ആസിഫ് അലി, വിനായകൻ, സണ്ണി വെയ്ൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന കാസർഗോൾഡ് എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ആദ്യമായി സ്വർണം പണയംവെയ്ക്കാൻ പോയ അനുഭവം പങ്കിട്ടിരിക്കുകയാണ് നടൻ ആസിഫ് അലി. കാസർഗോൾഡിന്റെ പ്രചാരണത്തിന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന്റെ ക്ലബ് സ്റ്റുഡിയോയിൽ ആർ.ജെ. രാഘവിനോടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. കാസർഗോൾഡിന്റെ സംവിധായകൻ മൃദുൽ നായരും ആസിഫലിക്കൊപ്പമുണ്ടായിരുന്നു.
ആദ്യമായി സ്വർണം വാങ്ങിയതെപ്പോഴാണ് എന്ന അവതാരകന്റെ ചോദ്യത്തിനോട് രസകരമായ ഒരു കഥയാണ് ആസിഫ് അലി മറുപടിയായി പറഞ്ഞത്. വാങ്ങിയത് ഓർമയില്ലെന്നും പണയംവെച്ചത് എന്നാണെന്ന് ഓർമയുണ്ടെന്നുമായിരുന്നു ആസിഫ് അലിയുടെ ആമുഖമായി പറഞ്ഞത്. 21-22 വയസുണ്ടാവും അന്ന്. മലയാളസിനിമയുടെ ഭാഗമാവണമെന്ന ആഗ്രഹവുമായി കൊച്ചിയിലെത്തി നിൽക്കക്കള്ളിയില്ലാതെ നിൽക്കുകയാണ്. സിനിമയിൽക്കയറാനുള്ള ആദ്യപടി മോഡലിങ് ആയിരുന്നു. കാണാൻ വലിയ ലുക്കൊന്നും ഇല്ലെങ്കിലും ഫോട്ടോഷൂട്ട് നടക്കുന്നുണ്ടായിരുന്നു. എന്താണ് ഏതാണ് എന്നൊന്നും അന്വേഷിക്കാതെയാണ് ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നതെന്ന് ആസിഫ് അലി ഓർത്തെടുത്തു.
ആ സമയത്ത് കയ്യിലൊരു സ്വർണമോതിരമുണ്ടായിരുന്നു. ഒരിക്കൽ അത് പണയംവെയ്ക്കാൻ പോയിടത്താണ് ഞാൻ മുമ്പ് ചെയ്ത ഫോട്ടോഷൂട്ടുകളിലൊന്നിന്റെ ഭാഗമായെടുത്ത ഒരു ചിത്രം കാണുന്നത്. സ്വർണം പണയംവെയ്ക്കാൻ ചെല്ലുന്ന ആ കൗണ്ടറിന്റെ പിറകിൽ ഒരുപിടി സമ്മാനങ്ങൾ നേടാം എന്ന രീതിയിലുള്ള പരസ്യത്തിൽ എന്റെ ഫോട്ടോയാണ് ഉള്ളത്. മോതിരം വാങ്ങിയ ശേഷം കൗണ്ടറിലുള്ള ചേച്ചി തിരിച്ചറിയൽ കാർഡുണ്ടോ എന്ന് ചോദിച്ചപ്പോൾ ആ ചിത്രത്തിൽ നോക്കി അനക്കമറ്റുനിൽക്കുകയാണ് ഞാൻ. അപ്പോൾ കൂടെവന്ന ആൾ പറയുകയാണ്; എന്തിനാ ഐ.ഡി പ്രൂഫ്, പിറകിലെ ആ പരസ്യം നോക്കിയാൽപ്പോരേ എന്ന്. അതായിരുന്നു സ്വർണവുമായി ബന്ധപ്പെട്ടുള്ള തന്റെ ആദ്യ അനുഭവമെന്നും ആസിഫ് അലി പറഞ്ഞു.
മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാസർഗോൾഡ്.’ തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് കാസർഗോൾഡിന്റെ സംഗീതസംവിധാനം.