
‘സ്വപ്നം കാണാൻ വലിയ എളുപ്പമാണ്. പക്ഷേ ആദ്യപടി ചവിട്ടുന്നതുവരെയുള്ള യാത്രയും അതിന്റെ ക്ഷീണവും അനുഭവിക്കുന്നത് ഒരാൾ മാത്രമായിരിക്കും.’ യൂട്യൂബിൽ ശ്രദ്ധനേടുന്ന കാർത്തി കല്യാണി എന്ന ഹ്രസ്വചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണമാണിത്. സിനിമ സ്വപ്നം കണ്ട മിരാഷ് ബിച്ചുവെന്ന യുവ സംവിധായകൻ ആദ്യമായി ഒരുക്കിയ സിനിമപോലൊരു ഹ്രസ്വചിത്രമാണ് ‘കാർത്തി കല്യാണി’. ഗോവിന്ദ് പത്മസൂര്യ ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങൾ അഭിനയിച്ച ചിത്രത്തിലെ രംഗങ്ങളും ഗാനങ്ങളും റീലുകളായും ചെറു വീഡിയോകളായും സോഷ്യൽ മീഡിയ ഭരിക്കുകയാണ്. താരങ്ങളെല്ലാം ഫ്രീ ആയി അഭിനയിച്ചു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളസിനിമയിലേക്ക് കാലെടുത്തുവെയ്ക്കാൻ ഒരുങ്ങുന്ന മിരാഷ് ബിച്ചു മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കാറിന്റെ ഗ്ലാസ് തകർത്ത് ലാപ്പ്ടോപ്പും ഹാർഡ് ഡിസ്കുകളും മോഷണം പോയി
നാലുവർഷത്തെ അധ്വാനമാണ് ഈ പ്രോജക്റ്റ്. ഇത് റിലീസ് ചെയ്യിക്കാൻ നാലുവർഷമെടുത്തു. ഷൂട്ട് ചെയ്യാൻ 18 ദിവസമെടുത്തു. 2020 നവംബറിലാണ് വർക്കുകൾ തുടങ്ങിയത്. പടത്തിലേക്ക് ആദ്യം വന്നത് അനിഖയാണ്. അനിഖയുടെ അമ്മയാണ് സൗജന്യമായി അഭിനയിക്കാമെന്ന് ആദ്യം പറഞ്ഞത്. ആലപ്പുഴയിലെ ഒരു ഹോം സ്റ്റേയായിരുന്നു ലൊക്കേഷൻ. അവിടെ ആളുകൾ കാര്യമായി ഇല്ലാത്ത ദിവസങ്ങൾ നോക്കിയായിരുന്നു ചിത്രീകരണം. രണ്ടു ദിവസം ഷൂട്ട് ചെയ്തു. പക്ഷേ ദൗർഭാഗ്യവശാൽ ആ വിഷ്വൽസ് മുഴുവൻ നഷ്ടപ്പെട്ടു. കാറിൽ വെച്ചിരിക്കുകയായിരുന്നു ലാപ്പ്ടോപ്പും ക്യാമറയും എട്ട് ഹാർഡ് ഡിസ്കുകളും. ഇതെല്ലാം വണ്ടിയുടെ ഗ്ലാസ് തകർത്ത് ആരോ മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു. ആയിരംതെങ്ങ് എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. അങ്ങനെ അത് മുഴുവൻ റീഷൂട്ട് ചെയ്യാൻ തീരുമാനിച്ചു.
റീഷൂട്ടിന് സഹായിച്ചത് ഗോവിന്ദ് പത്മസൂര്യ
റീ ഷൂട്ടിനുള്ള സാമ്പത്തികസഹായം ചെയ്തത് നടൻ ഗോവിന്ദ് പദ്മസൂര്യയാണ്. അദ്ദേഹം ഈ പടത്തിന്റെ കഥ കേട്ട് ചെയ്യാൻ ഉറപ്പിച്ചിരിക്കുകയായിരുന്നു. ഭക്ഷണത്തിനും മറ്റ് ഷൂട്ടിങ് ചെലവുകൾക്കുംവേണ്ട തുക എത്രയാണെന്നാണ് അദ്ദേഹം ചോദിച്ചത്. ജിപി ചേട്ടൻ വഴി ഒന്ന് രണ്ട് ലൊക്കേഷനുകൾ കിട്ടി. മുൻനിര താരങ്ങൾ അഭിനയിക്കാൻ വരുന്നതുകൊണ്ട് ഇതെല്ലാം ഫ്രീ ആയാണ് ഷൂട്ടിങ്ങിന് അനുവദിച്ചുകിട്ടിയത്. ജി.പി ചേട്ടന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യാനിരിക്കേയാണ് അഞ്ജു കുര്യനോട് കഥ പറഞ്ഞത്. കഥ കേട്ട് അവരും ഫ്രീ ആയി അഭിനയിക്കാമെന്ന് പറഞ്ഞു. ഫെബ്രുവരി ആയപ്പോഴാണ് ജിപിയുടേയും അഞ്ജുവിന്റേും ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നത്.
