![](https://newskerala.net/wp-content/uploads/2025/02/priyadarshan203-1024x576.jpg)
മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് പ്രിയദർശൻ. പൂച്ചക്കൊരു മുക്കൂത്തിയിൽ തുടങ്ങിയ സിനിമാ യാത്രയിൽ മലയാളിയുടെ മോസ്റ്റ് ഫേവറൈറ്റ് ലിസ്റ്റിൽ ഇടം പിടിച്ച എത്രയോ ചിത്രങ്ങൾ. സിനിമാമോഹിയായ ഒരു ചെറുപ്പക്കാരനിൽ നിന്ന് ഇന്ന് കാണുന്ന പ്രഗത്ഭനായ സംവിധായകനിലേക്കുള്ള പ്രിയദർശൻ്റെ വളർച്ചയെ ഓർത്തെടുക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തൻ്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രിയദർശൻ്റെ കഥ ആലപ്പി അഷ്റഫ് പറഞ്ഞത്.
ഒരു കാലത്ത് തമിഴ് സിനിമ ഇൻഡസ്ട്രി അടക്കിവാണുകൊണ്ടിരുന്ന ആളായിരുന്നു ജി. വെങ്കടേഷ്. അദ്ദേഹത്തിൻറെ കമ്പനി ആയിരുന്നു ജി. വി. ഫിലിംസ്. അദ്ദേഹം പ്രശസ്ത സംവിധായകനായ മണിരത്നത്തിന്റെ ജ്യേഷ്ഠ സഹോദരനുമാണ്. സിനിമാക്കാരുടെ ഇടയിൽ സത്യസന്ധതയും കൃത്യനിഷ്ഠയും ഒക്കെ ഉള്ള ആളായിരുന്നു നിർമാതാവായ ജീവി. അദ്ദേഹത്തിന് മദ്രാസിൽ കോടമ്പക്കത്തിനടുത്തുള്ള വള്ളുവർ കോട്ടത്ത് ഒരു പ്രിവ്യൂ തിയേറ്റർ ഉണ്ടായിരുന്നു. അക്കാലത്തെ ടോപ്പ് ക്ലാസ് തിയേറ്റർ ആയിരുന്നു അത്. ഗുഡ് ലക്ക് തിയേറ്റർ എന്നായിരുന്നു അതിന്റെ പേര്.
രജിനികാന്ത് ഉൾപ്പെടെ പല പ്രശസ്തരും പ്രഗൽഭരും അവരുടെ കുടുംബത്തോടൊപ്പം റിലീസിനു മുമ്പ് ഗുഡ് ലക്ക് തിയേറ്ററിൽ വന്ന് പടമിട്ട് കാണുമായിരുന്നു. ഇവരൊക്കെ പടം കാണാൻ വരുമ്പോൾ കാറിൽ നിന്നിറങ്ങി തിയേറ്ററിലേക്ക് കയറുന്ന വഴി ഒരു പയ്യനും ഇവരോടൊപ്പം വന്ന എന്ന വ്യാജേന അവരോടൊപ്പം കയറി പോകുമായിരുന്നു. ആ പയ്യന്റെ ഉദ്ദേശം മറ്റൊന്നുമല്ല, പടം റിലീസ് ആകുന്നതിനു മുമ്പ് ഒന്ന് കാണുവാനുള്ള അതിയായ ആഗ്രഹം മാത്രമായിരുന്നു. അങ്ങനെ നിരവധി സിനിമകൾ നിരവധി ആൾക്കാരുടെ കൂടെ കയറിപ്പറ്റി കാണുക ഒരു പതിവായിരുന്നു.
അന്നവിടെ കല്യാണം എന്ന് പേരുള്ള ഒരു സെക്യൂരിറ്റിക്കാരൻ ഉണ്ടായിരുന്നു. വീരപ്പന്റെ പോലെ വലിയ കപ്പട മീശയൊക്കെ ഉള്ള ആളായിരുന്നു കല്യാണം സെക്യൂരിറ്റി. കല്യാണത്തിന് ഈ നുഴഞ്ഞുകയറ്റക്കാരൻ പയ്യനിൽ ഒരു ചെറിയ സംശയം തോന്നി. പല ഗ്രൂപ്പിന്റെ കൂടെയും ഇയാളെ പല പ്രാവശ്യം കണ്ടിട്ടുണ്ടല്ലോ എന്നതായിരുന്നു സംശയം. അങ്ങനെ ഈ കല്യാണം ഒരിക്കൽ ഈ ചെറുപ്പക്കാരനെ തടഞ്ഞു നിർത്തി, “നീ ഏതാടാ, സത്യം പറഞ്ഞോളണം” എന്ന് പറഞ്ഞു. ഇത് കേട്ട് ആ ചെറുപ്പക്കാരൻ ആകെ വിരണ്ട് വിറച്ചു. തമിഴ് ഭാഷയൊന്നും ശരിക്കും അറിയാൻ പാടില്ലാത്ത ഒരു മലയാളി പയ്യനാണെന്ന് സെക്യൂരിറ്റി കല്യാണത്തിന് മനസ്സിലായി. “എന്താടാ നിന്റെ പേര്?” അയാൾ പേര് പറഞ്ഞു, പ്രിയദർശൻ. “ഇനി മേലാൽ നീ ഇവിടെ വന്നു പോകരുതെന്ന്” വിരട്ടി പ്രിയദർശനെ അയാൾ ഓടിച്ചുവിട്ടു.
