
സിനിമാലോകത്തിന് നടൻ ഷാരൂഖ് ഖാനെ സമ്മാനിച്ച ടെലിവിഷൻ പരമ്പര ‘ഫൗജി’ വീണ്ടും വരുന്നു. 1989 ലെ ഈ ഹിറ്റ് പരമ്പര 35 വർഷങ്ങൾക്ക് ശേഷമാണ് പുത്തൻ രൂപത്തിൽ വീണ്ടുമെത്തുന്നത്. ‘ഫൗജി 2’ എന്ന പേരിലായിരിക്കും ടെലിവിഷൻ പരമ്പര വീണ്ടുമെത്തുക.
‘ഫൗജി’യിലൂടെയാണ് ഷാരൂഖ് ഖാൻ്റെ അഭിനയ കരിയർ ആരംഭിക്കുന്നത്. ദൂരദർശൻ്റെ പരമ്പരയിൽ സെെനികൻ്റെ വേഷത്തിലാണ് ഷാരൂഖ് എത്തിയത്. ദൂരദർശനിലൂടെ സംപ്രേക്ഷണം ആരംഭിക്കാനിരിക്കുന്ന ‘ഫൗജി 2’വിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
സന്ദീപ് സിങ്ങാണ് ദൂരദർശനുമായി ചേർന്ന് ക്ലാസിക്ക് ഷോ വീണ്ടും എത്തിക്കുന്നത്. വ്യവസായിയും അഭിനേതാവുമായ അങ്കിത ലോഖണ്ഡേയുടെ ഭർത്താവും ബിഗ് ബോസ് ജേതാവുമായ വികാസ് ജെയിൻ ‘ഫൗജി 2’വിൽ കേണൽ സഞ്ജയ് സിങ് ആയി എത്തും. നടി ഗൗഹർ ഖാൻ ലെഫ്റ്റനൻ്റ് കേണൽ സിമർജീത് കൗറായി വേഷമിടും. ആഷിഷ് ഭരദ്വാജ്, ഉത്കർഷ് കോഹ്ലി, യാൻ മഞ്ചന്ദ തുടങ്ങി 12 പുതുമുഖങ്ങളെ പരമ്പരയിലൂടെ സന്ദീപ് സിങ് അവതരിപ്പിക്കുന്നു.
‘ടെലിവിഷനിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഷോകളിലൊന്നാണ് ഞങ്ങൾ തിരികെ കൊണ്ടുവരുന്നത്. പുതിയതും ആവേശം പകരുന്നതുമായ രൂപത്തിലാണ് ഷോ എത്തുന്നത്. 1989-ലെ ഫൗജി നമുക്ക് സമ്മാനിച്ചത് ഷാരൂഖ് ഖാനെയാണ്. അദ്ദേഹം തൻ്റെ അസാധാരണമായ ഊർജ്ജവും കഴിവും കൊണ്ട് ഒരു ജനതയെ മുഴുവൻ ആകർഷിച്ചു. ഫൗജി 2-ലൂടെ ചരിത്രം പുനഃസൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’, സന്ദീപ് സിങ് പറഞ്ഞു.
സോനു നിഗം ആണ് ‘ഫൗജി 2’വിൻ്റെ ടെെറ്റിൽ ട്രാക്ക് ആലപിച്ചിരിക്കുന്നത്. അഭിനവ് പരേക്ക് ആണ് പരമ്പര സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, ഗുജറാത്തി, തെലുങ്ക്, പഞ്ചാബി, ബംഗാളി ഭാഷകളിൽ പരമ്പര പ്രദർശനത്തിനെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]