
റെയിൽവേ പ്ലാറ്റ്ഫോം ഞൊടിയിടയിൽ സംഗീതവേദിയാകുന്നു. വണ്ടികാത്തുനിൽക്കുന്നവർ ആസ്വാദകരും. സ്റ്റേഷനിലെ തിരക്കിനും ബഹളത്തിനും ശബ്ദകോലാഹലത്തിനും മുകളിലൂടെ അന്തരീക്ഷത്തിൽ ഒരു ഗന്ധർവ്വനാദം ഒഴുകി നിറയുന്നു:
“ബാലകനകമയ ചേല സുജന പരിപാല ശ്രീരമാലോല വിധൃതശരജാല ശുഭദ കരുണാല…” അഠാണ രാഗത്തിലുള്ള എലനീ ദയറാദു എന്ന ത്യാഗരാജകൃതി പാടുകയാണ് സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർ. മുന്നിൽ ആ ആലാപനത്തിന്റെ സൗന്ദര്യം നുകർന്നും ഇടയ്ക്കിടെ അതിന്റെ സഞ്ചാരപഥങ്ങളിൽ ഒഴുകിച്ചേർന്നും ജയവിജയന്മാർ. “ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത രാത്രിയായിരുന്നു അത്.”, യശഃശരീരനായ സംഗീതജ്ഞൻ ജയൻ മാസ്റ്റർ ഒരിക്കൽ പറഞ്ഞു. “പ്ലാറ്റ്ഫോമിലെ സർവ്വചരാചരങ്ങളും ആ നാദലഹരിയിൽ അലിഞ്ഞ് നിശ്ചലരും നിശ്ശബ്ദരുമായ പോലെ. ഞങ്ങളും മറ്റേതോ ലോകത്തായിരുന്നു…”
രസകരമായ ആ നിമിഷങ്ങൾ ജയൻ മാസ്റ്റർ ഒരിക്കൽ ഓർത്തെടുത്തതിങ്ങനെ: “തഞ്ചാവൂർ രസികരഞ്ജിനി സഭയിൽ ചെമ്പൈ സ്വാമിയുടെ കച്ചേരി കഴിഞ്ഞ് മദ്രാസിലേക്ക് അദ്ദേഹത്തോടൊപ്പം മടങ്ങുകയാണ് ഞങ്ങൾ. രാത്രിവണ്ടിക്കാണ് മടക്കം. സ്റ്റേഷനിൽ എത്തിയപ്പോൾ അറിയുന്നു വണ്ടി രണ്ടു മണിക്കൂർ വൈകുമെന്ന്.
“അപ്പോഴാണ് കയ്യിൽ ചുരുട്ടിപ്പിടിച്ചിരിക്കുന്ന കോസരി നിലത്ത് നിവർത്തിയിടാൻ സ്വാമിയുടെ കൽപ്പന. ഇരുന്ന് വിശ്രമിക്കാനാകുമെന്നാണ് ഞാനും വിജയനും കരുതിയത്. എന്നാൽ കോസരി വിരിച്ചിട്ടതും സ്വാമി പറഞ്ഞു: സമയം ധാരാളമുണ്ടല്ലോ. നമുക്കൊരു കീർത്തനം പഠിക്കാം…”
ചെമ്പൈ യേശുദാസിനെ ആദരിക്കുന്നു
അത്ഭുതം തോന്നി ചെറുപ്പക്കാരായ ശിഷ്യർക്ക്, തെല്ലൊരു സങ്കോചവും. ആകെ ബഹളമയമാണ് സ്റ്റേഷനിലെ അന്തരീക്ഷം. ചുറ്റിലും നൂറുകണക്കിന് ആളുകൾ. അവർക്കിടയിൽ ഇരുന്ന് പാട്ട് പഠിക്കുക എന്നുവെച്ചാൽ… എന്നാൽ ചെമ്പൈയ്ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. മേൽവസ്ത്രം ഊരിമാറ്റി എല്ലാ അർത്ഥത്തിലും സംഗീതഗുരുവായി മാറി ശിഷ്യർക്ക് മുന്നിൽ പാട്ടുപഠിപ്പിക്കാനിരുന്നു അദ്ദേഹം. “ആര് ശ്രദ്ധിച്ചാൽ നമുക്കെന്ത്? പാടിത്തുടങ്ങിയാൽ ചുറ്റുമുള്ളതൊക്കെ മറന്നുകളയുക. ഏതെങ്കിലും കച്ചേരി വേദിയിലാണെന്ന് നിരൂപിച്ചാൽ മതി. അവിടെ ഈശ്വരനും നമ്മളും സംഗീതവും മാത്രം. ഇവിടെയും അങ്ങനെ തന്നെ…”, സ്വാമി പറഞ്ഞു.