കൂടുതൽ താരങ്ങൾ വരുന്നു, സംഗീതത്തിനുമാത്രം ഒരുവർഷം
പിന്നാലെ മിർണ മേനോൻ, അക്ഷയ് രാധാകൃഷ്ണൻ എന്നിവരുടെ ഭാഗങ്ങളും ചിത്രീകരിച്ചു. ജോണി ആന്റണിയാണ് പിന്നീട് വന്നത്. കോട്ടയം പ്രദീപ് ചേട്ടൻ ഒരു റോൾ ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിങ് കുറച്ചുകൂടി ബാക്കിനിൽക്കേയാണ് അപ്രതീക്ഷിതമായി അദ്ദേഹം വിടപറയുന്നത്. ഇതിനിടെ ജിപി ഉൾപ്പെടെ താരങ്ങളുടെ ഡേറ്റും ലുക്കുമെല്ലാം വെല്ലുവിളിയായി വന്നു. പിന്നീട് ഈ ഹ്രസ്വചിത്രത്തിലേക്ക് വന്നത് പ്രേമലുവിൽ അഭിനയിച്ച ശ്യാം ആണ്. ഷാൻ റഹ്മാനെ ആയിരുന്നു ആദ്യം സംഗീത സംവിധായകനായി നിശ്ചയിച്ചിരുന്നു. ഡേറ്റ് പ്രശ്നം കാരണം കീതൻ എന്ന സംഗീത സംവിധായകനിലേക്ക് എത്തുകയായിരുന്നു. പുള്ളി ലണ്ടനിലുള്ള ഒരു ഇൻഡിപെൻഡന്റ് മ്യൂസിക് ഡയറക്ടറാണ്. ആൾ മലയാളിയല്ല. മൂന്ന് പാട്ട് ചെയ്തു. ജോയൽ ജോൺസായിരുന്നു പശ്ചാത്തലസംഗീതം. 2023 മുഴുവൻ മ്യൂസിക്കുമായി ബന്ധപ്പെട്ട ജോലികളായിരുന്നു. അതിനിടയിൽ ജോയലിന് ഒരുപകടം പറ്റി ആശുപത്രിയിലായതോടെ ജോലി പിന്നെയും നീണ്ടു. മ്യൂസിക് എല്ലാം ചെയ്ത് കിട്ടിയപ്പോൾ 2024 ജനുവരിയായി.
ഫ്രീ ആയി അഭിനയിക്കാൻ താരങ്ങളെ സമീപിച്ച രീതി
നല്ലൊരു തിരക്കഥ കേട്ടാൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കാൻ പറ്റുമോ എന്ന് ഇവരോടെല്ലാം ആദ്യമേതന്നെ ചോദിച്ചിരുന്നു. അഞ്ച് മിനിറ്റ് തന്നാൽ കൺസെപ്റ്റ് പറയാം, 15 മിനിറ്റ് തന്നാൽ വൺലൈനർ പറയാം, ഒന്നോ ഒന്നരയോ മണിക്കൂർ തന്നാൽ ഓരോ സീനുകളായി പറയാം എന്നായിരുന്നു ഞാൻ പറഞ്ഞത്. തിരിച്ചൊന്നും കിട്ടില്ല എന്നറിഞ്ഞുകൊണ്ടാണ് എല്ലാവരും വന്ന് അഭിനയിച്ചത്. നടീനടന്മാരെല്ലാവരും സൗജന്യമായി അഭിനയിച്ചപ്പോൾ ഗായകർ പകുതി പ്രതിഫലത്തിലാണ് പാടിയത്. ഇതിൽ ജോബ് കുര്യനും ഹിഷാമും ഓരോ പാട്ട് ഫ്രീ ആയി പാടിത്തന്നു.
സ്വയം കോറിയോഗ്രാഫി ചെയ്തപ്പോൾ
ഡാൻസ് എന്നതിലുപരി റൊമാന്റിക് സീക്വൻസുകൾ കോർത്തിണക്കുന്ന രീതിയിലാണ് കോറിയോഗ്രഫി ചെയ്തത്. കമ്മാരസംഭവം എന്ന ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഞാൻ. അതിൽ ഒരു പാട്ട് ബൃന്ദ മാസ്റ്റർ ഷൂട്ട് ചെയ്യാൻ വന്നപ്പോളാണ് ഡാൻസ് മാത്രമല്ല കോറിയോഗ്രാഫറുടെ പണി എന്ന്. ക്യാമറയ്ക്ക് മുന്നിൽ താരങ്ങൾ എന്ത് പ്രകടനം കാഴ്ചവെയ്ക്കുന്നു, എങ്ങനെ നടക്കുന്നു എന്നതിലെല്ലാം കോറിയോഗ്രാഫറുടെ പങ്കുണ്ട്. അങ്ങനെയാണ് ഈ പടത്തിൽ ഞാൻതന്നെ കോറിയോഗ്രഫി ചെയ്യാം എന്ന് വിചാരിക്കുന്നത്.
