
പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ദുഗ്രി എന്ന ഗ്രാമത്തിലാണ് ഈ കഥ ആരംഭിക്കുന്നത്. കര്‍താര്‍ കൗര്‍, ഹരി സിംഗ് സാന്ദില ദമ്പതികളുടെ ഇളയമകന് ധന്നി റാമാണ് ഇതിലെ നായകന്. 1960 കളാണ് കാലഘട്ടം. അതുകൊണ്ട് തന്നെ ഒരു ദളിത് കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുക എന്നത് വിദൂര സ്വപ്നമാണ്. കൃഷിയിടത്തിലെ ജോലിക്ക് വലിയ കൂലിയില്ലാത്തതിനാല്‍ കര്‍താര്‍ കൗറിനും ഹരി സിംഗ് സാന്ദിലയ്ക്കും തന്റെ മക്കളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും സാധിച്ചുകൊടുക്കാനായില്ല. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ആ കുടുംബത്തിന് വലിയ സ്വപ്നം കാണാനുള്ള സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. പതിനാല് വയസ്സ് തികയുന്നതിന് തൊട്ടുമുന്‍പ് ധന്നി റാമിന് കുടുംബത്തെ പിന്തുണയ്ക്കാന്‍ ജോലിയ്ക്ക് ഇറങ്ങേണ്ടി വന്നു. ഒരു ഇലക്ട്രിഷ്യന്‍ ആകുന്നതായിരുന്നു ധന്നി റാമിന്റെ ജീവിതാഭിലാഷം. അതിനായി ഇറങ്ങിത്തിക്കാന് ശ്രമിച്ചുവെങ്കിലും വീട്ടിലെ പ്രാരാബ്ധം മറ്റുജോലികള്‍ ചെയ്യാന്‍ അയാളെ നിര്‍ബന്ധിതനായി. രാവിലെ ചന്തയിലെത്തി ചുവടെടുക്കും അതിന് ശേഷം നേരേ ഗോതമ്പുപാടത്തേക്ക്. അങ്ങനെ എല്ലു മുറിയെ പണിയെടുത്ത് ലഭിക്കുന്ന നാണയത്തുട്ടുകള്‍ തുണിയില്‍ പൊതിഞ്ഞ് വീട്ടിലെത്തിക്കും. നന്നായി പാടുമായിരുന്നു ധന്നി റാം . കഠിനമായ ജോലിയ്ക്കിടെ അയാള്‍ ആശ്വാസം കണ്ടെത്തിയത് സംഗീതത്തതിലായിരുന്നു. നാലാള് കേള്‍ക്കേ പാടാന്‍ ഒരു വേദി ലഭിക്കാന്‍ ധന്നി റാം അതിയായി മോഹിച്ചുവെങ്കിലും ഒരു ദരിദ്ര കുടുംബത്തിലെ പയ്യന് അക്കാലത്ത് അതിനുള്ള സാധ്യതയില്ലായിരുന്നു.
വയസ്സ് ഏതാണ്ട് പതിനഞ്ച് പിന്നിട്ടപ്പോള്‍ ധന്നി റാം ഒരു തുണിമില്ലിലെ തൊഴിലാളിയായി. ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലും സംഗീത്തിന്റെ ലോകത്താണ് അയാള്‍ അഭിരമിച്ചത്. അതിനിടെ ഹാര്‍മോണിയവും ധോല്‍കിയും വായിക്കാന്‍ പഠിക്കുകയും ചെയ്തു. ഏതാണ്ട് പതിനെട്ടു വയസ്സു കഴിഞ്ഞ സമയത്താണ് പഞ്ചാബി സംഗീത രംഗത്ത് പ്രശസ്തിയാര്ജിച്ചുകൊണ്ടിരുന്ന സുരിന്ദര്‍ ഷിന്‍ഡെയെ പരിചയപ്പെടുന്നത്. ഒരു സുഹൃത്തിനൊപ്പം സൈക്കിളില്‍ യാത്ര ചെയ്താണ് ധന്നി റാം ഷിന്‍ഡയുടെ വീട്ടിലെത്തുന്നത്. തന്നെക്കുറിച്ച് ഒരു ആമുഖം നല്‍കിയതിന് ശേഷം സംഗീത പരിപാടികളിലും ആല്‍ബങ്ങളിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പാടൂ, എന്നിട്ട് തീരുമാനിക്കാമെന്ന് ഷിന്‍ഡെ മറുപടി പറഞ്ഞു. ധന്നി റാമിന്റെ പാട്ട് കേട്ട മാത്രയില്‍ തന്നെ ഷിന്‍ഡെയ്ക്ക് വലിയ താല്പര്യമായി. ഉടനെ തന്നെ തനിക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടു. ഷിന്‍ഡെയുടെ സംഗീത പരിപാടികള്‍ക്ക് മുന്നോടിയായി വേദിയൊരുക്കുന്നതിലൂടെയായിരുന്നു തുടക്കം. പിന്നീട് ഗാനചരയിതാവായി. പഞ്ചാബി ഗായകരായ കെ. ദീപ്, മുഹമ്മദ് സാദിക് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചു.
