ മാജിക് നുകരാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. മുംബൈയിൽ നടക്കാനിരിക്കുന്ന ഷോയുടെ ടിക്കറ്റ് ബുക്കിങ്ങ് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചപ്പോഴുണ്ടായ കോലാഹലങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ കോള്‍ഡ് പ്ലേ കണ്‍സേര്‍ട്ടുമായി ബന്ധപ്പെട്ട് മറ്റൊന്നു കൂടി ചര്‍ച്ചയാകുകയാണ്.
കോള്‍ഡ്പ്ലേ ഷോ കാണാനായി അഹമ്മദാബാദിന് പുറത്തു നിന്നെത്തുന്നവര്‍ക്കുള്ള താമസം ചെലവേറിയതാകുമെന്ന സൂചനയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. അഹമ്മദാബാദിലെ ഹോട്ടല്‍ വാടകയുടെ സ്ക്രീന്‍ഷോട്ടുകളാണ് എക്സില്‍ ചര്‍ച്ചയാകുന്നത്.
ഒരു രാത്രി തങ്ങാനായി 18,000 രൂപ മുതല്‍ 50,000 രൂപ വരെ ഹോട്ടലുകള്‍ ഈടാക്കുന്നുണ്ടെന്നാണ് വിവരം. ജനുവരി 18, 19, 21 തീയതികളില്‍ നവിമുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലും ജനുവരി 25-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുമാണ് ലോകപ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാന്‍ഡിന്റെ കണ്‍സേര്‍ട്ടുകള്‍ നടക്കുന്നത്.
‘അഹമ്മദാബാദിലെ കോള്‍ഡ് പ്ലേ ഷോ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പരിപാടി നടക്കുന്നതിന് അടുത്തുള്ള ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിരുന്നു. ഒരു രാത്രിക്കായി 1800 രൂപക്കാണ് റൂം ബുക്ക് ചെയ്തത്. ടിക്കറ്റ് കാന്സലായതായി ഇപ്പോള്‍ മെയില്‍ വന്നു. ഇപ്പോള്‍ അതേ ഹോട്ടലിലെ റൂം വാടക 18,000-ആയി ഉയര്‍ന്നിരിക്കുന്നു’ – ഓരാളുടെ എക്സ് പോസ്റ്റില്‍ പറയുന്നു.
ജനുവരി 18നും 19നും ലോകസഞ്ചാരത്തിന്റെ ഭാഗമായുള്ള ലൈവ് സംഗീതപ്രകടനത്തിന്റെ മുംബൈയില്‍ പ്ലാന്‍ ചെയ്ത കണ്സേര്ട്ടുകളുടെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ കൊണ്ട് വിറ്റഴിഞ്ഞതോടെ ആരാധകരുടെ പരാതികള്‍ കണക്കിലെടുത്ത് ബുക്ക് മൈ ഷോ ജനുവരി 25-ന് അഹമ്മദാബാദില്‍ മറ്റൊരു കണ്‍സേര്‍ട്ട് കൂടെ പ്രഖ്യാപിക്കുകയായിരുന്നു. രണ്ടാമത് പ്രഖ്യാപിച്ച അഹമ്മദാബാദിലെ കോള്‍ഡ് പ്ലേ ഷോയുടെ ടിക്കറ്റുകള്‍ നവംബര്‍ 16 ഉച്ചക്ക് 12 മണിക്കാണ് ബുക്ക് മൈ ഷോയിലൂടെ വിതരണം തുടങ്ങുക.
ക്രിസ് മാര്ട്ടിന്, ഗൈ ബെറിമാന്‍, വില്‍ ചാമ്പ്യന്‍, ജോണി ബക്ക്ലാന്‍ഡ്, ഫില്‍ ഹാര്‍വി എന്നിവരടങ്ങുന്ന ബാന്‍ഡിന് ലോകമെങ്ങും ആരാധകരേറെയാണ്.
മികച്ച കാഴ്ചയനുഭവംകൂടി സമ്മാനിക്കുന്നതാണ് ബാന്‍ഡിന്റെ ലൈവ് സംഗീതപരിപാടികള്‍. മുംബൈയിലെ ഷോയുടെ ടിക്കറ്റുകള്‍ മൂന്നുലക്ഷംരൂപവരെ നല്കി വെബ്സൈറ്റില്‍നിന്ന് വാങ്ങിയവരുണ്ട്. ഔദ്യോഗിക ടിക്കറ്റിങ് പാര്‍ട്ണറായ ബുക്ക് മൈ ഷോയില്‍ മിനിറ്റുകള്‍ക്കകം ടിക്കറ്റ് തീര്‍ന്നിരുന്നു. 2,500 മുതല്‍ 35,000 രൂപവരെയായിരുന്നു ടിക്കറ്റിന്റെ വില.
നവിമുംബൈയില്‍, കോള്‍ഡ് പ്ലേ സംഗീതപരിപാടി നടക്കാനിരിക്കുന്ന ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിനുസമീപമുള്ള കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ്, താജ് വിവാന്‍ഡ തുടങ്ങിയ ഹോട്ടലുകളിലെ മിക്കവാറും മുറികള്‍ ഈ ദിവസങ്ങളില്‍ ഒരു രാത്രിക്ക് ഒരുലക്ഷംരൂപ വരെ ഈടാക്കാക്കിയിരുന്നു.
2016-ലാണ് കോള്‍ഡ് പ്ലേ ഇന്ത്യയില്‍ മുന്‍പ് പരിപാടി അവതരിപ്പിച്ചത്. ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഹ്രസ്വമായ പരിപാടിയായിരുന്നു അവതരിപ്പിച്ചത്. ഒന്‍പതുവര്‍ഷത്തിനുശേഷം മുഴുനീള സംഗീതപരിപാടിയുമായാണ് കോള്‍ഡ് പ്ലേ ഇന്ത്യയിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]