
ഓരോ തവണയും ഭാവഗായകനുമായി സംസാരിച്ചു ഫോൺ വെക്കുമ്പോൾ മനസ്സ് അറിയാതെ മൂളിപ്പോകുന്ന ഒരു പാട്ടിന്റെ ഈരടികളുണ്ട്:
“കണ്ണിതിൽ സുന്ദരവാസരസ്വപ്നങ്ങൾ തൻ
കളിയാട്ടം കണ്ടവർ കളിയാക്കി
സംഗീതമറിയാതെൻ ചുണ്ടുകൾ മൂളിയപ്പോൾ
സങ്കല്പകാമുകനെന്നവർ വിളിച്ചു – എന്നെ
സങ്കല്പകാമുകനെന്നവർ വിളിച്ചു..”
കുട്ടിക്കാലത്ത് അച്ഛന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി വല്യമ്മയുടെ മുറിയിലെ മേശക്കടിയിൽ ചെന്നൊളിച്ചിരിക്കുമ്പോൾ മുകളിലെ ജി ഇ സി ട്രാൻസിസ്റ്ററിൽ നിന്ന് നിനച്ചിരിക്കാതെ ഒഴുകിയിറങ്ങിവന്ന പാട്ടിന്റെ വരികൾ. ആദ്യം കേൾക്കുകയായിരുന്നു ആ പാട്ട്. ഉള്ളിൽ ഊറിക്കൂടിയ കരച്ചിലടക്കി, എല്ലാ വേദനയും മറന്ന് ആ ശബ്ദത്തിന്റെയും ഈണത്തിന്റെയും വശ്യതയിൽ ലയിച്ചിരുന്നു അവൻ. ആലത്തിയൂർ ഹനുമാനെപ്പോലെ, “അർജുനൻ ഫൽഗുനനെ”പ്പോലെ തന്റെ പേടിയകറ്റാൻ വന്ന പാട്ടാണതെന്ന് തോന്നിയിരിക്കണം അന്നത്തെ എട്ടു വയസ്സുകാരന്. ഇന്നും അതേ അനുഭൂതി പകർന്ന് ഒപ്പമുണ്ട് “അമ്പലപ്രാവി”ലെ “കുപ്പായക്കീശ മേൽ” എന്ന ആ ഗാനം.
ഇന്നലെ ജയേട്ടനുമായി സംസാരിച്ചു തീർന്നപ്പോഴും അതേ പാട്ടിന്റെ ഈരടികൾ കാതിൽ മുഴങ്ങി. വിദൂരമായ ഏതോ കാലത്തിന്റെ ഓർമ്മയുണർത്തുന്ന പാട്ട്. അത് പാടിയ ആളെ എന്നെങ്കിലും കാണുമെന്നോ പാട്ടുവഴികളിൽ അദ്ദേഹത്തെ അനുഗമിക്കുമെന്നോ സങ്കല്പിച്ചിട്ടുപോലുമില്ലല്ലോ അന്നത്തെ സ്കൂൾ കുട്ടി. എല്ലാം കാലത്തിന്റെ ഇന്ദ്രജാലങ്ങൾ.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ജയേട്ടനുമായി. ഡോക്ടർമാർ വീട്ടിൽ കർശനമായി വിശ്രമം നിർദ്ദേശിച്ച ശേഷം ഫോൺ തുറന്നുവെക്കുന്ന പതിവില്ല അദ്ദേഹത്തിന്. സംസാരിച്ചേ മതിയാകൂ എന്ന് തോന്നുന്നവരെ വിളിക്കാൻ മാത്രമേ ഫോൺ എടുക്കാറുള്ളൂ. തന്റെ രോഗാവസ്ഥയെക്കുറിച്ച് പുറത്തു പ്രചരിക്കുന്ന അസത്യങ്ങളും അർദ്ധസത്യങ്ങളും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പോയിട്ട് വാട്ട്സാപ്പിൽ പോലും തലകാണിക്കുന്ന പതിവില്ലല്ലോ ജയചന്ദ്രന്. മുൻപൊരിക്കൽ മുടിവെട്ടിയ നാൾ ആരോ പകർത്തി അന്തരീക്ഷത്തിൽ പറത്തിവിട്ട പടത്തിലെ ക്ഷീണിത രൂപമല്ല ഇന്നത്തെ തന്റേതെന്ന് സ്ഥാപിക്കാനും ശ്രമിച്ചില്ല അദ്ദേഹം. ആർക്കും തോന്നുംപടി കഥയുണ്ടാക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ള നാടാണ്. നമ്മളെന്തിന് അവരുടെ ആത്മസംതൃപ്തിയിൽ കയറി ഇടപെടണം? മൈൻഡ് ചെയ്യാതിരുന്നാൽ പോരേ? — ജയചന്ദ്രന് മാത്രം തരാൻ കഴിയുന്ന ഉത്തരം.
ശബ്ദത്തിലെ ഊർജസ്വലതയും സംസാരത്തിലെ നർമ്മബോധവും പഴയപടി തന്നെ. “ഉടൻ പാട്ടിലേക്ക് തിരിച്ചുവരില്ലേ?” — എന്നിലെ ആരാധകന്റെ ചോദ്യം. “അതാണ് ആഗ്രഹം. തൽക്കാലം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സ്വാതന്ത്ര്യമില്ല. എങ്കിലും ഉടൻ സ്റ്റുഡിയോയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.” നാല് മാസത്തോളമായി പാട്ട് റെക്കോർഡ് ചെയ്തിട്ട്. പാടുന്നില്ലെങ്കിലും പാട്ടുകൾ സദാസമയവും ഒപ്പമുണ്ട്. മകൾ ലക്ഷ്മി ഇഷ്ടഗാനങ്ങൾ കേൾപ്പിച്ചുകൊണ്ടേയിരിക്കും. റഫി, സുശീലാമ്മ, ടി എം എസ്, പി ബി ശ്രീനിവാസ്, മന്നാഡേ, ഹേമന്ത് കുമാർ… ഇവരൊക്കെ സന്തതസഹചാരികൾ. ഏകാന്തതയുടെ മുഷിപ്പ് അകറ്റാൻ ഇതൊക്കെ പോരേ?
തന്നെക്കുറിച്ചുള്ള കിംവദന്തികളുടെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് ഹൃദയപൂർവം നന്ദി പറഞ്ഞു ജയേട്ടൻ. “നന്നായി. നമ്മളെ ഇഷ്ടപ്പെടുന്നവരുടെ ആശങ്ക അകറ്റാൻ അത് ഉപകരിച്ചിട്ടുണ്ടാകും.” മനസ്സ് വല്ലാതെ നൊന്തതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്ന് ഞാൻ. അതെന്റെ കടമയാണെന്ന് തോന്നി. അത്രയ്ക്കുമുണ്ടല്ലോ കടപ്പാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് പതിറ്റാണ്ടുകൾക്ക് മുൻപേ ഒരു എട്ടു വയസുകാരനെ പഠിപ്പിച്ച ശബ്ദത്തിനോടുള്ള ആ കടപ്പാട് എങ്ങനെ പറഞ്ഞും എഴുതിയും തീർക്കാൻ?