പ്രിയദർശൻ സിനിമാ മോഹവുമായി മദ്രാസിൽ കഴിയുന്ന കാലമായിരുന്നു അത്. പുതിയ സിനിമകൾ കാണാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇത്തരം ഒരു സാഹസത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അങ്ങനെ കാലങ്ങൾ കുറച്ചു കഴിഞ്ഞു, ഗുഡ് ലക്ക് തിയേറ്ററിന്റെ ഉടമ ജീവിയുടെ പതനം അപ്രതീക്ഷിതമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞെട്ടിക്കുന്ന വാർത്ത വന്നു. ജിവി ഒരു മുഴം കയറിൽ സ്വയം ജീവിതം അവസാനിപ്പിച്ചു എന്ന്. ജിവി സാമ്പത്തികമായി തകർന്നടിഞ്ഞപ്പോൾ, അയാളുടെ തിയേറ്ററിൽ നുഴഞ്ഞു കയറ്റക്കാരനായിരുന്ന ആ പയ്യൻ പ്രശസ്ത സംവിധായകനും ശതകോടീശ്വരനുമായി മാറിക്കഴിഞ്ഞിരുന്നു. വിധിയുടെ വിളയാട്ടം എന്നൊക്കെ പറയുന്നതുപോലെ, ഗുഡ് ലക്ക് തിയേറ്റർ വിൽപനക്ക് വെച്ചപ്പോൾ അത് വാങ്ങിയത് മറ്റാരുമല്ല, അതേ പ്രിയദർശൻ തന്നെയായിരുന്നു. തനിക്കൊരിക്കൽ അപമാനിതനായി തലകുനിച്ചിറങ്ങി പോകേണ്ടി വന്ന ആ സ്ഥാപനം നിരവധി കോടികൾ മുടക്കി അയാൾ സ്വന്തമാക്കി.
പ്രിയദർശൻ അത് സ്വന്തമാക്കിയതിനുശേഷം ആദ്യം അന്വേഷിച്ചത് കല്യാണം എന്ന് പേരുള്ള ആ മീശക്കാരൻ സെക്യൂരിറ്റിയെ ആയിരുന്നു. പ്രിവ്യൂ ഷോ കാണാൻ വന്ന തന്നെ പിടികൂടി ഓടിച്ചുവിട്ട അതേ സെക്യൂരിറ്റി. ഇതിന് മറ്റൊരു വേർഷൻ കൂടിയുണ്ട്. അയാൾ അന്ന് ചെയ്തിരുന്നത് അയാളുടെ ജോലിയുടെ ഉത്തരവാദിത്വത്തിൽ പെട്ട ഒരു കാര്യമാണ്. അത് അയാൾ കൃത്യമായി ചെയ്യുകയും ചെയ്തിരുന്നു. പ്രിയൻ അയാളെ അന്വേഷിച്ചപ്പോൾ, ഒന്ന് രണ്ട് വർഷം മുമ്പ് ജോലിയൊക്കെ വിട്ട് സ്വന്തം ഗ്രാമത്തിലേക്ക് പോയി എന്നാണ് അറിഞ്ഞത്. പ്രിയദർശൻ വിട്ടില്ല, അയാളുടെ അഡ്രസ്സും മറ്റും തപ്പിയെടുത്ത് അയാളെ കണ്ടുപിടിച്ച് അവിടെ വരുത്തി. കുറച്ചുകൂടി ഉയർന്ന ഒരു നിയമനം അയാൾക്ക് നൽകുകയുണ്ടായി. ഇതിനെ വേണമെങ്കിൽ മധുരമായ പ്രതികാരമായും നമുക്ക് കണക്കാക്കാം.
