
മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയില്‍ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയ നടത്തിയ അശ്ലീല പരാമര്‍ശ വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി ആശിഷ് ഷെലാറിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക വകുപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ മന്ത്രിയുടെ അധ്യക്ഷതയില്‍ വകുപ്പില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം അദ്ദേഹം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയിലെ അശ്ലീലതയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി.
ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ ഇളവുതേടിയും ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടും രണ്‍വീര്‍ അല്ലാബാഡിയ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡ് മുഖേനയാണ് രണ്‍വീര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഷോയിലെ വിവാദ പരാമര്‍ശത്തില്‍ രണ്‍വീറിനും മറ്റ് വിധികര്‍ത്താക്കളായിരുന്ന സമയ് റെയ്ന, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് തുടങ്ങിയവര്‍ക്കെതിരേ ഗുവാഹത്തി പോലീസ് സമന്‍സ് അയച്ചതിനാല്‍ അറസ്റ്റ് ഭയന്ന് രണ്‍വീര്‍ മുന്‍കൂര്‍ ജാമ്യവും തേടിയിട്ടുണ്ട്.
ഫെബ്രുവരി 10-ന് ഗുവാഹത്തി പോലീസ്, ഷോയിലെ അഞ്ച് പ്രമുഖ യൂട്യൂബര്‍മാര്‍ക്കെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. അശ്ലീലത്തെ പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു തുടങ്ങിയ കാരണങ്ങള്‍ ചേര്‍ത്തായിരുന്നു എഫ്.ഐ.ആര്. തുടര്‍ന്നാണ് പോലീസ് ഇവര്‍ക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാനായി സമന്‍സ് അയച്ചത്. വിഷയം അന്വേഷിക്കാനായി മുംബൈയിലേക്ക് അസം പോലീസിന്റെ ഒരു ടീം എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]