വിഷ്വൽ ലാംഗ്വേജ് പഠിച്ചത് അമൽ നീരദിൽനിന്ന്, പ്രിയഗുരു ബിജോയ് നമ്പ്യാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരു സിനിമയുടെ വിഷ്വൽ ലാംഗ്വേജ് എങ്ങനെയാവണമെന്ന് പഠിക്കാൻ പറ്റിയത് അമൽ നീരദിനൊപ്പം പ്രവർത്തിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ ഒരുപാട് സ്വാധീനം ഈ ചിത്രത്തിന്റെ ഷോട്ടുകളിലുണ്ട്. സ്ലോമോഷൻ സീനുകളുടെ ഭംഗി എന്താണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് മനസിലായത്. രതീഷ് അമ്പാട്ടിനൊപ്പം കമ്മാരസംഭവത്തിൽ 20 ദിവസമാണ് ജോലിചെയ്യാൻ പറ്റിയത്. ചെറിയ ബജറ്റിലേക്ക് വലിയ പ്രൊഡക്ഷൻ ഡിസൈൻ എങ്ങനെ കൊണ്ടുവരാം എന്ന് മനസിലാക്കിയത് രതീഷ് അമ്പാട്ടിൽനിന്നാണ്. ബിജോയ് നമ്പ്യാരാണ് ഏറ്റവും പ്രിയപ്പെട്ട ഗുരു. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചതുകൊണ്ടാണ് എന്റെയൊരു കാഴ്ചപ്പാട് മാറിയത്. ഈ ഹ്രസ്വചിത്രം ഒരുക്കാനുള്ള പ്രധാനകാരണം ബിജോയ് നമ്പ്യാരാണ്. അദ്ദേഹം മോഹൻലാൽ സാറിനെ വെച്ചൊരു ഹ്രസ്വചിത്രം ചെയ്തപ്പോൾ അദ്ദേഹം പൈസ വാങ്ങാതെയാണ് അഭിനയിച്ചത്. നല്ല കഥയും തിരക്കഥയുമുണ്ടെങ്കിൽ പ്രതിഫലം വാങ്ങാനെ അഭിനയിക്കുന്ന താരങ്ങൾ നമുക്കുണ്ട് എന്നത് യഥാർത്ഥത്തിൽ ബിജോയ് നമ്പ്യാരിൽനിന്നാണ് കണ്ടുപഠിച്ചത്. അന്ന് അദ്ദേഹം ചെയ്തപോലെയാണ് ഞാൻ ഈ സിനിമയ്ക്കായി താരങ്ങളെ സമീപിച്ചത്. ഒരു സിനിമ എങ്ങനെ സ്റ്റൈലിഷായി അവതരിപ്പിക്കണമെന്ന് ബിജോയ് നമ്പ്യാരിൽനിന്നാണ് പഠിച്ചത്. ലോ ബജറ്റ് സിനിമകൾ അന്താരാഷ്ട്ര നിലവാരത്തിൽ എങ്ങനെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്യണമെന്നും അദ്ദേഹത്തിൽനിന്ന് പഠിക്കാനായി.
മലയാളസിനിമ ചെയ്യാൻ തയ്യാറെടുക്കുന്നു
സിനിമകൾ ചെയ്യാനാണ് താത്പര്യം. ബോളിവുഡിലൊക്കെ വർക്ക് ചെയ്ത് തിരിച്ചുവന്ന് ഒരു സിനിമ ചെയ്യാം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് കോവിഡ് വന്നത്. ഈ സമയത്ത് ഒരു ചിത്രം ചെയ്ത് പാതി വഴിയിൽ മുടങ്ങിപ്പോവുന്നതൊക്കെ ഒരു തുടക്കക്കാരനെന്ന നിലയിൽ വളരെ ബുദ്ധിമുട്ടാവും. ഒരു ഹ്രസ്വചിത്രം ചെയ്ത് നിർമാതാക്കളെ കാണിക്കാൻപറ്റിയാൽ എന്റെ ശൈലിയേക്കുറിച്ച് അവർക്കൊരു ഐഡിയ കിട്ടാനാണ് ഈ ചിത്രം ഒരുക്കിയത്. ഒരു പരീക്ഷണമായിത്തന്നെയാണ് ഇതിനെ കണക്കാക്കുന്നത്. ബിഗ് സ്കെയിൽ കമേഴ്സ്യൽ ആക്ഷൻ ചിത്രമാണ് മനസിലുള്ള സ്വപ്നം. പക്ഷേ ആദ്യസിനിമ ഫാന്റസി ചിത്രമായിരിക്കും. മീശമാധവനും രസികനുമൊക്കെ ചെയ്ത സുധീഷ് പിള്ളയാണ് നിർമാതാവ്. ഈ നിർമാതാവിലേക്ക് എന്നെ എത്തിച്ചത് ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ച ജോണി ആന്റണി സാറാണ്.