ഒരു മ്യൂസിക് ടൂറിനായി ഷിന്‍ഡെ കാനഡയിലേക്ക് യാത്ര ചെയ്ത സമയത്താണ് ധന്നി റാം ഗായിക സുരിന്ദര്‍ സോണിയയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത്. കാനഡ ടൂറില്‍ നിന്ന് ഷിന്‍ഡെ തന്നെ ഒഴിവാക്കിയതില്‍ സോണിയയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ധന്നി റാമിനോപ്പം ചേരാന്‍ സോണിയയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ഇരുവരും ചേര്‍ന്ന് നാല് പാട്ടുകളെഴുതി അത് റെക്കോഡ് ചെയ്തു. എട്ട് ഗാനങ്ങളുള്ള തക്കുവേ ദേ തക്കുവ എന്ന ആല്‍ബം വലിയ ഹിറ്റായി. അതോടെ ധന്നി റാം എന്ന ഗായകന്റെ വരികളും സ്വരവും ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടാന്‍ പിന്നീട് അധികം സമയമെടുത്തില്ല. ധന്നി റാം അമര്‍ ചംകീല എന്ന പേര് സ്വീകരിക്കുന്നതും ഈ കാലത്താണ്.
സോണിയയും ചംകീലയും ചേര്‍ന്ന കൂട്ടുക്കെട്ട് സംഗീതപ്രേമികള്‍ക്ക് ഹരമായിരുന്നു. പക്ഷേ അതിന് അധികം ആയുസ്സുണ്ടായില്ല. സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ചംകീലയും സോണിയയും തമ്മിലുള്ള കൂട്ടുക്കെട്ട് തകര്‍ന്നു. സോണിയയുമായി പിരഞ്ഞതിന് ശേഷം സ്വന്തമായി ഒരു ബാന്‍ഡിന് രൂപം നല്കി. മിസ് ഉഷാ കിര്, അമര്‍ നൂറി ഗായികമാര്ക്കൊപ്പമാണ് അക്കാലത്ത് ചംകീല പ്രവര്‍ത്തിച്ചത്.
1980 കളുടെ അവസാനത്തിലാണ് കുല്‍ദീപ് മാനക് തുടങ്ങിയ പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന അമര്ജ്യോതിനെ ചംകീല പരിചയപ്പെടുന്നത്. അമര്ജ്യോതിന്റെ ആലാപനത്തിവും ശൈലിയും ചംകീലയെ വല്ലാതെ ആകര്‍ഷിച്ചു. ഒരുമിച്ചുള്ള യാത്ര കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചപ്പോള്‍ അവരുടെ കൂട്ടുക്കെട്ട് ശക്തമായി, സംഗീതത്തില്‍ മാത്രമല്ല, പിന്നീട് വ്യക്തിജീവിതത്തിലും.
അമര്ജ്യോതിനെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ ചംകീല വിവാഹിതനായിരുന്നു. ഗുര്‍മൈല്‍ കൗറായിരുന്നു ഭാര്യ. ഈ ബന്ധത്തില്‍ രണ്ടു പെണ്മക്കളുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തന്നെ അമര്ജ്യോതുമായുള്ള പ്രണയത്തിന് ചംകീലയ്ക്ക് തടസ്സമായില്ല. ഗുര്‍മൈല്‍ കൗറുമായി വിവാഹമോചനം നേടുന്നതിന് മുന്‍പ് തന്നെ അമര്ജ്യോതും ചംകീലും ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചു. വ്യത്യസ്ത ജാതിയിൽപ്പെട്ട ചംകീലയുടെയും അമര്ജ്യോതിന്റെയും വിവാഹം പലരെയും പ്രകോപിപ്പിച്ചു. അമര്‍ജ്യോത് എന്ന പേരിന് ശേഷം സിംഗ് എന്ന ചേര്‍ക്കാന്‍ ചംകീലയെ പ്രേരിപ്പിച്ചതിനുള്ള കാരണവും അതായിരുന്നു.
