
നടിയും മണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. കങ്കണയ്ക്ക് പിന്തുണയുമായി നടി ശബാന ആസ്മി, അനുപം ഖേര്‍ എന്നിവര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കങ്കണയുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെങ്കിലും നടിക്ക് പിന്തുണ നല്‍കിയിരിക്കുകയാണ് നടന് ഹൃത്വിക് റോഷന്, ആലിയ ഭട്ട് എന്നിവര്‍. മാധ്യമപ്രവര്‍ത്തകയായ ഫായേ ഡിസൂസ കങ്കണയ്ക്കെതിരേയുണ്ടായ അക്രമത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റാഗ്രാമിലായിരുന്നു ഡിസൂസയുടെ പ്രതികരണം.
‘അക്രമം ഒന്നിനുംഉത്തരമല്ല. പ്രത്യേകിച്ച് ഗാന്ധിയുടെ അഹിംസ എന്ന ആശയത്തില്‍ നിന്നുണ്ടായ രാജ്യമാണ് നമ്മുടേത്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പോലും അക്രമത്തെ പ്രോത്സാഹിപ്പിക്കരുത്. യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അപകടകരമാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ വിമാനത്താവളത്തില്‍ ഭരണകൂടത്തെ അനുകൂലിക്കുന്നവരാല് ആക്രമിക്കുന്നത് സങ്കല്‍പ്പിച്ച് നോക്കൂ’- എന്നതായിരുന്നു ഫായേ ഡീസൂസയുടെ പോസ്റ്റിന്റെ ഉള്ളടക്കം. ഈ പോസ്റ്റിന് ലൈക്ക് അടിച്ചാണ് ഹൃത്വികും ആലിയയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കങ്കണയും ഹൃത്വികും തമ്മിലുള്ള പ്രശ്നമെന്ത്?
കങ്കണ-ഹൃത്വിക് പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വികും പോലീസിനെ സമീപിച്ചു. എന്നാല്‍ ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പോലീസ് ആ കേസില്‍ നടപടി എടുത്തില്ല. മാത്രവുമല്ല തന്റെ ലാപ്പ്ടോപ്പില്‍ ഹൃത്വികിനെതിരേ തെളിവുകള്‍ ഉണ്ടെന്ന് കങ്കണ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ട് പോകവെ കങ്കണ തന്റെ ലാപ്ടോപ്പ് പോലീസിന് കൈമാറിയില്ല. പിന്നീട് കങ്കണ പല പൊതു വേദികളിലും അഭിമുഖങ്ങളിലും ഹൃത്വികിനെതിരേ രംഗത്ത് വന്നു.
കങ്കണയുടെ സഹോദരി രങ്കോലി ഹൃത്വികിനെതിരേ ഒരു ചിത്രവുമായി രംഗത്ത് വന്നിരുന്നു. ഹൃത്വികും കങ്കണയും ചേര്‍ന്ന് നില്ക്കുന്ന ചിത്രമായിരുന്നു അത്. കങ്കണ ആരോപിക്കുന്ന പോലെ തനിക്ക് അവരുമായ പ്രണയമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി ഹൃത്വിക് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആ ചിത്രം പുറത്ത് വിട്ടത്. എന്നാല്‍ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പറഞ്ഞ് ഹൃത്വികിന്റെ വക്താവ് രംഗത്ത് വന്നു. ഒരു പാര്‍ട്ടിയില്‍ എടുത്ത ചിത്രമായിരുന്നു അത്. ഹൃത്വികിന്റെ മുന്‍ഭാര്യ സൂസാനെയടക്കം ഒരുപാട് ആളുകള്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി ഹൃത്വികിന് തൊട്ടടുത്ത് നിന്നയാളുടെ കൈ ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചു കളഞ്ഞായിരുന്നു കങ്കണ ചിത്രം പ്രസിദ്ധീകരിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലും ഹൃത്വിക് കൂടുതല്‍ ചിത്രങ്ങളുമായി രംഗത്ത് വന്നു.
ആലിയ ഭട്ട്-കങ്കണ വിവാദം
കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണ് ആലിയ ഭട്ട് എന്ന് കങ്കണ പറഞ്ഞത് വിവാദമായിരുന്നു. തന്റെ ചിത്രമായ മണികര്‍ണികയെ ബോളിവുഡ് താരങ്ങളാരും പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു കങ്കണ രംഗത്തെത്തിയത്. ദംഗല്‍, റാസി, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സ്ക്രീനിങ്ങിന് താന്‍ എത്തി പിന്തുണ അറിയിച്ചിട്ടും ആമിര്‍ ഖാനോ ആലിയയോ മണികര്‍ണികയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും നടി ആരോപിച്ചിരുന്നു. എന്നാല്‍ മണികര്‍ണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ താന്‍ അറിഞ്ഞിരുന്നില്ലെന്നും ഷൂട്ടിങ്ങ് തിരക്കിലായിരുന്നുവെന്നുമാണ് ആലിയയുടെ പ്രതികരണം. കങ്കണയെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.
തന്റെ പിന്നാലെ ബോളിവുഡിലെ ഒരു നടനുണ്ടെന്നും ഇദ്ദേഹവും നടിയായ ഭാര്യയും ചേര്‍ന്ന് തന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയാണെന്നും കങ്കണ പറഞ്ഞത് വിവാദമായിരുന്നു. ആലിയയും ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറിന്റെയും പേരെടുത്തു പറയാതെയായിരുന്നു കങ്കണയുടെ ആരോപണം. അവരുടെ കല്യാണം വ്യാജമാണെന്നും കങ്കണ പറഞ്ഞു.
ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ഭന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യാവാടി റിലീസിന് തയ്യാറെടുക്കുക്കുമ്പോള് കങ്കണ പരിഹാസവുമായി രംഗത്ത് വന്നിരുന്നു. ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ നായികയാണെന്നും ചിത്രത്തിനായി മുടക്കിയ 200 കോടി ചാരമാകുമെന്നും കങ്കണ കുറിച്ചു. എന്നാല്‍ ഗംഗുഭായ് വലിയ വിജയമാവുകയും ആലിയയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]