കരച്ചിൽ പലതരമുണ്ട്. നെഞ്ചത്തടിച്ചു കൊണ്ടുള്ള കരച്ചിൽ; ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നൂറി വരുന്ന ആത്മാർത്ഥമായ കരച്ചിൽ; വേദന ഉള്ളിലൊതുക്കിയുള്ള നിശ്ശബ്ദമായ കരച്ചിൽ; വെളിയിലേക്കൊഴുകാൻ വിതുമ്പിനിൽക്കുന്ന കരച്ചിൽ; ചിരിയിൽ പൊതിഞ്ഞ കരച്ചിൽ എന്നിങ്ങനെ.
കരച്ചിൽ സ്വാഭാവികമായി അവതരിപ്പിക്കുന്നതാണ് അഭിനയത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. കരയേണ്ട ഘട്ടങ്ങളിൽ ഇരുകൈകളാലും മുഖം പൊത്തുന്ന നടീനടന്മാരുണ്ട്. കണ്ണും മൂക്കും ചുണ്ടുമൊന്നും പുറത്തു കാണിക്കാതിരിക്കാൻ ശ്രദ്ധിക്കും അവർ. തേങ്ങലിന്റെ ശബ്ദമേ പുറത്തു കേൾക്കൂ. മറ്റു ചില വിരുതന്മാരാകട്ടെ, കരയേണ്ട ഘട്ടങ്ങളിൽ ക്യാമറയിൽ നിന്ന് പൊടുന്നനെ മുഖം വെട്ടിച്ചുകളയും. വിദൂരതയിലേക്കൊരു നോട്ടം. കരയുകയാണെന്ന് നമ്മൾ സങ്കൽപ്പിച്ചു കൊള്ളണം. ചിലർ തല താഴ്ത്തിക്കളയും.
ചില അഭിനേതാക്കൾ കരയുന്നത് കാണുമ്പോൾ ചിരിക്കുകയാണോ എന്ന് തോന്നും. മറ്റു ചിലർ കരയുമ്പോൾ ചിരിയാണ് വരുക. എന്നെപ്പോലുള്ളവർ കരച്ചിൽ അഭിനയിച്ചാൽ അതായിരിക്കും സ്ഥിതി.
എന്നാൽ ചില മഹാനടന്മാരുണ്ട്. സംവിധായകൻ ആക്ഷൻ പറഞ്ഞാൽ കരച്ചിൽ സ്വാഭാവികമായി വന്നു നിറയും അവരുടെ മുഖത്ത്. ശരീരത്തിലെ ഓരോ പേശിയും ആ വേദനയിൽ പങ്കുചേരും. ക്യാമറക്ക് നേരെ നോക്കിക്കൊണ്ടുതന്നെ നിശ്ശബ്ദമായി വിതുമ്പും അവർ. കണ്ടിരിക്കുന്ന നമ്മളും കരഞ്ഞുപോകും ആ ഭാവപ്പകർച്ച കാണുമ്പോൾ.
“അനുഭവങ്ങൾ പാളിച്ചക”ളിലെ സത്യൻ ഉദാഹരണം. ജയിൽ വിമോചിതനായി തിരിച്ചുവരുകയാണ് സത്യന്റെ ചെല്ലപ്പൻ. പ്രിയപ്പെട്ട മകൾ മരിച്ചുപോയി എന്ന വിവരം മകനിൽ നിന്ന് അറിയുന്ന നിമിഷം ആ അനുഗൃഹീത നടന്റെ മുഖത്ത് വിരിയുന്ന വേദന മലയാള സിനിമാചരിത്രത്തിലെ തന്നെ ക്ലാസ്സിക് കാഴ്ച്ചകളിൽ ഒന്നാണ്. ഒരൊറ്റ ഷോട്ടിൽ ദുഃഖത്തിന്റെ ഒരു മഹാസാഗരം മുഴുവൻ ഒതുക്കിവെക്കുന്നു സത്യൻ. അമിത നാടകീയതയില്ല, മെലോഡ്രാമയില്ല. ഏതു നിമിഷവും അണപൊട്ടി ഒഴുകാവുന്ന ഒരു കരച്ചിൽ.
