“എന്റെ തോളില്‍ ഉയര്‍ത്താവുന്ന ചിത്രങ്ങളേ നായകവേഷത്തില്‍ ചെയ്തിട്ടുള്ളൂ…” പറയുന്നത് നടന് അനു മോഹന്‍ ആണ്. മലയാളത്തിന്റെ അനശ്വര നടന് കൊട്ടാരക്കര ശ്രീധരന് നായരുടെ കൊച്ചുമകന്, അഭിനേതാക്കളായ മോഹന്റേയും ശോഭാ മോഹന്റേയും മകന്, നടന് സായികുമാറിന്റെ അനന്തരവന്, നടന് വിനു മോഹന്റെ സഹോദരന് എന്നിങ്ങനെ ശക്തമായ ചലച്ചിത്ര പശ്ചാത്തലത്തില്‍നിന്നാണ് വരവെങ്കിലും സിനിമയില്‍ സ്വന്തമായി അധ്വാനിച്ച് ഇരിപ്പുറപ്പിക്കാനായിരുന്നു അനു മോഹന്‍ ശ്രമിച്ചത്. സിനിമാ ജീവിതം ആരംഭിച്ച് 19 വര്‍ഷം ആയെങ്കിലും വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അനു വേഷമിട്ടിട്ടുള്ളൂ. ചെയ്തതെല്ലാം ഒന്നിനൊന്ന് മികച്ചത് എന്നുകൂടി ഇതിനൊപ്പം പറയണം. വിലായത്ത് ബുദ്ധ ഉള്‍പ്പെടെ വലിയ ചിത്രങ്ങളുള്‍പ്പെടെ വരാനിരിക്കുന്നു. തന്റെ ചലച്ചിത്ര യാത്രയേക്കുറിച്ച് അനു മോഹന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
സിനിമ അപരിചിതമായ ഒന്നായിരുന്നില്ല
സിനിമ കുഞ്ഞിലേ മുതല്‍ ഉള്ളിലുണ്ട്. കാരണം ഞാന്‍ വളര്‍ന്ന സാഹചര്യം അങ്ങനെയായിരുന്നു. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛനുമമ്മയുമെല്ലാം നാടകങ്ങള്‍ ചെയ്യുന്നത്. പിന്നെ കോളേജിലെത്തിയപ്പോഴേക്കും അമ്മ സിനിമയില്‍ വീണ്ടും സജീവമായി. അതുകൊണ്ട് സിനിമ എന്നത് വീട്ടില്‍ അപരിചിതത്വം നിറഞ്ഞ ഒന്നല്ല. സ്കൂള്‍ സമയത്തൊന്നും അഭിനയിക്കാനുള്ള ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. സാങ്കേതികമേഖലയായിരുന്നു താത്പര്യം. ഒരു കൈനോക്കാം എന്ന രീതിയിലല്ല സിനിമയിലേക്ക് വന്നത്. നേരത്തെ ഒരിടത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. ആ ജോലി രാജിവെച്ച് ഇനി സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിക്കാം എന്ന ചിന്ത വരുന്നത് തീവ്രം എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്താണ്.
അനു മോഹൻ | ഫോട്ടോ: അരുൺ.എം \ മാതൃഭൂമി
കഥ ഇന്നുവരെയിലെ ‘ജോസഫ്’
സംവിധായകന് വിഷ്ണുവാണ് ‘കഥ ഇന്നുവരെ’യിലേക്ക് വിളിച്ചത്. ബിഗ് ബെന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനില്‍ നടക്കുന്ന സമയത്താണ് എന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നുപറഞ്ഞ് വിഷ്ണുവിന്റെ വോയിസ് മെസേജ് കിട്ടുന്നത്. ബിജു ചേട്ടന്റെ (ബിജു മേനോന്) കൂടെയുള്ള പടമാണ്, പ്രണയകഥയാണ് എന്ന രീതിയിലാണ് എന്നോട് പറഞ്ഞത്. പ്ലോട്ട് കേട്ടപ്പോള്‍ ഇഷ്ടമായി. പിന്നെ കഥ വായിച്ചപ്പോള്‍ കുറച്ചുകൂടി ഇഷ്ടപ്പെട്ടു. കാരണം അതിനുമുന്പുവരെ ഞാന്‍ ചെയ്തതെല്ലാം ത്രില്ലര്‍ അല്ലെങ്കില്‍ ഡാര്‍ക്ക് ജോണറില്‍ വരുന്ന ചിത്രങ്ങളായിരുന്നു. ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു ജോണറുമായിരുന്നു.
