
ദേശീയ അവാർഡ് വരെ നേടിയ ക്ലാസിക് ഗാനത്തിലെ ഒരൊറ്റ വാക്കാണ് വിഷയം. പാട്ട്: അച്ഛനും ബാപ്പയും (1972) എന്ന ചിത്രത്തിനു വേണ്ടി വയലാറും ദേവരാജനും ചേർന്ന് സൃഷ്ടിച്ച “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു”.
പടത്തിന്റെ ഗ്രാമഫോൺ റെക്കോർഡിൽ യേശുദാസ് പാടുന്നത് “ഹിന്ദുവായി മുസൽമാനായി ക്രിസ്താനിയായി നമ്മളെ കണ്ടാലറിയതായി, ഇന്ത്യ ഭ്രാന്താലയമായി” എന്ന്. അതേ ഗാനം വെള്ളിത്തിരയിൽ പശ്ചാത്തല ഗാനമായി മാറുമ്പോൾ, പാട്ടിലെ ഇന്ത്യ ലോകമായി മാറുന്നു. “ലോകം ഭ്രാന്താലയമായി” എന്നാണ് യേശുദാസിന്റെ ശബ്ദത്തിൽ നാം കേൾക്കുക.
എന്താണീ മറിമായത്തിന് പിന്നിൽ എന്നോർത്ത് അന്തം വിട്ടിട്ടുണ്ട്. പടത്തിന്റെ സംവിധായകൻ കെ. എസ്. സേതുമാധവനോട് ചോദിച്ചപ്പോൾ ഓർമ്മയില്ല എന്നായിരുന്നു മറുപടി. ഒടുവിൽ വ്യക്തമായ വിശദീകരണം തന്നത് ഈ പാട്ടിലൂടെ ആ വർഷത്തെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ യേശുദാസ് തന്നെ. വയലാറിന്റെ ദാർശനികതലമുള്ള രചനയിൽ ഇടപെട്ട സെൻസർ ബോർഡ് ആണ് കഥയിലെ വില്ലൻ.
പടം കണ്ടു നോക്കിയ സെൻസർ ബോർഡ് അംഗങ്ങൾക്ക് കവി ഇന്ത്യയെ ഭ്രാന്താലയമാക്കിയത് സഹിച്ചില്ല. ദേശവിരുദ്ധതയുടെ ധ്വനി അതിൽ പതിഞ്ഞുകിടന്നതുകൊണ്ടാവാം. ഉടൻ ആ വരി മാറ്റിയേ പറ്റൂ എന്നായി അവർ. ഗത്യന്തരമില്ലാതെ വയലാർ തന്നെ പാട്ടിൽ ആവശ്യമായ മാറ്റം നിർദേശിക്കുന്നു. മാറ്റിയെഴുതിയ ഗാനം യേശുദാസ് രണ്ടാമതും വന്ന് റെക്കോഡ് ചെയ്യുന്നു.
പടത്തിന്റെ എൽ.പി. റെക്കോഡ് നേരത്തെ പുറത്തിറങ്ങിയിരുന്നതിനാൽ അവിടെ പാട്ടിൽ മാറ്റം വരുത്താൻ നിവൃത്തിയില്ല. സിനിമയിൽ “ലോക”വും ഡിസ്ക്കിൽ “ഇന്ത്യ”യും ആയത് അങ്ങനെയാണ്. വയലാറിന്റെ ചലച്ചിത്ര ഗാനസമാഹാരങ്ങളിലും “ഇന്ത്യ ഭ്രാന്താലയമായി” എന്നാണ് കാണുക. ഒറിജിനൽ വേർഷനിൽ അദ്ദേഹം എഴുതിയത് അങ്ങനെയാണല്ലോ. ഇതേ ഗാനമാണ് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് വയലാറിന് നേടിക്കൊടുത്തത്.
