
മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം ‘ടർബോ’യിൽ ഭാഗമായതിൽ വിജയ് സേതുപതിക്ക് നന്ദിയറിയിച്ച് മമ്മൂട്ടി. ചിത്രത്തിന്റേതായി പുറത്തുവിട്ട പുതിയ പോസ്റ്ററിലൂടെയാണ് വിജയ് സേതുപതിക്ക് നന്ദിയറിയിച്ചത്. ‘മക്കൾ സെൽവൻ വിജയ് സേതുപതിക്ക് നന്ദി’ എന്ന് പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ചിത്രത്തിലെ വിജയ് സേതുപതിയുടെ സാന്നിധ്യം ഇതുവരെ സർപ്രെെസായി വെച്ചിരിക്കുകയായിരുന്നു അണിയറപ്രവർത്തകർ.
മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുകയാണ്. 200ലധികം തിയേറ്ററുകളിലാണ് മൂന്നാം വാരത്തിൽ ചിത്രം പ്രദർശനം തുടരുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫീനിക്സ് പ്രഭുവാണ് സംഘട്ടനസംവിധായകൻ. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]