സസ്പെന്‍സ് നേരത്തേ മനസിലായിരുന്നു
സിനിമയിലെ സസ്പെന്സിനേക്കുറിച്ച് തിരക്കഥ വായിച്ചപ്പോള്‍ത്തന്നെ മനസിലായിരുന്നു. വളരെ ലളിതമായ കാര്യമാണത്. ആളുകള്‍ക്ക് നേരത്തേ മനസിലാവാതിരിക്കാന്‍ ലൈറ്റായി എന്തൊക്കെ ചെയ്യാം എന്നുള്ളതിന്റെ ചര്‍ച്ചയുടെ ഭാഗമായി ഈ സസ്പെന്‍സിനെക്കുറിച്ച് വിഷ്ണു എന്റെയടുത്ത് പറഞ്ഞിരുന്നു. മറ്റൊരു ചിത്രത്തിന്റെ പകര്‍പ്പവകാശം വാങ്ങി ചെയ്ത ചിത്രമാണ്. അതുകൊണ്ട് മനഃപൂര്‍വം ഞാനാ ചിത്രം കണ്ടിട്ടില്ല.
കഥ ഇന്നുവരെ സിനിമയുടെ പോസ്റ്റർ
താടിക്കാരന്റെ കഥയോട് പ്രത്യേക ഇഷ്ടം
‘കഥ ഇന്നുവരെ’യില്‍ വ്യക്തിപരമായി അടുത്തുനില്ക്കുന്നത് ഞാന്‍ ചെയ്ത കഥയായ ജോസഫിന്റെ പ്രണയമാണ്. പക്ഷേ ഈ നാലുകഥകളിലും ഹൃദയത്തില്‍ തൊട്ടത് താടിക്കാരന്റെ പ്രണയകഥയാണ്. അനുശ്രീയും ഹക്കീമും ചെയ്ത ഭാഗം. കാരണം നമ്മള് സ്ഥിരം കാണാത്ത ഒരു തലം അതിനുണ്ട്. രണ്ട് ശരീരങ്ങള്‍ എന്നതിനപ്പുറത്തേക്കുള്ള പ്രണയം എന്നതിന്റെ അങ്ങേയറ്റമാണ് ആ പ്രണയകഥയിലുള്ളത്.
‘ക്ഷുഭിത യൗവന’ കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി
ക്ഷുഭിത യൗവനം പോലെ വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി തേടിവരുന്നു എന്നത് സത്യംതന്നെയാണ്. അതെന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നറിയില്ല. ‘തീവ്ര’ത്തില്‍ വില്ലനായിരുന്നു. 22 വയസില്‍ ചെയ്ത വേഷമായിരുന്നു അത്. അത് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റുമോ എന്ന് അന്നറിയില്ലായിരുന്നു. ശാരീരികമായും മാനസികമായും വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സിനിമ ഇറങ്ങിയപ്പോള്‍ എല്ലാവരും നല്ലതുപറഞ്ഞു. 7th ഡേയിലായാലും ലാസ്റ്റ് സപ്പറിലായാലും ദുരൂഹതകളുള്ള കഥാപാത്രമായിരുന്നു. ‘യൂ ടൂ ബ്രൂട്ടസി’ലാണ് കുറച്ച് തമാശനിറഞ്ഞ വേഷംചെയ്തത്. പിന്നെ അയ്യപ്പനും കോശിയാണെങ്കിലും ബിഗ് ബെന്‍ ആണെങ്കിലും ചെയ്ത കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു എടുത്തുചാട്ടക്കാരന്റെ ഛായയുണ്ട്. മനഃപൂര്‍വം അങ്ങനെ തിരഞ്ഞെടുക്കുന്നതല്ല. എന്നിലേക്ക് വരുന്നതില്‍ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുമ്പോള്‍ സംഭവിച്ചുപോവുന്നതാണ്.