സെൻസർ ബോർഡിന്റെ ഇടപെടൽ കാരണം മറ്റൊരു പാട്ട് കൂടി മാറ്റിപ്പാടേണ്ടി വന്നിട്ടുണ്ട് യേശുദാസിന്. ശ്രീകുമാരൻ തമ്പി പങ്കുവെച്ച അനുഭവം. 1960 കളുടെ അവസാനമാണ്. നക്സൽബാരി പ്രസ്ഥാനം കേരളത്തിലും വേരുപിടിച്ചു വരുന്ന സമയം. ശശികുമാർ സംവിധാനം ചെയ്ത `ലവ് ഇൻ കേരള’ എന്ന തട്ടുപൊളിപ്പൻ ആക്ഷൻ –ഹ്യൂമർ ചിത്രത്തിന് വേണ്ടി തമ്പി ഒരു പാട്ടെഴുതുന്നു. മാവോ സെ തുങ്ങിന്റെ ചൈനീസ് വിപ്ലവ മുദ്രാവാക്യത്തിൽ നിന്നാണ് ഗാനത്തിന്റെ തുടക്കം: “നൂറു നൂറു പൂക്കൾ വിരിയട്ടെ.” സംഗീതം ബാബുരാജ്. രംഗത്ത് പാട്ടിനൊത്ത് ചുണ്ടനക്കുന്നത് കെ. പി. ഉമ്മർ.
സിനിമയിൽ കൊള്ളസംഘത്തിലെ സുന്ദരിയുടെ മാദകനൃത്തത്തിന് അകമ്പടി സേവിക്കുന്ന പാട്ടാണെങ്കിലും അതിന്റെ തുടക്കം നമ്മുടെ നാട്ടിൽ നക്സൽ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് പ്രചോദനമാകുമെന്നായിരുന്നു സെൻസർ ബോർഡിന്റെ ഭീതി. പാട്ട് ഉപേക്ഷിച്ചാലേ സിനിമക്ക് പ്രദർശനാനുമതി നൽകൂ എന്ന് ബോർഡിന് വാശി. ചുരുങ്ങിയത് ആ വരിയെങ്കിലും ഒഴിവാക്കിയേ പറ്റൂ.
“ഗാനചിത്രീകരണം കഴിഞ്ഞ സ്ഥിതിക്ക് ആദ്യ വരിയിൽ ചെറിയൊരു ഭേദഗതി വരുത്തുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.” തമ്പി ഓർക്കുന്നു.”യേശുദാസിനെ വീണ്ടും വിളിച്ചുവരുത്തി നൂറു നൂറു പൂക്കൾ എന്ന വരിയുടെ സ്ഥാനത്ത് നൂറു നൂറു പുലരികൾ എന്ന് പാടിച്ചു റെക്കോർഡ് ചെയ്തത് അങ്ങനെയാണ്. പൂവിന്റെ സ്ഥാനത്ത് പുലരി വന്നതു കൊണ്ട് ലിപ് മൂവ്മെന്റിന് കാര്യമായി പരിക്കേറ്റില്ല.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പല്ലവിയിലെ മാറ്റം അംഗീകരിച്ചു സെൻസർ ബോർഡ് പടത്തിനു പ്രദർശനാനുമതി കൊടുത്തെങ്കിലും, പാട്ടിന്റെ ഗ്രാമഫോൺ റെക്കോഡിൽ വിരിഞ്ഞത് പഴയ `പൂവ്’ തന്നെ. അക്കാരണത്താൽ ആകാശവാണി ആ ഗാനം പ്രക്ഷേപണം ചെയ്തതുമില്ല. അങ്ങനെ ഒരേ പാട്ടിന്റെ രണ്ടു പതിപ്പുകൾ സിനിമയിലും റെക്കോർഡിലും കേൾക്കാൻ യോഗമുണ്ടായി മലയാളികൾക്ക്.
സിനിമയിലെ ശ്ലീലാശ്ലീലങ്ങൾ ചർച്ചാവിഷയമാണ് ഇന്നും. എങ്കിലും സെൻസർ ബോർഡ് പൊതുവെ പാട്ടുകളെ വെറുതെ വിടുകയാണ് പതിവ്. സദാചാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിവരുന്നതാകാം കാരണം.