
ആലപ്പുഴ: കുഞ്ഞ് അമീറയ്ക്ക് കാഴ്ച എന്നത് മമ്മൂട്ടിയുടെ സിനിമയുടെ പേരല്ല, അദ്ദേഹം തന്ന ജീവിത സൗഭാഗ്യമാണ്. ആലപ്പുഴ പുന്നപ്രയിലെ ഈ മൂന്ന് വയസുകാരി വെളിച്ചത്തിലേക്ക് കൺ തുറക്കുമ്പോൾ മലയാളത്തിന്റെ മഹാനടന്റെ കാരുണ്യം ഒരിക്കൽ കൂടി പ്രകാശം പരത്തുന്നു.
ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12-ന് തന്നെ കാഴ്ച്ച ശക്തി നേടിയ അമീറ ആശുപത്രി വിടും എന്നതും മറ്റൊരു പ്രത്യേകത. ജന്മനാ കാഴ്ച്ച ശക്തിയില്ലാതിരുന്ന അമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്.
സിദ്ധിഖ്- കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ മൂന്ന് വയസ്സുകാരി അമീറക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും വൻ തുക ആവശ്യമായി വരുമെന്നും ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ കഥ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഈ വാർത്തകൾ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറി.
വാർത്തകൾ ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി ഉടനടി ഇടപെടുകയായിരുന്നു.
തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികിത്സ മാറ്റാൻ നിർദ്ദേശിച്ച മമ്മൂട്ടി തുടർ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുവാൻ കെയർ ആൻഡ് ഷെയറിനോട് നിർദ്ദേശിച്ചു. അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ നേത്ര ബാങ്കിന്റെ സുവർണ ജൂബിലി പ്രമാണിച്ച് 50 കണ്ണ് മാറ്റി വക്കൽ ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുവാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനും ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലും തമ്മിൽ ധാരണ ആയിരുന്നു.
കാഴ്ച്ച പദ്ധതിയിലെ ആദ്യത്തെ കണ്ണ് മാറ്റിവെക്കൽ ശാസ്ത്രക്രിയയായിരുന്നു അമീറയുടേത്. കെയർ ആൻഡ് ഷെയർ ഭാരവാഹികൾ ഉടനടി ഹോസ്പിറ്റലിൽ ബന്ധപ്പെട്ടു.
നേത്ര ചികത്സാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഫാ വർഗീസ് പാലാട്ടി ചികിത്സയ്ക്ക് ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചു. കുട്ടികളുടെ നേത്ര ചികത്സാ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർ ഡോക്ടർ അനീറ്റ ജബ്ബാറിന്റെ നേതൃത്വത്തിലാണ് ചികിത്സ മുന്നോട്ട് പോയത്.
കണ്ണ് മാറ്റിവെക്കൽ ശാസ്ത്രക്രിയ വൻ വിജയമായതോടെ കുഞ്ഞ് അമീറ കാഴ്ച്ചയുടെ ലോകത്ത് എത്തി. അതേസമയം, കുട്ടിയുടെ രണ്ടാമത്തെ കണ്ണ് കാഴ്ച്ച വീണ്ടെടുക്കാൻ സാധിക്കാത്ത വിധം നശിച്ചു പോയിരുന്നു.
കണ്ണിലെ അണുബാധയ്ക്ക് കൃത്യമായി ചികത്സ യഥാസമയം ലഭ്യമാകാതിരുന്നതാണ് ആ കണ്ണ് നഷ്ടപ്പെടാൻ കാരണമായി ഡോക്ടർമാർ പറയുന്നത്. ലിറ്റിൽ ഫ്ളവറിൽ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.
ആശുപത്രിയിലെ കോസ്മറ്റിക് ഐ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടിക്ക് കസ്റ്റം മെയിഡ് ആർട്ടിഫിഷ്യൽ ഐ വെച്ച് പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. തങ്ങളുടെ പിഞ്ചോമനയുടെ ജീവിതം തന്നെ രക്ഷിച്ച മമ്മൂട്ടിയെ കണ്ട് നന്ദി പറയണം എന്ന് മാത്രമാണ് കുട്ടിയുടെ മാതാപിതാക്കളുടെ ഏക ആഗ്രഹം.
‘അല്ലങ്കിലും അവൾ ആ കണ്ണുകൾ കൊണ്ട് കൺ നിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണല്ലോ’, സിദ്ദിഖ് പറയുന്നു. Content Highlights: Mammootty’s Care and Share helps a visually impaired child
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]