1984 കള്‍ ആയപ്പോഴേക്കും ചംകീലയും അമര്ജ്യോതും പ്രശസ്തിയുടെ കൊടുമുടിയിലെത്തി. പരമ്പരാഗത പഞ്ചാബി നാടോടി ഗാനങ്ങളെ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചായിരുന്നു ചംകീല സാധാരണക്കാര്‍ക്കിടയിലും തരംഗമായത്. പഞ്ചാബിന് പുറത്തേക്കും ചംകീലയുടെയും അമര്ജ്യോതിന്റെയും ആല്‍ബങ്ങള്‍ തരംഗമായി. ഇരുവരും ഒന്നിച്ചെത്തിയ വേദികളിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. പലരും കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കാണാന്‍ എത്തിയിരുന്നത്. സൗജന്യമായ പരിപാടികളും അക്കാലത്ത് ചംകീല നടത്തിയിരുന്നു. വര്‍ഷംതോറും നൂറ്കണക്കിന് വേദികളിലാണ് ചംകീലയും അമര്ജ്യോതും തരംഗം സൃഷ്ടിച്ചത്. പ്രവാസി ഇന്ത്യക്കാരായ ആരാധകര്‍ അദ്ദേഹത്തെ വിദേശ രാജ്യങ്ങളിലേക്ക് ക്ഷണിച്ചു. അമേരിക്ക, കാനഡ, ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ചംകീല ആവേശം സൃഷ്ടിച്ചു.
ഒട്ടും സങ്കീര്‍ണമായിരുന്നില്ല ചംകീലയുടെ വരികള്‍, രാഷ്ട്രീയം, പ്രണയം, കാമം, മദ്യം, മയക്കുമരുന്ന് എന്നിവയായിരുന്നു പ്രധാനപ്രമേയങ്ങള്‍. അവയിലെ ചില ഗാനങ്ങള്‍ ലൈംഗികമായ ദ്വയാര്‍ഥ പ്രയോഗങ്ങളുടെ പേരില്‍ ശക്തമായ വിമര്‍ശിക്കപ്പെട്ടു. നിങ്ങളുടെ പാട്ടുകള്‍ അറപ്പുളവാക്കുന്നു എന്നാണ് ചിലര്‍ അക്കാലത്ത് ചംകീലയോട് പറഞ്ഞത്. എന്റെ പാട്ടുകള്‍ എന്റെ സ്വാതന്ത്ര്യമാണ്, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ എന്റെ റെക്കോഡുകള്‍ വാങ്ങേണ്ടതില്ല, എന്നെ നിങ്ങളുടെ പരിപാടികള്‍ക്ക് വിളിക്കേണ്ടതുമില്ല, എന്നായിരുന്നു ചംകീലയുടെ മറുപടി. വിമര്‍ശനങ്ങള്‍ പിന്നീട് ഒരുപടി കൂടി കടന്ന് വ്യക്തിപരമായ ആക്രമണമായി. ഇനി ഇത്തരത്തിലുള്ള ഗാനങ്ങള്‍ സൃഷ്ടിച്ചാല്‍ പരിപാടികള്‍ മുടക്കുമെന്നും കൊല്ലുമെന്നും വരെയായി ഭീഷണികള്‍. നൂറുകണക്കിന് കത്തുകളാണ് അക്കാലത്ത് ചംകീലയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. അമര്ജ്യോതിനെതിനും കടുത്ത ഭീഷണി നേരിടേണ്ടിവന്നു.