പിന്നീട് ലിസി തിയേറ്റർ ഏറ്റെടുക്കുന്നത് വരെ കല്യാണമായിരുന്നു അവിടുത്തെ മാനേജർ. ലിസി പ്രിയദർശൻ വിവാഹമോചനം നടന്നപ്പോൾ, ഡിവേഴ്സ് സെറ്റിൽമെന്റിൽ ഈ തിയേറ്റർ ലിസിയുടെ പേരിലേക്ക് മാറ്റപ്പെട്ടു. ലിസി ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത് അതിൻറെ പേര് മാറ്റുക എന്നുള്ളതായിരുന്നു. ഗുഡ് ലക്ക് തിയേറ്റർ എന്നുള്ള പേര് മാറ്റി മാജിക് ലാൻഡേൺ എന്ന് നാമകരണം ചെയ്തു. പ്രിവ്യൂ തിയേറ്റർ കൂടാതെ അതിനകത്ത് രണ്ട് ഡബ്ബിങ് തിയേറ്ററുകൾ കൂടെ ഉണ്ടായിരുന്നു. ഗുഡ് ലക്ക് തിയേറ്റർ ആയിരുന്ന കാലത്ത്, റസൂൽ പൂക്കുട്ടി ഒരിക്കൽ റെക്കോർഡിങ് ആവശ്യത്തിനായി അവിടെ എത്തുകയുണ്ടായി. എന്നാൽ അദ്ദേഹത്തിന് അവിടുത്തെ സൗകര്യങ്ങൾ പോരായിരുന്നു. അദ്ദേഹത്തിന് അദ്ദേഹം അദ്ദേഹത്തിന്റെതായ സ്പെസിഫിക്കേഷൻ ഉണ്ട്. അദ്ദേഹം ബോംബെയിൽ നിന്ന് വരുമ്പോൾ തന്നെ അദ്ദേഹത്തിൻറെ കൂടെ കാർപെന്റേഴ്സും എക്യുപ്മെന്റ്സും മറ്റും ഒപ്പമുണ്ടാകും. അദ്ദേഹം തിയേറ്ററിന്റെ ഉള്ളിൽ കയറി വിരൽ ഞൊടിച്ചു നോക്കുമ്പോൾ, അവിടെയുള്ള സൗണ്ട് ഇക്വേഷൻസ് ഒക്കെ കറക്റ്റ് ആണോ എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടും. എന്നാൽ പ്രിയന്റെ ഗുഡ് ലക്ക് തിയേറ്ററിൽ കയറി പരിശോധിച്ചിട്ട്, ഈ തിയേറ്റർ തൻറെ റെക്കോർഡിങ്ങിന് അനുയോജ്യമല്ല എന്ന് വിധിയെഴുതി തിരികെ പോവുകയാണ് ഉണ്ടായത്. ഈ വിവരം ലിസിക്ക് അന്നേ അറിയാമായിരുന്നു. ഇപ്പോൾ ലിസിയുടെ പേരിലാണല്ലോ തിയേറ്റർ. ലിസിക്ക് ആണെങ്കിൽ റസൂൽ പൂക്കുട്ടിയെ പരിചയവുമില്ല. ലിസി റസൂൽ പൂക്കുട്ടിയുടെ നമ്പർ തപ്പിയെടുത്ത് അദ്ദേഹത്തെ നേരിട്ട് വിളിക്കുന്നു. താൻ ലിസി ആണെന്ന് പറഞ്ഞ് പരിചയപ്പെട്ടതിനുശേഷം, ചെന്നൈയിലേക്ക് വരുമ്പോൾ തന്റെ സ്റ്റുഡിയോയിലേക്ക് ഒന്ന് വരണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അപ്രകാരം ഒരിക്കൽ റസൂൽ പൂക്കുട്ടി സ്റ്റുഡിയോയിൽ എത്തിയപ്പോൾ, ലിസി സ്റ്റുഡിയോയിലെ ഒരിടം കാണിച്ചു കൊടുത്തിട്ട്, “ഇവിടെ ഒരു റെക്കോർഡിങ് സ്റ്റുഡിയോ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്തോളൂ. ഒന്നിലും ഞാൻ ഇടപെടില്ല” എന്ന് ലിസി പറയുന്നു. “കണ്ടീഷൻ, നിങ്ങൾക്ക് ഒരു കുറവും ഉണ്ടാകാൻ പാടില്ല. പിന്നീട് കംപ്ലൈന്റ് പറയാനും പാടില്ല. അതുകൂടാതെ നിങ്ങളുടെ ഡബ്ബിങ്ങുകൾ ഒക്കെ ഇവിടെ ചെയ്യുകയും വേണം” എന്ന് ലിസി പറഞ്ഞു. അവിടെയാണ് ബിസിനസ്സിലുള്ള ലിസിയുടെ കാഴ്ചപ്പാടും മിടുക്കും എടുത്തു പറയേണ്ടത്. അങ്ങനെ റസൂൽ പൂക്കുട്ടി ലേറ്റസ്റ്റ് എക്യുപ്മെൻറ്സും മിഷനറിയും ഒക്കെ വരുത്തി അവിടെ ഒരു മോഡേൺ തിയേറ്റർ പൂർത്തീകരിക്കുന്നു. ലിസി പറയുന്നു, “മിക്സിങ്ങിനൊക്കെ വേണ്ടി ഉപയോഗിക്കുന്ന കൂടിയതരം എക്യുപ്മെൻറ്സ് ആണ് ഡബ്ബിങ്ങിനായി ഒരുക്കിയിരിക്കുന്നത്” എന്ന്. ആ തിയേറ്ററിൽ വച്ച് റസൂൽ പൂക്കുട്ടി രണ്ട് ചിത്രങ്ങൾ ഡബ്ബ് ചെയ്തു. പാത്തിൻ സംവിധാനം ചെയ്ത ഒറ്റ ചെരുപ്പ് കഥ എന്ന തമിഴ് ചിത്രവും ബ്ലെസ്സി സംവിധാനം ചെയ്ത ആട് ജീവിതവുമായിരുന്നു. ഈ രണ്ട് ചിത്രങ്ങൾക്കും നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തു, ആലപ്പി അഷ്റഫ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]