
ഏതാനും ദിവസങ്ങൾക്കുമുൻപാണ് ആലിയാ ഭട്ട് നായികയായ ജിഗ്രയുടെ ബോക്സ് ഓഫീസ് കളക്ഷനിൽ കൃത്രിമം നടന്നുവെന്ന് നടി ദിവ്യ ഖോസ്ല ആരോപിച്ചത്. ഈ സംഭവത്തിന്റെ ചൂടാറും മുൻപ് ചിത്രത്തെ തേടി മറ്റൊരു വിവാദവും എത്തിയിരിക്കുകയാണ്. ജിഗ്രയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച മണിപ്പൂരി നടൻ ബിജൗ താങ്ജാമിന്റെ വെളിപ്പെടുത്തലാണ് ഇതിനുകാരണം. ജിഗ്രയുടെ അണിയറപ്രവർത്തകരിൽനിന്ന് തനിക്ക് വിവേചനം നേരിട്ടെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഒട്ടും പ്രൊഫഷണലല്ലാത്ത സമീപനമാണ് ജിഗ്രയുടെ അണിയറപ്രവർത്തകരിൽനിന്ന് തനിക്ക് നേരിടേണ്ടിവന്നതെന്ന് മേരി കോം, റോക്കട്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജൗ താങ്ജാം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള അഭിനേതാക്കളോട് പ്രമുഖ ചലച്ചിത്ര നിർമാണക്കമ്പനികൾ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ബിജൗ കുറ്റപ്പെടുത്തി. ദിവ്യ ഖോസ്ലയുടെ സാവി എന്ന ചിത്രം കോപ്പിയടിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചാടാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ജിഗ്ര ടീമുമായുള്ള തൻ്റെ സ്വന്തം അനുഭവം തുറന്നുപറയാൻ ആഗ്രഹിക്കുകയാണ്. ഇതായിരിക്കാം സംസാരിക്കാനുള്ള സമയമെന്നും താരം കുറിച്ചു.
“2023-ൽ, അവരുടെ കാസ്റ്റിംഗ് ടീം ഒരു റോൾ വാഗ്ദാനംചെയ്തുകൊണ്ട് ഓഡിഷന് വേണ്ടി എന്നെ സമീപിച്ചു. നാല് മാസത്തിനിടയിൽ രണ്ടുതവണയാണ് അവർക്ക് ഞാനെന്റെ പ്രകടനമടങ്ങിയ ടേപ്പുകൾ അയച്ചത്. നവംബർ അവസാനത്തോടെ അവർ പറഞ്ഞു ഡിസംബറിൽ എന്റെ ഭാഗങ്ങൾ ചിത്രീകരിക്കുമെന്ന്. കേട്ടാൽ കൊള്ളാമെന്ന് തോന്നുമെങ്കിലും കൃത്യമായ തീയതിയൊന്നും അവർ തന്നിരുന്നില്ല. എന്നിട്ടും അവരുടെ വാക്കുവിശ്വസിച്ച് ഡിസംബർ മുഴുവൻ ഞാൻ കാത്തിരുന്നു. വലിയ പ്രൊഡക്ഷൻ ഹൈസുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാം. ഈ ചിത്രത്തിന്റെ സംവിധായകൻ വലിയ കഴിവുള്ളയാൾതന്നെയാണ്. എന്നാൽ ഈ സാഹചര്യം അവർ കൈകാര്യം ചെയ്ത രീതി മാന്യതയില്ലാത്തതായിരുന്നു. ഒരു അജണ്ടയും മുൻനിർത്തിയല്ല ഇതുപറയുന്നത്. വടക്കുകിഴക്കൻ സംസ്ഥാനത്തുനിന്ന് വരുന്ന എന്നെപ്പോലൊരാൾക്ക് ഇത് വിവേചനം തന്നെയായാണ് അനുഭവപ്പെട്ടത്.” ബിജൗ പറഞ്ഞു.
എന്നാൽ ഈ പോസ്റ്റ് പുറത്തുവന്നതിനുപിന്നാലെ ആലിയാ ഭട്ടിന്റെ ആരാധകരിൽനിന്ന് തനിക്ക് വംശീയാധിക്ഷേപം നേരിട്ടെന്നുംപറഞ്ഞ് ബിജൗ താങ്ജാം വീണ്ടുമെത്തി. വിവേചനത്തെക്കുറിച്ച് താൻ സംസാരിച്ചപ്പോൾ വംശീയാധിക്ഷേപവും വിവേചനവും നിറഞ്ഞ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പയർമണിയോളം വലുപ്പമുള്ള നിങ്ങളുടെയൊന്നും തലച്ചോറിന് സമത്വമെന്നതിന്റെ ആശയം മനസിലാകില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരോട് ഇന്ത്യയിലെ ചിലർ മോശമായി പെരുമാറുന്നതിൽ അതിശയിക്കാനില്ല. ഒരു കലാകാരനും അഭിനേതാവും എന്ന നിലയിൽ, തൻ്റെ സഹപ്രവർത്തകരോട് അങ്ങേയറ്റം ബഹുമാനവും നന്ദിയും ഉണ്ട്. താൻ വിമർശിച്ചത് തെറ്റായ സംവിധാനത്തെയും അധികാരശ്രേണിയെയും ഭയാനകമെന്ന് തോന്നിക്കുന്ന മാനേജ്മെൻ്റിനെയും ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 11-നാണ് ആലിയാ ഭട്ട് നായികയായ ആക്ഷൻ ചിത്രമായ ജിഗ്ര പുറത്തിറങ്ങിയത്. വസൻ ബാലയാണ് സംവിധാനം. ജയിലിൽ കഴിയുന്ന സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്ന സഹോദരിയുടെ കഥയാണ് ചിത്രം പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]