
എട്ടാം വിവാഹ വാർഷിക ആഘോഷത്തിന്റെ സന്തോഷം മുഴുവൻ കെടുത്തിയ ദുരനുഭവം പറഞ്ഞ് നടൻ വിവേക് ദഹിയ. ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയുമൊത്തുള്ള വിദേശ സഞ്ചാരത്തിനിടെ ഫ്ളോറൻസിൽവെച്ച് തങ്ങൾ കൊള്ളയടിക്കപ്പെട്ടെന്ന് വിവേക് വെളിപ്പെടുത്തി. പഴയ കുറച്ച് വസ്ത്രങ്ങളൊഴികെ എല്ലാം കള്ളന്മാർ കൊണ്ടുപോയെന്നും സഹായംതേടിയപ്പോൾ ലോക്കൽ പോലീസ് കയ്യൊഴിഞ്ഞുവെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വിവേക് പറഞ്ഞു.
കഴിഞ്ഞദിവസമാണ് അവധിയാഘോഷത്തിനായി വിവേകും ദിവ്യാങ്കയും ഇറ്റലിയിലെത്തിയത്. ഈയവസരത്തിലാണ് തങ്ങൾക്കുനേരിട്ട ദുരനുഭവം വിവേക് ദഹിയ വെളിപ്പെടുത്തിയത്. ഈ ഒരു സംഭവമൊഴികെ ബാക്കിയെല്ലാംകൊണ്ടും ഈ യാത്ര ഗംഭീരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഫ്ളോറൻസ് സിറ്റി ചുറ്റിക്കറങ്ങാൻ പദ്ധതിയിടുന്നതിനിടെയാണ് സന്തോഷമെല്ലാം കെടുത്തി, ഒരു ദുഃസ്വപ്നം പോലെ മോഷണം നടന്നതെന്നും താരം പറഞ്ഞു.
“കഴിഞ്ഞദിവസം ഫ്ളോറൻസിലെത്തി അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പദ്ധതി. സാധനങ്ങളെല്ലാം പുറത്ത് കാറിൽവെച്ചശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടൽ പരിശോധിക്കാൻ പോയി. തിരിച്ചുവരുമ്പോൾ കണ്ടത് കാറിന്റെ ഗ്ലാസ് തകർന്നുകിടക്കുന്നതായിരുന്നു. അതിലുണ്ടായിരുന്ന പാസ്പോർട്ടുകളും വാലറ്റുകളും പണവും മറ്റു വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു. ഭാഗ്യവശാൽ ഏതാനും പഴയ വസ്ത്രങ്ങളും കുറച്ച് ഭക്ഷണവും അവരതിൽ ബാക്കിവെച്ചിരുന്നു.” വിവേക് ദഹിയ പറഞ്ഞു.
സംഭവം ലോക്കൽ പോലീസിൽ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. മോഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നു എന്നാണ് സഹായിക്കാതിരിക്കാൻ പോലീസ് പറഞ്ഞ കാരണം. അവർതന്നെ എംബസിയിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഓഫീസ് അടച്ചിരുന്നു. കയ്യിൽ ഒന്നുമില്ലാതിരുന്നതിനാൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ താത്ക്കാലിക പാസ്പോർട്ടും മറ്റു സഹായങ്ങളും എംബസിയിൽനിന്ന് എത്രയും പെട്ടന്ന് ലഭിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]