ബിഗ് ബെൻ, ലളിതം സുന്ദരം സിനിമകളുടെ പോസ്റ്റർ
ഷൂട്ടിങ് കാണാന്‍ പോയപ്പോള്‍ പിടിച്ചഭിനയിപ്പിച്ചു
2005-ല്‍ ഇറങ്ങിയ കണ്ണേ മടങ്ങുകയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും സിനിമയില്‍ അഭിനയിച്ചു എന്നൊന്നും പറയാനാവില്ല. സ്കൂളില്‍ പഠിക്കുന്ന സമയമാണ്. ആ സിനിമയില്‍ അച്ഛനും അമ്മയും ചേട്ടനും അഭിനയിക്കുന്നുണ്ട്. സ്കൂള്‍ സമയം കഴിഞ്ഞ് അവരെ കാണാന്‍ പോയപ്പോള്‍ എന്നെ പിടിച്ച് അഭിനയിപ്പിച്ചതാണ്. ചട്ടമ്പിനാടാണെങ്കിലും അങ്ങനെതന്നെ. മമ്മൂക്ക പറഞ്ഞിട്ട് ചെയ്തതാണ് ആ വേഷം. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് വരെ ഇതുതന്നെയാണ് അവസ്ഥ. ഈ ചിത്രങ്ങള്‍ക്കെല്ലാം കൃത്യമായ ഇടവേളകളുണ്ടായിരുന്നു. ഓര്‍ക്കൂട്ടിന്റെ ചിത്രീകരണസമയത്ത് ഞാന്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് രൂപേഷ് പീതാംബരന് തീവ്രത്തിന്റെ കഥയുമായി വരുന്നത്. തീവ്രമാണ് വീട്ടുകാരുടെയൊന്നും നിര്‍ബന്ധമില്ലാതെ, എന്റേതായ തീരുമാനത്തില്‍ ഞാന്‍ ചെയ്തത്. എന്റെ സിനിമാ ജീവിതം ഞാന്‍ കണക്കുകൂട്ടി തുടങ്ങിയത് 2012 മുതലാണ്.
ഒരു സിനിമ സ്വന്തം തോളിലേറ്റാനുള്ള പക്വത വന്നപ്പോള്‍
നായകവേഷം മാത്രമേ ചെയ്യൂ എന്നുള്ള തീരുമാനമൊന്നുമുണ്ടായിരുന്നില്ല. ഓര്‍ക്കൂട്ടില്‍ ഞാനടക്കം നാല് നായകന്മാരായിരുന്നു. റിമ കല്ലിങ്കലായിരുന്നു നായിക. 7tth ഡേയിലും ഒന്നിലേറെ പ്രധാനകഥാപാത്രങ്ങളുണ്ടായിരുന്നു. ലാസ്റ്റ് സപ്പറില്‍ ഞാനും ഉണ്ണിയുമായിരുന്നു നായകന്മാര്. യൂ ടൂ ബ്രൂട്ടസില്‍ ഞാനും ടൊവിനോയും ആസിഫ് അലിയുമായിരുന്നു മുഖ്യവേഷങ്ങളില്‍. ഒരു സിനിമ നമ്മുടെ തോളിലേറ്റാന്‍ പറ്റുന്ന പക്വത വരണമല്ലോ. ആ ചിന്ത അന്നുണ്ടായിരുന്നു. ഞാന്‍ ഇത് ചെയ്തുകഴിഞ്ഞാല്‍ ആളുകള്‍ അതുള്‍ക്കൊള്ളുമോ എന്ന സംഗതിയുണ്ടല്ലോ. ആ പക്വതയിലേക്ക് എത്തിയെന്ന് തോന്നിയത് അയ്യപ്പനും കോശിയും ചെയ്തതിനുശേഷമാണ്.
