
ഈ വർഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രം, തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം, ദക്ഷിണേന്ത്യൻ സിനിമയിൽ നിലവിൽ ഏറെ തിരക്കുള്ള അൻബറിവ് എന്ന ഇരട്ട സംഘട്ടന സംവിധായകർ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം എന്നിങ്ങനെ നിരവധി പ്രത്യേകതകളുമായി എത്തിയ സിനിമയാണ് ബാന്ദ്ര. ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപിയാണ് ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ മുംബൈയാണ് ചിത്രത്തിന്റെ പശ്ചാത്തലം. കണ്ണൂരിലെ ഹാർബർ നടത്തിപ്പുകാരനായ ആല എന്ന അലൻ അലക്സാണ്ടർ ഡൊമിനിക്. ആല എങ്ങനെയാണ്, എന്തിനുവേണ്ടിയാണ് കണ്ണൂരിൽ നിന്ന് മുംബൈയിൽ എത്തുന്നതെന്നാണ് ബാന്ദ്ര പറയുന്നത്. മാസ് അവതരണവും ആക്ഷൻ രംഗങ്ങളും പശ്ചാത്തലസംഗീതവും സംഭാഷണങ്ങളും സംഘർഷഭരിത മുഹൂർത്തങ്ങളുമാണ് ബാന്ദ്രയെ സജീവമാക്കി നിർത്തുന്നത്. 1990-കളാണ് കഥ നടക്കുന്ന സമയം. അതുകൊണ്ടുതന്നെ ഒരു പീരിയോഡിക് ആക്ഷൻ ചിത്രമെന്ന് ബാന്ദ്രയെ വിശേഷിപ്പിക്കുകയുമാവാം.
ബോംബെ എന്നുകേൾക്കുമ്പോൾ മിക്ക സിനിമാ പ്രേമികളുടേയും മനസിലേക്കോടിയെത്തുന്ന രക്തനിറം പൂണ്ട സംഭവങ്ങൾ തന്നെയാണ് ഒരുഘട്ടത്തിനപ്പുറം ബാന്ദ്രയ്ക്ക് സംഘർഷഭരിതമായ മുഖം നൽകുന്നത്. ആല എന്ന നേതാവിന്റെ വളർച്ചയുടേയും വെല്ലുവിളികളുടേയും അതിജീവനത്തിന്റെയും കഥകൂടിയാണ് ബാന്ദ്ര. ആലയെ അയാൾ അതുവരെ അഭിമുഖീകരിച്ച ജീവിതസന്ധികളിൽ നിന്നെല്ലാം മാറ്റി ജീവിതത്തിന്റെ മറ്റൊരു മുഖം നൽകുന്നത് ചലച്ചിത്രനടി താര ജാനകിയുമായുള്ള സൗഹൃദവും പ്രണയവുമാണ്. ഇവരുടെ ഈ ബന്ധത്തിന് മറ്റൊരു തലംകൂടി സംവിധായകൻ നൽകുന്നുണ്ട്. കാരണം നടിയാണ് എന്ന ഒറ്റക്കാരണത്താൽ ഐഡന്റിറ്റി ക്രൈസിസ് നേരിടുന്ന വ്യക്തിയാണ് താര. ആലയുമൊത്ത് ചെലവഴിച്ച ഏതാനും നാളുകളാണ് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തങ്ങൾ. അതുകൊണ്ട് താരയിൽ മാറ്റങ്ങളുണ്ടാക്കിയയാൾ കൂടിയാണ് ആല.
അമ്മ, ബാബുക്ക, സ്റ്റാൻലി, മിർച്ചി എന്നിങ്ങനെ പല കഥാപാത്രങ്ങളുമായി ആലയെ കൂട്ടിയോജിപ്പിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ. സ്നേഹിക്കുന്നവർക്കുവേണ്ടി എന്തും ചെയ്യുന്നയാൾ എന്ന ഇമേജ് ആലയ്ക്ക് നൽകാനായി മേൽപ്പറഞ്ഞ കഥാപാത്രങ്ങളോടുള്ള അയാളുടെ ഇടപെടലുകൾ എങ്ങനെയാണെന്ന് കാണിക്കുന്ന രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സാം സി.എസ് എന്ന സംഗീതജ്ഞനെ ഉപയോഗിച്ച് ആലയുടെ നായകപരിവേഷം പരമാവധി ഉയർത്തിനിർത്താൻ ടീം ബാന്ദ്ര ശ്രമിച്ചിട്ടുണ്ട്.
ആല എന്ന അലൻ അലക്സാണ്ടർ ഡൊമിനിക്ക് ആയെത്തിയ ദിലീപാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. താരത്തിന് മാസ് ഹീറോ പരിവേഷം നൽകിക്കൊണ്ടാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. തമന്ന തന്റെ മലയാള അരങ്ങേറ്റം മോശമാക്കിയില്ല. കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന മിർച്ചി, ഗണേഷ് കുമാറിന്റെ ബാബുക്ക എന്നീ കഥാപാത്രങ്ങളാണ് പിന്നെ സ്ക്രീൻ പ്രസൻസിൽ മുന്നിൽ നിൽക്കുന്നത്. ഇതിൽ ഷാജോണിന്റെ മിർച്ചിയെ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. ആലയുടെ ഉയർച്ചയും താഴ്ചയും കൺമുന്നിൽക്കണ്ട കഥാപാത്രത്തെ അദ്ദേഹം മികവുറ്റതാക്കി.
ഈശ്വരി റാവു, ഡിനോ മോറിയ, ശരത് കുമാർ, സിദ്ദിഖ്, ലെന, വി.ടി.വി. ഗണേഷ്, ശരത് സഭ എന്നിവരും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി. സാം. സി.എസിന്റെ പാട്ടുകളും നിലവാരം പുലർത്തി. സ്റ്റൈലിഷായിരുന്നു അൻബറിവും സംഘവും ഒരുക്കിയ സംഘട്ടനരംഗങ്ങൾ. മികച്ച ആക്ഷൻ രംഗങ്ങളുള്ള സ്റ്റൈലിഷ് ഇമോഷണൽ ചിത്രമാണ് ചുരുക്കിപ്പറഞ്ഞാൽ ബാന്ദ്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]