മോഹൻലാലും മമ്മൂട്ടിയും കരച്ചിലഭിനയത്തിൽ ഒരുപോലെ കേമന്മാർ. സ്വാഭാവികതയാണ് ലാലിന്റെ മുഖമുദ്ര. ചിരിച്ചുകൊണ്ട് കരയുന്ന വിദ്യ ലാലിനോളം പ്രയോഗിച്ചു ഫലിപ്പിച്ചവർ കുറവായിരിക്കും. മമ്മൂട്ടിയുടേത് വികാരഭരിതമായ കരച്ചിലാണ്. കണ്ണ് നിറയാൻ ഗ്ലിസറിൻ വേണ്ട അദ്ദേഹത്തിന്. ശബ്ദത്തിലെ ഭാവപ്പകർച്ചകൾ കൂടി ചേരുമ്പോൾ കാഴ്ച്ചക്കാരുടെയും കണ്ണ് നനയ്ക്കുന്ന അനുഭവമായി മാറുന്നു അത്. മുരളിയാണ് കരച്ചിലൊതുക്കിക്കൊണ്ടു തന്നെ നമ്മെ കരയിച്ച മറ്റൊരു അഭിനയപ്രതിഭ. കൊട്ടാരക്കര, ബഹദൂർ, അടൂർ ഭാസി, തിലകൻ… ആ പട്ടിക അങ്ങനെ നീളും.
നായികമാരുടെ പഴയ തലമുറയിൽ ബി എസ് സരോജയും അംബികയും ശാരദയുമൊക്കെ കരച്ചിൽ സ്പെഷ്യലിസ്റ്റുകൾ. നാടകത്തിന്റെ എക്സ്റ്റൻഷൻ ആയിരുന്നല്ലോ അന്നത്തെ സിനിമ. തേങ്ങിത്തേങ്ങി കരയുന്നവർക്കായിരുന്നു എന്നും മാർക്കറ്റ്. ദുഃഖഗാനങ്ങളിൽ പോലും കേൾക്കാം ഗദ്ഗദം. കരച്ചിൽ വിദഗ്ധരായ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ വേറെ. അത്തരം രംഗങ്ങൾ ഇന്ന് കാണുമ്പോൾ അരോചകമായി തോന്നുന്നുവെങ്കിൽ അത്ഭുതമില്ല. അഭിനയത്തെകുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ മാറിയില്ലേ ?
ശ്രീവിദ്യയും ഉർവ്വശിയുമാണ് വിലാപരംഗങ്ങൾ ഏറ്റവും സ്വാഭാവികമാക്കിയത് എന്ന് തോന്നാറുണ്ട്. നല്ല സംവിധായകരുടെ കീഴിൽ അഭിനയിച്ചപ്പോഴെല്ലാം കരഞ്ഞും കരയാതെയും നമ്മെ കരയിച്ചവർ വേറെയുണ്ട്: ജയഭാരതി, ശോഭ, ശോഭന, ജലജ…..നല്ല കരച്ചിൽക്കാരുടെ പട്ടിക ഇനിയും നീളും. പെട്ടെന്ന് ഓർമ്മവന്ന പേരുകൾ എഴുതി എന്ന് മാത്രം.
കരച്ചിലിനെ കുറിച്ചെഴുതാൻ പ്രേരണയായത് ഹൃദു ഹാരൂൺ എന്ന നടനാണ്. “മുറ” എന്ന സമീപകാല സിനിമയിലെ മുഖ്യ കഥാപാത്രമായ അനന്തുവിനെ അവതരിപ്പിച്ച യുവകലാകാരൻ. എല്ലാ ഗുണ്ടായിസത്തിനും ഒപ്പം നിന്ന കൂട്ടുകാരുടെ ദുരന്ത മരണം ഉൾക്കൊള്ളാനാകാതെ അനന്തു മനം നൊന്തു കരയുന്ന ഒരു രംഗമുണ്ട് “മുറ”യിൽ. ക്യാമറയിലേക്ക് നോക്കിക്കൊണ്ടാണ് ഹാറൂണിന്റെ കരച്ചിൽ. മുഖം ഒളിപ്പിക്കലില്ല; തല വെട്ടിക്കലില്ല. നിമിഷങ്ങളോളം നീണ്ടുനിന്ന തികച്ചും സ്വാഭാവികമായ ആ വിലാപം പ്രതിഭാശാലിയായ ഒരു അഭിനേതാവിനെ വെളിച്ചത്തു കൊണ്ടുവന്നു എന്ന് പറയാതെ വയ്യ.
കൊല്ലിനും കൊലയ്ക്കും പകയ്ക്കും പ്രാധാന്യമുള്ള ഒരു ചിത്രത്തിൽ ഇത്തരം വൈകാരിക രംഗങ്ങൾ അധികപ്പറ്റായി തോന്നുന്നതാണ് പതിവ്. എന്നാൽ ഹൃദു ഹാരൂൺ ആ പതിവ് തെറ്റിച്ചു. മുറയിലെ ഏറ്റവും വികാരനിർഭരമായ രംഗമായി മാറി അത്. ആത്മനിന്ദയും കുറ്റബോധവും നിസ്സഹായതയുമെല്ലാം നിഴലിക്കുന്നു അനന്തുവിന്റെ കരച്ചിലിൽ.
അഭിന്ദനങ്ങൾ ഹൃദു ഹാരൂൺ. നല്ല വേഷങ്ങൾ ഇനിയും തേടിവരട്ടെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]