
മനപൂർവമല്ലാത്ത നരഹത്യാ കേസിൽ നിന്ന് നടൻ അലെക് ബാൾഡ്വിനെ കുറ്റവിമുക്തനാക്കി. ന്യൂ മെക്സിക്കോയിലെ സാന്റാ ഫേ കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ജഡ്ജ് മേരി മാർലോവ് സ്ലോമറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേട്ട് ബാൾഡ്വിൻ പൊട്ടിക്കരഞ്ഞു. സിനിമാ ലൊക്കേഷനിൽവെച്ച് നടന്റെ കയ്യിലെ തോക്ക് അബദ്ധത്തിൽ പൊട്ടി ഛായാഗ്രാഹക കൊല്ലപ്പെട്ട സംഭവത്തിലാണിപ്പോൾ വിധി വന്നിരിക്കുന്നത്.
2021-ൽ റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അലെക് ബാൾഡ്വിനെ കുരുക്കിയ സംഭവമുണ്ടായത്. ജോയൽ സൂസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു സീനെടുക്കുന്നതിനുമുൻപായി ടീം അംഗങ്ങൾ ചേർന്ന് റിഹേഴ്സൽ നടത്തുകയായിരുന്നു. ഇതിനിടെ നടന്റെ കയ്യിലുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും ഛായാഗ്രാഹകയായ ഹാലിയാന ഹച്ചിൻസിന് വെടിയേൽക്കുകയുമായിരുന്നു. ഹച്ചിൻസിന്റെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ സംവിധായകൻ ജോയലിനും പരിക്കുണ്ടായിരുന്നു.
തോക്ക് ലോഡ് ചെയ്തുവെച്ച ഹന്നാ ഗുട്ടേരാസ് കഴിഞ്ഞ 18 മാസമായി ജയിലിലാണ്. ഇയാൾക്കെതിരെയും മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അടിസ്ഥാന തോക്ക് സുരക്ഷാ നിയമങ്ങൾ അവഗണിച്ചുവെന്നും സെറ്റിൽ അശ്രദ്ധമായി പെരുമാറിയെന്നുമാണ് ബാൾഡ്വിനിനെതിരെ പ്രോസിക്യൂട്ടർമാർ വാദിച്ചത്. എന്നാൽ ഈ സംഭവത്തിൽ നടനെ കുറ്റപ്പെടുത്താനാവില്ലെന്നും തിരനിറച്ച തോക്കാണ് റിഹേഴ്സലിന് തന്നതെന്നും അദ്ദേഹത്തിനെങ്ങനെ അറിയാനാവുമെന്നുമാണ് അലെക്കിനായെത്തിയ അഭിഭാഷകൻ അലെക്സ് സ്പൈറോ വാദിച്ചത്.
ബാൾഡ്വിൻ്റെ കേസിന് അനുകൂലമായേക്കാവുന്ന ഛായാഗ്രാഹക ഹലീന ഹച്ചിൻസിൻ്റെ മരണവുമായി ബന്ധപ്പെട്ട ബുള്ളറ്റുകൾ പോലീസും പ്രോസിക്യൂട്ടർമാരും അദ്ദേഹത്തിൻ്റെ അഭിഭാഷകരുമായി പങ്കുവെച്ചിരുന്നില്ലെന്ന് വിധി പ്രസ്താവിക്കവേ ജഡ്ജ് പറഞ്ഞു. ഈ വിവരം മനഃപൂർവം മറച്ചുവെച്ചത് ബോധപൂർവവും ആസൂത്രിതവുമാണെന്നും ഈ പെരുമാറ്റം കുറ്റം ആരോപിക്കപ്പെട്ടയാൾക്ക് ഏറെ ദോഷകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിധി കേട്ട് ബാൾഡ്വിൻ പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞിരുന്നെങ്കിൽ 18 മാസം ജയിൽവാസമായിരുന്നു അദ്ദേഹം അനുഭവിക്കേണ്ടി വരുമായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]