‘ടെെഗർ 3’യുടെ പ്രദർശനത്തിനിടെ ആരാധകർ തിയേറ്ററിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. തിയേറ്ററിൽ പടക്കം പൊട്ടിക്കുന്നത് അപകടകരമാണെന്ന് സൽമാൻ ഖാൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ടെെഗർ 3’യുടെ പ്രദർശനത്തിനിടെ തിയേറ്ററുകൾക്കുള്ളിൽ പടക്കം പൊട്ടിച്ചതിനെക്കുറിച്ച് കേൾക്കാനിടയായി. ഇത് അപകടകരമാണ്. നമ്മളേയും മറ്റുള്ളവരെയും അപകടത്തിലാക്കാതെ സിനിമ ആസ്വദിക്കാം. സുരക്ഷിതരായി ഇരിക്കുക, സൽമാൻ ഖാൻ കുറിച്ചു.
ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ സൽമാൻ ചിത്രമെന്ന നിലയിൽ വൻ വരവേല്പാണ് ആരാധകർ ‘ടൈഗർ 3’യ്ക്ക് നൽകിയത്. എന്നാൽ ചിലയിടത്ത് പ്രദർശനത്തിനിടെ ആരാധകരുടെ ആവേശം അതിരുവിട്ടു. മാലേഗാവിലെ ആരാധകർ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് ആഘോഷിച്ചത്. തിയേറ്ററിനകത്ത് ഒരു ദീപാവലി ആഘോഷത്തിന്റെ പ്രതീതിയായിരുന്നു.
നാസിക്കിലെ മോഹൻ തിയേറ്ററിലെ ആരാധകരുടെ സകല നിയന്ത്രണവുംവിട്ടുള്ള ആഘോഷ പ്രകടനം തിയേറ്റർ അധികൃതർക്കും സിനിമ കാണാനെത്തിയ മറ്റുള്ളവർക്കും ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല സൃഷ്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ. പടക്കം പൊട്ടിത്തെറിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ ആളപായമൊന്നുമില്ല എന്നതാണ് ആശ്വാസകരമായ കാര്യം. മോഹൻ തിയേറ്ററിനുപുറമേ ടൈഗർ 3 കളിക്കുന്ന മറ്റുചില തിയേറ്ററുകളിലും സമാനരീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്.
യഷ് രാജ് ഫിലിംസിന്റെ സ്പെെ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തിൽ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പൻ സംഘട്ടനരംഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാൻ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഷാരൂഖിന്റെ പഠാനിൽ ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തിയിരുന്നു.
ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രേവതിയും ടൈഗർ 3-യിൽ പ്രധാനവേഷത്തിലുണ്ട്. ടൈഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈഗർ 3. മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. അങ്കുർ ചൗധരിയുടേതാണ് സംഭാഷണങ്ങൾ. പ്രീതം സംഗീത സംവിധാനവും അനയ് ഓം ഗോസ്വാമി ഛായാഗ്രഹണവും നിർവഹിക്കുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ടൈഗർ 3യുടെ നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]