ബിജു മേനോനും ഉണ്ണി മുകുന്ദനുമൊപ്പം അനു മോഹൻ
സഹോദരനെപ്പോലെയാണ് രൂപേഷ് പീതാംബരന്
സഹോദരതുല്യമായ സ്നേഹമാണ് സംവിധായകന് രൂപേഷ് പീതാംബരനുമായുള്ളത്. കാരണം എന്റെ ജീവിതത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ഞാനെടുത്ത തീരുമാനമാണ് തീവ്രം എന്ന സിനിമ. സിനിമാക്കാര് എന്നതിനപ്പുറത്തേക്കുള്ള ബന്ധമാണിത്. അദ്ദേഹം ചെയ്ത രണ്ട് സിനിമകളിലും ഞാനുണ്ടായിരുന്നു. നമ്മുടെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന പൊട്ടെന്‍ഷ്യല്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സംവിധായകനാണ് അദ്ദേഹമെന്ന് തോന്നിയിട്ടുണ്ട്. എനിക്കുപോലും പറ്റില്ലെന്ന് തോന്നിയ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി എന്നെക്കൊണ്ട് ചെയ്യിച്ചിട്ടുണ്ട് രൂപേഷേട്ടന്. ഒരു അഭിപ്രായം പറയുക എന്ന രീതിയില്‍ തീവ്രത്തിന്റെ കഥ ഞാന്‍ മുന്‍പ് വായിച്ചിട്ടുണ്ട്. പക്ഷേ ഒരു പോയിന്റില്‍ രൂപേഷേട്ടന് ചോദിച്ചു രാഘവനെ നിനക്ക് അവതരിപ്പിച്ചുകൂടേ എന്ന്. എന്റെ രൂപം ഞാനൊരിക്കലും അങ്ങനെ സങ്കല്പിച്ചിട്ടില്ല. സിനിമ ഇറങ്ങിയപ്പോഴാണ് എന്റെയുള്ളില്‍ ഇങ്ങനെയൊന്നുണ്ടല്ലോ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞതായി മനസിലാക്കിയത്.
പ്രചോദനമായ സച്ചിയേട്ടന്
സഹോദരനെപ്പോലെതന്നെയാണ് സച്ചിയേട്ടനും. വളരെ യാദൃച്ഛികമായി കിട്ടിയ സൗഹൃദമാണത്. പിക്കറ്റ് 43 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് കൊച്ചിയില്‍നിന്ന് കശ്മീരിലേക്ക് പോവുകയായിരുന്നു ഞാന്‍. കൂടെ ഒരാള്കൂടിയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എത്തിയപ്പോഴാണ് സച്ചിയേട്ടനാണെന്ന് മനസിലായത്. രാത്രി ഒമ്പതരമണിയൊക്കെ ആയപ്പോഴാണ് കശ്മീരില്‍ നമ്മുടെ ഷൂട്ടിങ് നടക്കുന്നത്. അത്രയും നേരം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അന്നുണ്ടായത് വെറുതേ ഒരു സൗഹൃദമായിരുന്നില്ല. സിനിമാക്കാരന് എന്നതിലപ്പുറമുള്ള ബന്ധമായി അത് വളര്‍ന്നു. ഒന്നും അങ്ങോട്ട് പറയാതെ ചെയ്തുതന്ന് പ്രചോദനമായ ഒരാള്‍ എന്നാണ് സച്ചിയേട്ടനെക്കുറിച്ച് പറയാനുള്ളത്. ഇപ്പോള്‍ വിലായത്ത് ബുദ്ധയിലേക്ക് എന്നെ വിളിച്ചതും സച്ചിയേട്ടന് കാരണമാണ്.
സച്ചി, നടൻ അനിൽ നെടുമങ്ങാടിനൊപ്പം അനു മോഹൻ
സുഖമാണോ എന്ന് ചോദിച്ചയച്ച് മെസേജ്, തിരികെ കിട്ടിയത് അയ്യപ്പനും കോശിയും
