![](https://newskerala.net/wp-content/uploads/2025/01/1736609091_IDENTITY.jpg)
ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയെ കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി നൽകി ചിത്രത്തിന്റെ നിർമാതാവ് രാജു മല്ല്യത്ത്. ഹെലികോപ്റ്ററില്‍ പറന്ന് നടത്തിയ പ്രമോഷന് അടക്കം ചിത്രത്തിന്റെ ബജറ്റ് കൂട്ടിയെന്നും ചിത്രത്തിലെ നായകനായ ടൊവിനോ അമിത പ്രതിഫലം വാങ്ങിയെന്നും ഒരു ടെലിവിഷൻ ചര്‍ച്ചക്കിടെ സംവിധായകന് വിനു കിരിയത്ത് നടത്തിയ പരാമര്‍ശത്തിനെതിരേ രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം. ചെറിയ തുക മാത്രം അഡ്വാന്‍സ് വാങ്ങിയാണ് ചിത്രവുമായി ടൊവിനോ സഹകരിച്ചതെന്നും ഐഡന്റിറ്റി മികച്ച രീതിയിൽ പോകാത്തതിനാല്‍ മറ്റൊരു ചിത്രം ചെയ്യാന്‍ ടൊവിനോ സമ്മതിച്ചതായും നിര്‍മാതാക്കളായ രാഗം മൂവീസിന്റെ ഉടമ രാജു മല്ല്യാത്ത് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
നിർമാതാവിന്റെ വിശദീകരണം:
കഴിഞ്ഞ 45 വർഷമായി മലയാള സിനിമാ രംഗത്ത് ഏകദേശം 22 ചിത്രങ്ങളിൽ നിർമ്മാതാവായും സഹനിർമ്മാതാവായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. അവയിൽ പലതിലും ലാഭവും നഷ്ടവുമുണ്ടായിട്ടുണ്ട്. ഏകദേശം 20 പതിറ്റാണ്ടിനു മുമ്പുള്ള കഥകളോ നിർമ്മാണ രീതികളോ സാങ്കേതിക വിദ്യകളോ പരസ്യ പ്രചാരണ രീതികളോ അല്ല ഇന്നുള്ളത്. വിഷയം എന്തെന്നുവെച്ചാൽ, ഒരു ചാനലിലെ ചർച്ചയിൽ ഞാൻ നിർമ്മിച്ച ഐഡന്റിറ്റി എന്ന സിനിമയിലെ പ്രൊമോഷനെ അവലംബിച്ച് ഹെലികോപ്ടർ യാത്രയുമായി ബന്ധപ്പെട്ട പരാമർശമാണ്.
അതിൽ വിനു കിരിയത്തിൻ്റെ പരാമർശത്തിൻ്റെ സത്യാവസ്ഥ എന്തെന്നുവെച്ചാൽ, ഒരിക്കലും ടോവിനോ എന്ന നടൻ ഇങ്ങനെയൊരു പരസ്യപ്രചാരണം ഐഡൻന്റിറ്റി എന്ന സിനിമയ്ക്ക് ചെയ്യണമെന്ന് എന്നോട് അഭിപ്രായപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പലവിധ കാരണങ്ങൾകൊണ്ട് നിർമ്മാണച്ചെലവ് അധികരിച്ച ചിത്രം എങ്ങനെ റിലീസ് ചെയ്യും എന്നുള്ള പ്രതിസന്ധി ഘട്ടത്തിൽനിന്ന് എന്നെ സമാധാനിപ്പിക്കുകയും മനോബലം തരുകയും ചെയ്ത ആളാണ് ടൊവിനോ. ഡോ. റോയ് സി.ജെ (കോൺഫിഡന്റ് ഗ്രൂപ്പ്) യെ നിർമാണ പങ്കാളിയാക്കി ചിത്രം റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്നയാളാണ് ടൊവിനോ.