ആക്രമണം കടുത്തതോടെ ചംകീല കുറച്ചുകാലത്തേക്ക് ഭക്തിഗാനങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ആരംഭിച്ചു. മറ്റു ഗാനരചയിതാക്കളെയാണ് അതിനായി കൂടുതലും ആശ്രയിച്ചത്. ഏതാനും ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. ഭക്തിഗാനങ്ങളോ, ചംകീലയോ എന്ന് ചോദിച്ച് പരിഹസിച്ചവര്ക്ക് മുന്നില്‍ നാക്ക് കൊണ്ടല്ല അദ്ദേഹം മറുപടി പറഞ്ഞത്. സൂപ്പര്‍ഹിറ്റ് ഭക്തിഗാനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നേടിയാണ് അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചത്. ഭക്തിഗാനങ്ങള്‍ വിറ്റ് ലഭിച്ച വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും ചംകീല തന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചില്ല. പകരം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഗുരുദ്വാരകള്‍ക്കും സംഭാവന നല്കി. ദൈവം എനിക്ക് സംഗീതം വരദാനമായി നല്കി, ഈ ഗാനങ്ങള്‍ ഞാന്‍ അദ്ദേഹത്തോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞാന്‍ നല്കുന്ന സമ്മാനമാണ് അതേക്കുറിച്ച് ചംകീല പറഞ്ഞത് ഇങ്ങനെയായിരുന്നു.
1985 ന് ശേഷം ചംകീല വളരെ ഗൗരവകരമായ വിഷയങ്ങള്‍ സംസാരിക്കുന്ന ഗാനങ്ങളാണ് രചിച്ചത്. എന്നിരുന്നാലും പലര്‍ക്കും അദ്ദേഹത്തോടുള്ള വിദ്വേഷം അടങ്ങിയില്ല. സംഗീതരംഗത്ത് നിന്ന് വിടവാങ്ങണമെന്നും ഇനി ഒരിക്കല്‍ പോലും വേദികളില്‍ കണ്ടുപോകരുതെന്നും ആവശ്യപ്പെട്ടുള്ള ഭീഷണിക്കത്തുകള്‍ ലഭിച്ചുകൊണ്ടേയിരുന്നു. തനിക്കെതിരേ വെറുപ്പ് പ്രചരിപ്പിച്ചവരെ തുടക്കക്കാലത്ത് അദ്ദേഹം കാര്യമായി ഗൗനിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമ്മര്‍ദം കടുത്തതോടെ ഭാര്യയെയും കൂട്ടി ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. കുറച്ചു കാലത്തേക്ക് അദ്ദേഹം ഗാനങ്ങള്‍ രചിക്കുന്നതില്‍ നിന്നും റെക്കോഡ് ചെയ്യുന്നതില്‍ നിന്നും മാറിനിന്നു.
എന്നാല്‍ ഭീഷണികളെ ഭയന്ന് സംഗീതലോകത്ത് നിന്ന് അധികകാലം മാറി നില്ക്കാന് ചംകീലയ്ക്ക് കഴിഞ്ഞില്ല. സംഗീതം അദ്ദേഹത്തിന് ജീവവായുവായിരുന്നു. അതില്ലാതെ ജീവിതം മുന്നോട്ടു തള്ളിനീക്കയതിനാൽ കടുത്ത വിഷാദത്തിലേക്ക് പോകുമായിരുന്നുവെന്നും അതോടെ തന്നിലെ കലാകാരന് മാത്രമല്ല മനുഷ്യനും ഇല്ലാതാകുമെന്നും ചംകീല തിരിച്ചറിഞ്ഞു. കലാരംഗത്തേക്ക് മടങ്ങിവരാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച തീരുമാനം.
1988 മെയ് 8-ന് പഞ്ചാബിലെ ജലന്ധറിലെ മെഹ്സംപൂരിലേക്ക് ഒരു ഷോയ്ക്കായി യാത്ര ചെയ്യുകയായിരുന്ന ചാംകിലയും അമര്ജ്യോതും. കാറിലായിരുന്നു യാത്ര. മെഹ്സംപൂരിലെത്തിയതും കാറില്‍ നിന്നിറങ്ങിയ ചംകീലയെയും അമര്ജ്യോതുമടങ്ങിയ സംഘത്തിന് നേരേ മോട്ടോര്‍സൈക്കിളിലെത്തിയ മൂന്ന് പേര് നിറയൊഴിച്ചു. ശരീരത്തിന്റെ ചംകീലയ്ക്കും അമര്ജ്യോതിനും നെഞ്ചിലാണ് വെടിയേറ്റത്. നാല് ബുള്ളറ്റുകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് പിന്നീട് കണ്ടെടുത്തത്. ചംകീലയുടെ മരണത്തിന് പിന്നാലെ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊലപാതകത്തില്‍ കേസെടുത്ത് ഏതാനും ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും ഔദ്യോഗികമായി ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഖര്കു എന്ന ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയിലെ അംഗങ്ങളെയാണ് ആദ്യസംശയിച്ചത്. എന്നാല്‍ അത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. ചംകീലയുടെ അടുത്ത സുഹൃത്തും ഗാനരചയിതാവുമായ സ്വാന് സിവിയ ഖലിസ്ഥാന്‍ തീവ്രവാദ സംഘമല്ല ഇതിന് പിറകിലെന്ന് ഉറപ്പിച്ചു പറഞ്ഞു. കാരണം ഭീഷണിക്കത്തുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ താനും ചംകീലയും ഖര്കുവിലെ അംഗങ്ങളുമായി കൂടികാഴ്ച നടത്തിയെന്നും ഗാനങ്ങളുടെ ശൈലി മാറ്റാമെന്ന് വാക്ക് നല്‍കിയെന്നും സിഖ് ചരിത്രത്തിലൂന്നിയ ഗാനങ്ങളിറക്കിയെന്നും സ്വാന് സിവിയ വെളിപ്പെടുത്തിയിരുന്നു. ചംകീലയുടെ കൊലപാതകികളെ മരണം വരെ സിവിയ തേടിനടന്നു.