നിലയ്ക്കാത്ത രാഗസുധാരസ പ്രവാഹമായിരുന്നു പിന്നെ. ഭക്തിയുടെ അഭൗമതലങ്ങളിലൂടെയുള്ള ഗുരുശിഷ്യന്മാരുടെ ആ യാത്ര കണ്ടും കേട്ടും അന്തംവിട്ടു നിന്നു പ്ലാറ്റ്ഫോമിലെ ജനസഞ്ചയം. “പിന്നെയെപ്പൊഴും ആ കൃതി പാടുമ്പോൾ ചെമ്പൈ സ്വാമിയുടെ മുഖമാണ് ഓർമ്മയിൽ തെളിയുക. അദ്ദേഹം പറഞ്ഞ വാക്കുകളും: ഇന്ന് ഈ പ്ലാറ്റ്ഫോമിൽ ഇത്രയും ആളുകൾക്ക് മുൻപിലിരുന്ന് പാടി. ഇനി നിങ്ങളെ കാത്തിരിക്കുന്നത് ജീവിതത്തിന്റെ വിശാലമായ പ്ലാറ്റ്ഫോമാണ്. അവിടെ ഒരിക്കലും തളരരരുത്. ലജ്ജാശീലരാകരുത്. അതിനുള്ള പരിശീലനം കൂടിയായിരുന്നു ഇന്നത്തെ അഭ്യസനം എന്ന് കരുതുക.” അടുത്ത വർഷം ആകാശവാണി സംഗീതസമ്മേളനത്തിൽ പങ്കെടുക്കാൻ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്സിൽ ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ ഇതേ കഥ ആവർത്തിക്കപ്പെട്ടു. അന്ന് സ്റ്റേഷനിലിരുന്ന് ഗുരുമുഖത്തു നിന്ന് ജയവിജയന്മാർ പഠിച്ചത് സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട കീർത്തനം: ഹംസാനന്ദി രാഗത്തിലുള്ള “പാവന ഗുരുപവനപുരാധീശമാശ്രയേ”.
മൃദംഗവിദ്വാൻ ടി വി ഗോപാലകൃഷ്ണനാണ് മദ്രാസിൽ അവസരങ്ങൾ തേടിയെത്തിയ ഇരട്ട സഹോദരന്മാരെ ചെമ്പൈയ്ക്ക് പ രിചയപ്പെടുത്തിയത്. സുദീർഘമായ ഒരു ഗുരുശിഷ്യബന്ധത്തിന്റെ തുടക്കം. ഒരു പതിറ്റാണ്ടോളം ചെമ്പൈയുടെ കീഴിൽ സംഗീതം അഭ്യസിച്ചു ജയവിജയന്മാർ. അമൂല്യമായ ജീവിതപാഠങ്ങൾ പകർന്നുകിട്ടിയ കാലമായിരുന്നു അത്. “സംഗീതത്തെ ജാതിമതങ്ങൾക്കും ലിംഗവ്യത്യാസങ്ങൾക്കും കാലദേശങ്ങൾക്കുമെല്ലാം അതീതമായി കണ്ട ഗുരുനാഥൻ. വിവരിക്കാനാവാത്ത സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് ഞങ്ങളോട്.”, ജയന്റെ വാക്കുകൾ.
ആദ്യമായി ഒരുമിച്ചു കച്ചേരി പാടിയത് ചെന്നൈ മാമ്പലത്തെ കൃഷ്ണഗാനസഭയിൽ. “ഒന്നുരണ്ടു കൃതി പാടിക്കഴിഞ്ഞപ്പോൾ സ്വാമി മൈക്ക് ഓപ്പറേറ്ററെ വിളിച്ചു പറഞ്ഞു: ഈ രണ്ട് കുട്ടികൾക്കും ഓരോ മൈക്ക് കൊടുക്കൂ. ഓപ്പറേറ്റർക്ക് സംശയം. അകമ്പടിക്കാർക്ക് മൈക്ക് കൊടുക്കുന്ന പതിവില്ല അന്ന്. പക്ഷേ, സ്വാമി പറഞ്ഞു: “കണ്ടിപ്പാ കൊടുക്ക വേണം. അവരുടെ ശബ്ദവും ആളുകൾ വ്യക്തമായി കേൾക്കട്ടെ.”
മറ്റൊരു രസം കൂടിയുണ്ടായി. “ഭൂരിഭാഗവും ബ്രാഹ്മണർ അടങ്ങിയ സദസ്സാണ്. ഞങ്ങൾ ബ്രാഹ്മണരല്ലല്ലോ. ചെമ്പൈ സ്വാമി അബ്രാഹ്മണരെ അകമ്പടി പാടാൻ വിളിക്കില്ല എന്നായിരുന്നു കേൾക്കാൻ വന്നവരുടെ വിശ്വാസം. കച്ചേരി കഴിഞ്ഞ ശേഷം സ്റ്റേജിൽ കയറിവന്ന് ഒരു വയോധികൻ സ്വാമിയോട് ചോദിച്ചു: കോട്ടയത്തെ കോയിക്കൽ മനയിൽ നിന്നുള്ളവരാണ് ഈ ചെറുപ്പക്കാർ എന്ന് കേട്ടു. ശരിയാണോ?”.
പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തില് നടന്ന ചെമ്പൈയുടെ അവസാന കച്ചേരി
ജയവിജയന്മാരെ ഒന്ന് തിരിഞ്ഞുനോക്കി കണ്ണിറുക്കിയ ശേഷം തെല്ലും ഗൗരവം കൈവിടാതെ ചെമ്പൈയുടെ മറുപടി: “അതെ. എന്താ സംശയം?”
അതായിരുന്നു ചെമ്പൈ. സംഗീതം സ്നേഹോപാസനയായിക്കണ്ട നാദതപസ്വി. അൻപതു വർഷമാകുന്നു ആത്മീയതയിൽ സ്ഫുടം ചെയ്തെടുത്ത ആ നാദപ്രവാഹം നിലച്ചിട്ട്. എങ്കിലെന്ത്? ഇന്നും അന്തരീക്ഷത്തിൽ ആ ശബ്ദതരംഗങ്ങളുണ്ട്. പണ്ഡിതനേയും പാമരനേയും ഒരുപോലെ സംഗീതത്തിന്റെ മാന്ത്രികലോകത്തേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നു അവ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]