റോയ് സി.ജെ.യുടെ ആശയത്തിൽ ഉദിച്ചതും ന്യൂതനവുമായ ഒരു പ്രചരണരീതിയായിരുന്നു ഹെലികോപ്ടറുമായി ബന്ധപ്പെട്ടത്. പ്രചാരണത്തിൻ്റെ മുഴുവൻ ചെലവും സിനിമയുടെ പ്രൊഡക്ഷൻ കോസ്റ്റിൽ ഉൾപ്പെടുത്താതെ അദ്ദേഹം തനിയെ മുടക്കിയതാണ്. 2018 കാലയളവു മുതൽ ടൊവിനോയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആളാണ് ഞാൻ.
എൻ്റെ ഐഡന്റിറ്റി എന്ന ഈ ചിത്രത്തിൽ ഒരു ചെറിയ തുക മാത്രം പ്രതിഫലത്തിന്റെ അഡ്വാൻസായി കൈപ്പറ്റിക്കൊണ്ട്, ചിത്രത്തിൻ്റെ ഷൂട്ടിംഗിന് പണം ആവശ്യമുണ്ടല്ലോ, അതിനാൽ ചിത്രം റിലീസു ചെയ്തിട്ട് ബാക്കി തുക തന്നാൽ മതി എന്നുപറഞ്ഞ് ഒന്നരവർഷത്തോളം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു മടിയോ തടസ്സമോ കൂടാതെ സഹകരിച്ചുനിന്ന ആളാണ് ടോവിനോ.
ചിത്രീകരണത്തിനിടയിലും സാമ്പത്തികമായി സഹായിക്കാൻ ടൊവിനോ തയ്യാറായിട്ടുണ്ട്. മാത്രമല്ല ചിത്രത്തിൻ്റെ പ്രതിഫലത്തുകയുടെ ബാക്കിയായി ഒരു ഭീമമായ തുക നൽകാനുണ്ടായിട്ടും എനിക്ക് ഈ ചിത്രത്തിൽ സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരമായി എൻ്റെ കൂടെനിന്ന് ഉടൻതന്നെ ഒരു ചിത്രം ചെയ്തു തരാമെന്നു പറഞ്ഞ് മറ്റൊരു നടനും കാണിക്കാത്ത മഹാമനസ്കത കാണിച്ച നടനാണ് ടൊവിനോ.
കൂടാതെ ചിത്രം പൂർത്തിയായതിനുശേഷം കരാർ ഉറപ്പിച്ച പ്രമുഖ വിതരണ കമ്പനി പിൻമാറിയപ്പോൾ ധൈര്യപൂർവ്വം മുന്നോട്ടുവന്ന് ശ്രീ ഗോകുലം മൂവീസിന്റെ ഡ്രീം ബിഗ് വിതരണക്കമ്പനിയെ സിനിമയുടെ വിതരണക്കാരായി കൊണ്ടുവന്ന് ഈ ചിത്രത്തിന്റെ വിതരണഘട്ടത്തിലും സഹായിച്ചതും ടൊവിനോ എന്ന നടൻ തന്നെയാണ്.
ചിത്രത്തിൻ്റെ റിലീസിങ് സമയത്തൊക്കെ ടൊവിനോ കാണിച്ച സന്മനസ്സിന് നന്ദി പ്രകാശിപ്പിച്ചപ്പോഴൊക്കെ ഇതു നമ്മുടെ സിനിമയല്ലേ ചേട്ടാ, എന്ന് പറഞ്ഞ് കൂടെ നിന്ന ആളാണ് അദ്ദേഹം. ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി വിവിധ ചാനലുകളിൽ വസ്തുനിഷ്ടമായി കാര്യങ്ങൾ വ്യക്തമായി അറിയാതെ ടൊവിനോ എന്ന നടനുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും വരുന്നതിനാൽ ചിത്രത്തിൻ്റെ നിർമ്മാതാവെന്ന നിലയിൽ എന്റെ അനുഭവങ്ങൾ ഇവിടെ പറയാൻ നിർബന്ധിതനാകുകയാണ്. ആയതിനാൽ ചാനലിൽ എൻ്റെ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ വന്ന കാര്യങ്ങൾ വസ്തുതാപരമായി തെറ്റുതന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]