കൊല്ലപ്പെടുമ്പോള്‍ ചംകീലയ്ക്ക് വെറും 27 വയസ്സുമാത്രമായിരുന്നു പ്രായം. അല്പ്പായുസ്സായിരുന്നില്ല എങ്കില്‍ സംഗീതരംഗത്ത് അദ്ദേഹം വലിയ അംഗീകരങ്ങള്‍ നേടുമായിരുന്നു. ലോകമെമ്പാടുമുള്ള പഞ്ചാബി സംഗീത പ്രേമികള്‍ക്കിടയില്‍ ഇന്നും ചംകിലയുടെ സംഗീതം ജീവിക്കുന്നു . കാലാതീതമായ സംഗീതത്തിലൂടെ അമര്‍ സിംഗ് ചംകീല എന്ന പേര് പിന്നീട് യുവപ്രതിഭകളില്‍ വലിയ സ്വാധീനം ചെലുത്തുന്നു. പഞ്ചാബി സംഗീതത്തിലും സംസ്കാരത്തിലും അദ്ദേഹം നല്കിയ സംഭാവന ഒരിക്കലും വിസ്മരിക്കാകില്ല
ചംകീലയുടെ ജീവിതം വെള്ളിത്തിരയില്‍
അമര്‍ സംഗ് ചംകീല വിടപറഞ്ഞ് ഏതാണ്ട് 36 വര്‍ഷങ്ങള്‍ തികയുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുകയാണ്. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചംകീലയായെത്തുന്നത് ദില്‍ജിത് ദോസഞ്ചാണ്. പരിണീതി ചോപ്രയാണ് അമര്ജ്യോതിന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ചംകീലയുടെയും ദില്‍ജിത്തിന്റെയും ജീവിതങ്ങള്‍ വളരെ സമാനതയുണ്ടെന്നത് ആകസ്മികമാണ്. പഞ്ചാബിലെ ഫില്ലൗറിലാണ് ദില്‍ജിത്തിന്റെ ജനനം. 2002 ലാണ് ദില്‍ജിത്ത് തന്റെ ആദ്യ ആല്‍ബം പുറത്തിറക്കുന്നത്. ബില്‍ബോഡ് കനേഡിയന്‍ ആല്‍ബം ചാര്‍ട്ട്. യുകെ ഏഷ്യ ചാര്‍ട്ട് തുടങ്ങിയവയില്‍ ഇടം നേടിയ ഗായകനാണ് അദ്ദേഹം. വാര്‍ണര്‍ മ്യൂസിക്, സോണി മ്യൂസിക്, ടി സീരീസ്, സീ മ്യൂസിക് തുടങ്ങിയ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളുടെ ലേബലിലാണ് ദില്‍ജിത്തിന്റെ ആല്‍ബങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ചംകീല നേരിടേണ്ടി വന്ന സമാനമായ ആരോപണങ്ങള്‍ ദില്‍ജിത്തിനെയും തേടിയെത്തിയിട്ടുണ്ട്. സ്ത്രീവിരുദ്ധവും അശ്ലീലവുമായ ഗാനങ്ങള്‍ അവതരിപ്പിച്ചുവെന്ന് ആരോപിച്ച് ദില്‍ജിത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. സിഖ് മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചും ദില്‍ജിത്ത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]