
ഇക്കഴിഞ്ഞ ജനുവരി 25-നായിരുന്നു ഹൃത്വിക് റോഷൻ, ദീപികാ പദുക്കോൺ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനംചെയ്ത ഫൈറ്റർ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാൽ റിലീസിനുപിന്നാലെ ചില വിവാദങ്ങളും ചിത്രത്തെ തേടിയെത്തി. ഹൃത്വിക്കും ദീപികാ പദുക്കോണും തമ്മിലുള്ള ചുംബനരംഗമായിരുന്നു വിവാദത്തിനിടയാക്കിയ ഒരു കാര്യം. ഇതേക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ധാർത്ഥ്.
സിനിമയുടെ തിരക്കഥ മുതൽ റിലീസ് വരെയുള്ള ഘട്ടങ്ങളിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഇടപെടലുണ്ടായിരുന്നുവെന്ന് സിദ്ധാർത്ഥ് വ്യക്തമാക്കി. തങ്ങൾക്ക് എയർ ഫോഴ്സിന്റെ സഹകരണമുണ്ടായിരുന്നു. സെൻസർ ബോർഡിന് സിനിമ സമർപ്പിക്കുന്നതിന് മുമ്പ് എയർ ഫോഴ്സ് അധികൃതർ സിനിമ കാണുകയും വിലയിരുത്തുകയും ചെയ്തിരുന്നു. അതിനുശേഷം എൻ.ഓ.സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) തന്നു. പിന്നീടാണ് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. റിലീസിനുമുമ്പ് എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരിയേയും രാജ്യമെമ്പാടുനിന്നുമുള്ള 100 എയർ മാർഷലുകളേയും ചിത്രം കാണിച്ചു. കയ്യടികളോടെയാണ് അവർ സിനിമയെ സ്വീകരിച്ചതെന്നും സിദ്ധാർത്ഥ് ആനന്ദ് ചൂണ്ടിക്കാട്ടി.
എയർ ഫോഴ്സ് വിംഗ് കമാൻഡർ സൗമ്യ ദീപ ദാസ് ആണ് ഫൈറ്ററിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. എയർ ഫോഴ്സ് യൂണിഫോമിലുള്ള ഹൃത്വിക്കിന്റെയും ദീപികയുടേയും കഥാപാത്രങ്ങളുടെ ചുംബനരംഗമാണ് നോട്ടീസിന് ആധാരം. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ ഉചിതമായ രീതിയിലല്ല പെരുമാറിയത് എന്നാണ് ഈ നോട്ടീസിൽ പറയുന്നത്. കൂടാതെ ഇങ്ങനെയൊരു സംഭവത്തെ സിനിമ സാധാരണമാക്കുന്നതായും നോട്ടീസിലുണ്ട്.
ചിത്രത്തിന് ബോക്സോഫീസിൽ മികച്ച നേട്ടമുണ്ടാക്കാനാവാത്തതിലുള്ള സംവിധായകന്റെ പ്രതികരണവും ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ’ഫൈറ്റർ’ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിന് കാരണം പ്രേക്ഷകരുടെ അറിവില്ലായ്മയാണെന്നാണ് സംവിധായകൻ പറഞ്ഞത്. രാജ്യത്തെ 90 ശതമാനം ആളുകളും വിമാനത്തിൽ കയറിയിട്ടില്ലെന്നും അതിനാൽ സിനിമയിൽ നടക്കുന്നത് അവർക്ക് മനസിലായില്ലെന്നുമാണ് സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ ഫെെറ്ററിന് മുൻപ് റിലീസായ ‘പഠാൻ‘ ബോക്സോഫീസിൽ ഗംഭീര വിജയം നേടിയിരുന്നു. ‘ഫൈറ്റർ’ ബോക്സ് ഓഫീസിൽ 250 കോടി പിന്നിട്ടുവെങ്കിലും പഠാന് ലഭിച്ചത് പോലുള്ള വൻ വരവേൽപ്പ് ലഭിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]