
മഞ്ഞുമ്മൽ ബോയ്സും ഗുണ കേവുമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. മഞ്ഞുമ്മൽ ബോയ്സിനുമുമ്പ് ഗുണാ കേവിൽ ചിത്രീകരിച്ച മലയാളസിനിമയായിരുന്നു എം. പദ്മകുമാർ സംവിധാനംചെയ്ത് 2010-ൽ പുറത്തിറങ്ങിയ ശിക്കാർ. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഗുണാ കേവിൽ വെച്ച് ചിത്രീകരിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂർ. അന്ന് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു അദ്ദേഹം.
എന്നും പേടിയോടെ ഓർക്കുന്ന ഷൂട്ടിംഗ് എന്നാണ് ശിക്കാറിന്റെ ചിത്രീകരണത്തേക്കുറിച്ച് വിനോദ് ഗുരുവായൂർ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ വിശേഷിപ്പിക്കുന്നത്. ശിക്കാർ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ഗുണ കേവിൽ ആയിരുന്നു. അന്നും കമ്പികൾ വച്ചു തടഞ്ഞിരുന്നു അവിടേക്കുള്ള എൻട്രി. ആർട്ടിലുള്ള ചിലർ ഒരു ഗ്രിൽ എടുത്തു മാറ്റി. പിന്നെ അടുത്തുള്ള ഒരു മരത്തിൽ കയർ കെട്ടി… അതിൽ പിടിച്ചു താഴേക്കിറങ്ങാനുള്ള വഴി ഒരുക്കി. ആർട്ട് ഡയറക്ടർ മനു ജഗത്ത് തന്ന ധൈര്യത്തിൽ കയറിൽ പിടിച്ചു താഴേക്ക്. മുന്നിൽ ലാലേട്ടൻ കൂടെ നിന്നപ്പോൾ എല്ലാവർക്കും ത്രിൽ ആയി. പിന്നെ ഞങ്ങൾ ഓരോരുത്തരായി താഴേക്കിറങ്ങി. ഓരോ നിമിഷവും മുന്നിൽ വരുന്ന അപകടം അറിയാമായിരുന്നു. എങ്കിലും വർഷങ്ങൾക്കു മുൻപ് കമൽ സർ ചെയ്ത ഗുണയുടെ ലൊക്കേഷൻ ഓരോന്നായി കണ്ടപ്പോൾ… വീണ്ടും താഴേക്കിറങ്ങി. വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ.
“ഗുണ ചെയ്ത പ്രധാന ലൊക്കേഷൻ എത്തിയപ്പോൾ അവിടെ ഞങ്ങൾ തമ്പടിച്ചു. താഴേക്കു നോക്കുമ്പോൾ തല കറങ്ങും.. അത്രക്കും ദൂരമുണ്ട് ഇനിയും.. ഇതിനിടയ്ക്കുള്ള ചതി ഒളിഞ്ഞിരിക്കുന്ന കുഴികൾ.. ഞങ്ങളെത്തി… ഇനി അനന്യയെ എത്തിക്കണം.. അതിനുള്ള ശ്രമവും വിജയത്തിലെത്തി. പിന്നെ ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ സംഘവും കളത്തിലിറങ്ങി. റോപ്പ് കെട്ടാൻ മരക്കൊമ്പുകൾ മാത്രം. ഒരു പേടിയും കൂടാതെ ലാലേട്ടൻ ആ മരക്കൊമ്പിലെ റോപ്പിൽ തൂങ്ങി ആടുമ്പോൾ പ്രാർത്ഥനയോടെ ഞങ്ങൾ നിന്നു. താഴേക്കു നോക്കണ്ട എന്ന് ലാലേട്ടൻ ഇടക്ക് അനന്യയെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോൾ അതിലും റിസ്ക് ഷോട്ടുകൾ പ്ലാൻ ചെയ്തു പദ്മകുമാറും ത്യാഗരാജൻ മാസ്റ്ററും ക്യാമറാമാൻ മനോജ് പിള്ളയും.” വിനോദ് ഗുരുവായൂർ ഓർത്തെടുത്തു.
വിനോദ് ഗുരുവായൂർ തിരക്കഥയെഴുതിയ ഹീറോ എന്ന ചിത്രത്തിൽ സംഘട്ടനംരംഗം ചിത്രീകരിക്കുന്നതിന് മുമ്പ് തലൈവാസൽ വിജയ് അവതരിപ്പിച്ച സംഘട്ടനസംവിധായകന്റെ കഥാപാത്രം അയ്യപ്പാ എന്നുപറയുന്നുണ്ട്. ഈ വാക്ക് കിട്ടിയത് ശിക്കാറിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു എന്ന് വിനോദ് ഗുരുവായൂർ പറയുന്നു. മോഹൻലാലിന് ആക്ഷൻ പറയുമ്പോൾ സംഘട്ടന സംവിധായകൻ ത്യാഗരാജൻ പറയുന്ന വാക്കാണ് അതെന്നും അവർ ഇരുവരും തമ്മിലുള്ള അടുപ്പം അന്ന് മനസിലായെന്നും വിനോദ് ഗുരുവായൂർ പറഞ്ഞു.
“ചെറിയ മരക്കൊമ്പിൽ മാസ്റ്റർ കെട്ടിയ റോപ്പ്, വിശ്വാസം ആയിരുന്നു ലാലേട്ടന്… അവർ തമ്മിലുള്ള വിശ്വാസം. അപകടങ്ങൾ മുന്നിൽ ഉണ്ടെങ്കിലും.. അതൊന്നും നോക്കാതെ, ഡ്യൂപ്പ് പോലും ഇല്ലാതെ ലാലേട്ടൻ… ബാലരാമനാകുക ആയിരുന്നു അവിടെ… ഗുണയുടെ ഷൂട്ട് കഴിഞ്ഞു വർഷങ്ങൾക്കു ശേഷം അവിടെ ശിക്കാർ ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങളും ത്രില്ലിലായിരുന്നു. ചെറിയൊരു അശ്രദ്ധ വലിയൊരു അപകടം വരുമെന്ന് അറിഞ്ഞിട്ടും ലൊക്കേഷൻ പുതുമക്ക് വേണ്ടി എല്ലാവരും ഒരുമിച്ചു നിന്നു. ശിക്കാറിന്റെ വിജയങ്ങൾ ആഘോഷിച്ചപ്പോഴും ആ ഭീകരത മായാതെ മനസ്സിലുണ്ട്. ഗുണ ഷൂട്ട് ചെയ്ത സ്ഥലത്തിനും താഴെ ഷൂട്ട് ചെയ്ത ആക്ഷൻ സീനുകൾ വീണ്ടും ശിക്കാർ കാണുമ്പോൾ ഓർമ്മകൾ മനസ്സിലേക്കെത്തുന്നു…” വിനോദ് ഗുരുവായൂർ കുറിപ്പ് അവസാനിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]