
സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവു അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദിച്ചെന്നും പട്ടിണിക്കിട്ടതായും ആരോപിച്ച രന്യ ബ്ലാങ്ക് പേപ്പറില്‍ തന്നെ കൊണ്ട് ഒപ്പ് വെപ്പിച്ചതായും പറഞ്ഞു. ആരോപണങ്ങളുന്നയിച്ച് ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ക്ക് രന്യ കത്തയയ്ക്കുകയായിരുന്നു.
കള്ളക്കേസില്‍ കുടുക്കിയതാണെന്ന് പറഞ്ഞുകൊണ്ട്, രന്യ താന്‍ നിരപരാധിയാണെന്നും കത്തില്‍ വ്യക്തമാക്കി. കര്‍ണാടക ഐപിഎസ് ഓഫീസറുടെ വളര്‍ത്തുമകളും നടിയുമായ രന്യ ഈ മാസം ആദ്യമാണ് 12.56 കോടി വിലമതിക്കുന്ന സ്വര്‍ണക്കട്ടികളുമായി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെയും നിരീക്ഷണങ്ങള്‍ക്കും ഒടുവില്‍ ഡിആര്‍ഐ ആണ് രന്യയെ പിടികൂടിയത്.
ബെംഗളൂരു പരപ്പന അഗ്രഹാര ജയില്‍ ചീഫ് സൂപ്രണ്ട് മുഖേനയാണ് രന്യ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുന്നയിച്ച് ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ക്ക് കത്തയച്ചിരിക്കുന്നത്. ഇന്ത്യടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാനത്തിനുള്ളില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്തതായും വിശദീകരണം നല്കാന് അവസരം നല്‍കാതെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തതായും രന്യ കത്തില്‍ ആരോപിക്കുന്നുണ്ട്.
‘കോടതിയില്‍ ഹാജരാക്കുന്നതുവരെ, എനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ എന്നെ ശാരീരികമായി ആക്രമിച്ചു, 15-ഓളം തവണ അടിച്ചു. ആവര്‍ത്തിച്ചുള്ള മര്‍ദനങ്ങളേറ്റിട്ടും അവര്‍ തയ്യാറാക്കിയ പ്രസ്താവനകളില്‍ ഒപ്പിടാന്‍ ഞാന്‍ വിസമ്മതിച്ചു,’ രന്യ കത്തില്‍ പറയുന്നു. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി അറുപതോളം ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതയായെന്നും രന്യ കൂട്ടിച്ചേർത്തു.
സ്വര്‍ണക്കടത്ത് കേസില്‍ രന്യയുടെ ജാമ്യാപേക്ഷ ബെംഗളൂരു സ്പെഷ്യല്‍ കോടതി തള്ളിയതിന് പിന്നാലെയാണ് രന്യയുടെ കത്ത് പുറത്ത് വരുന്നത്. മൂന്ന് ദിവസത്തെ ഡിആര്‍ഐ കസ്റ്റഡിക്ക് ശേഷം രന്യയെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]