സുഖമാണോ എന്ന് ചോദിച്ച് ചെയ്ത ഒരു മെസേജിലാണ് എന്നെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഓഡിഷന് വിളിച്ചത്. മെസേജ് ലഭിച്ചശേഷം സച്ചിയേട്ടന് എന്നെ അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. പിറ്റേന്ന് അവിടെ ചെന്നപ്പോള്‍ ഒരുപാട് ആളുകള്‍. എന്തോ സിനിമാ പരിപാടി അവിടെ നടക്കുന്നുണ്ടെന്ന് മനസിലായി. സച്ചിയേട്ടന് ഉറങ്ങുകയായിരുന്നു അപ്പോള്‍. നീ ഇപ്പോഴും വലുതായില്ലേ എന്നാണ് എന്നെ കണ്ടപാടെ അദ്ദേഹം ചോദിച്ചത്. പൃഥ്വിരാജിനേയും ബിജു മേനോനേയുവെച്ച് ഒരുപടം ചെയ്യാന്‍ പോകുകയാണ്, അതിലെ ഒരു പോലീസ് കഥാപാത്രം പയ്യനുണ്ട്. നീ എങ്ങനെയുണ്ട് നേരിട്ടുകാണാന്‍ എന്നറിയാനാണ് വിളിപ്പിച്ചതെന്നും പറഞ്ഞു. എന്റെ അപ്പോഴത്തെ ലുക്ക് കണ്ടിട്ട് കഥാപാത്രം ചേരില്ല എന്ന രീതിയിലാണ് അദ്ദേഹം അന്ന് സംസാരിച്ചത്. അപ്പോള്‍ ഞാന്‍ താടിയും മീശയും വളര്‍ത്തിയ ഫോട്ടോയൊക്കെ കാണിച്ചുകൊടുത്തു. അപ്പോള്‍ സച്ചിയേട്ടന് പറഞ്ഞു നീയിനി താടിയും മീശയും എടുക്കണ്ട, ഷൂട്ടിങ് തുടങ്ങാന്‍ രണ്ടുമൂന്ന് മാസമുണ്ട്. എനിക്കുറപ്പില്ല, നമുക്ക് നോക്കാം എന്ന്. എന്നിട്ട് കുറച്ചുനേരം സംസാരിച്ചു. അതിനൊടുവില്‍ എനിക്ക് ഒരു സീന്‍ തന്നിട്ട് അതൊന്ന് ചെയ്ത് നോക്കാന്‍ പറഞ്ഞു. സി.ഐയെ പേരുവിളിക്കുന്ന സീനായിരുന്നു അത്. പക്ഷേ ഞാനവിടെ ചെയ്തത് വന്‍ പരാജയമായിപ്പോയി. തിരിച്ച് വീട്ടിലെത്തിയശേഷം ആ സീന്‍ ഞാനൊന്നുകൂടി ചെയ്ത് എന്റെ ഫോണില്‍ ഷൂട്ട് ചെയ്ത് സച്ചിയേട്ടന് അയച്ചുകൊടുത്തു. അതിന് ഒരു തംപ്സ് അപ് റിപ്ലൈ ആണ് സച്ചിയേട്ടന് തന്നത്. തൊട്ടടുത്ത ദിവസങ്ങളിലായി ഞാന്‍ അയ്യപ്പനും കോശിയിലും ഉണ്ടെന്ന് അറിയിപ്പ് കിട്ടി. പിന്നെ പൂര്‍ണമായ തിരക്കഥയും വായിക്കാന്‍ തന്നു. പോലീസ് സിനിമകള്‍ കണ്ട് റെഫറന്‍സൊന്നും പിടിക്കേണ്ട എന്നാണ് പറഞ്ഞിരുന്നത്. പിന്നെ ആ കഥാപാത്രം ഏത് പശ്ചാത്തലത്തിലൂടെയാണ് കടന്നുവന്നതെന്നും വിശദമായി പറഞ്ഞുതന്നിരുന്നു. ഒരു വലിയ ക്ലാസ് തന്നെയായിരുന്നു അത്.
നമുക്കൊപ്പം നില്‍ക്കുന്നയാളാണ് ജീത്തു ജോസഫ്
കൊറോണയുടെ സമയം, ഒരു സിനിമയുടേയും ഷൂട്ട് നടക്കാതിരുന്ന് സിനിമാ ഷൂട്ടിങ് വീണ്ടും തുടങ്ങുന്ന സമയമുണ്ടായിരുന്നു. അങ്ങനെയൊരു ദിവസമാണ് സുജിത്തേട്ടന് വിളിച്ചിട്ട് ഒരു ഡേറ്റ് പറയാന്‍ പറഞ്ഞു. ഫുള്‍ ഫ്രീയാണെന്ന് ഞാനും പറഞ്ഞു. അപ്പോള്‍ ജീത്തു ജോസഫ് വിളിക്കും ഫോണെടുക്കണമെന്ന് പറഞ്ഞിട്ട് വെച്ചു. വൈകീട്ട് ജീത്തുസാര്‍ വിളിച്ച് കഥയുടെ ഏകദേശരൂപം പറഞ്ഞു. വീട്ടിലേക്ക് വന്ന് തിരക്കഥ വായിക്കാനും ആവശ്യപ്പെട്ടു. സിനിമയേക്കുറിച്ച് വ്യക്തമായ ധാരണ അഭിനേതാക്കളിലുണ്ടാക്കുന്ന സംവിധായകരാണ് ഇവരെല്ലാവരും. അദ്ദേഹത്തിന്റെ വീട്ടില്‍പ്പോയപ്പോള്‍ കമ്പ്യൂട്ടറിലാണ് തിരക്കഥ വായിക്കാന്തന്നത്. മുഴുവന്‍ അവിടെയിരുന്നുതന്നെ വായിച്ചു. