
തിരുവനന്തപുരം: സിനിമാമേഖലയിലെ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍.
സംവിധായകന് രഞ്ജിത്ത് രാജിവെച്ചപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തേക്ക് വനിതയെ പരിഗണിക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു.സി.സി. ഉള്‍പ്പെടെയുള്ള സംഘടനകളും ചലച്ചിത്രപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന ഉറപ്പ്.
ഇതിനായി ഭരണപരമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെയും അറിയിച്ചിരുന്നു. നിയമനിര്‍മാണത്തിന്റെ സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇവ രണ്ടും ഹേമ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
സിനിമയില്‍ സ്ത്രീകളുടെ പങ്കാളിത്തവും സുരക്ഷിതത്വവും കൂട്ടാന്‍ ചലച്ചിത്ര അക്കാദമിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാങ്കേതികമേഖലയില്‍ താത്പര്യമുള്ളവര്‍ക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്റ്, ക്യാമറ ആന്‍ഡ് ലൈറ്റിങ്, ആര്‍ട്ട് ഡിസൈന്‍, കോസ്റ്റ്യൂം, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്വിഷന്, മാര്‍ക്കറ്റിങ് ആന്‍ഡ് പബ്ലിസിറ്റി എന്നിവയില്‍ ചലച്ചിത്ര അക്കാദമി പരിശീലനം നല്‍കുന്നുണ്ട്. പരിശീലനത്തിനുശേഷം തൊഴില്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം.
സാംസ്കാരികപ്രവര്‍ത്തക ക്ഷേമനിധിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് നിലവിലെ ആനുകൂല്യങ്ങള്‍ക്കുപുറമേ ക്ഷേമപദ്ധതികളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ലിംഗസമത്വത്തില്‍ ഓണ്‍ലൈനായും അല്ലാതെയും ബോധവത്കരണപരിപാടികള്‍ നടത്താന്‍ ചലച്ചിത്ര അക്കാദമിക്കും ചലച്ചിത്രവികസന കോര്‍പ്പറേഷനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]