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ചോദിക്കാന്‍ പറഞ്ഞു. എനിക്ക് മനസില്‍ തോന്നിയ കാര്യങ്ങള്‍ അപ്പോള്‍ത്തന്നെ ചോദിച്ചു. അദ്ദേഹം അത് കുറിച്ചുവെച്ചിട്ട് കുറേനാളുകള്‍ക്കുശേഷം അതേക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തു എന്നത് അദ്ഭുതപ്പെടുത്തി. നമുക്കൊപ്പം നില്‍ക്കുന്നയാളാണ് അദ്ദേഹം. ഷൂട്ടിങ് വളരെ വേഗത്തില്‍ ചെയ്യും. ഭയങ്കര അതിശയമായിരുന്നു. തിരക്കഥ വായിച്ചപ്പോള്‍ ചന്ദ്രശേഖര്‍ എന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്നറിയില്ലായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ലാല്‍ സാറാണെന്നും നിര്‍മാണം ആശീര്‍വാദ് ആണെന്നും പറഞ്ഞത്. ആ ഞെട്ടലില്‍ മറുപടി പറയാന്‍പോലും പറ്റിയില്ല.
ജീത്തു ജോസഫിനൊപ്പം
കരിയറില്‍ കഷ്ടപ്പെടുത്തിയ കഥാപാത്രം
തീവ്രത്തില്‍ മാനസികമായ തയ്യാറെടുപ്പ് വളരെയധികം ഉണ്ടായിരുന്നു. കാരണം 22-ാമത്തെ വയസിലാണ് അത്രയും പ്രായമുള്ളൊരു കഥാപാത്രം ചെയ്യേണ്ടത്. പിന്നെ ഓട്ടോ ഓടിക്കണം. അന്ന് എറണാകുളത്ത് ആളില്ലാത്ത സ്ഥലം നോക്കി ഓട്ടോ ഓടിച്ച് പഠിച്ചിട്ടുണ്ട്. ബിഗ് ബെന്‍ ആണെങ്കില്‍ നമുക്ക് പരിചയമില്ലാത്ത ഒരുപാട് സ്ഥലത്തുവെച്ചായിരുന്നു ഷൂട്ടിങ്. അവിടെയാണെങ്കില്‍ പറഞ്ഞ സമയത്തിനുള്ളില്‍ ഷൂട്ടിങ് തീര്‍ത്തിരിക്കണം. സംസാരിച്ച് വിട്ടുവീഴ്ച ചെയ്യാനൊന്നും അവിടെ സമ്മതിക്കില്ല. കപ്പലിലടക്കം നിര്‍ണായകമായ രംഗങ്ങളുണ്ടായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഷൂട്ട് തീര്‍ക്കണം. എന്നാല്‍ തട്ടിക്കൂട്ട് ആകാനും പാടില്ല. അത്തരത്തില്‍ ശാരീരികമായും മാനസികമായും അധ്വാനിച്ചത് ബിഗ് ബെന്‍ ആണ്.
വീട്ടില്‍ സിനിമ ചര്‍ച്ച ചെയ്യാറില്ല
വായിക്കുന്ന കഥകളേക്കുറിച്ച് ചെറുതായി പറഞ്ഞുപോകാറേയുള്ളൂ. ചിത്രം കമ്മിറ്റ് ചെയ്തതിനുശേഷം മാത്രമേ വീട്ടില്‍ പറയാറുള്ളൂ. പിന്നെ സിനിമ കണ്ടതിനുശേഷം അമ്മയായാലും ചേട്ടനായാലും അഭിപ്രായം പറയാറുണ്ട്. അല്ലാതെ വളരെ വിശദമായ ചര്‍ച്ചയൊന്നും ഉണ്ടാവാറില്ല. വീട്ടിലുള്ളപ്പോള്‍ വീട്ടുകാര്യങ്ങള്‍ സംസാരിക്കും. സിനിമാ സംസാരം വളരെ കുറവാണ്. വിലായത്ത് ബുദ്ധയാണ് ഇനി ഇറങ്ങാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]