ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സംവിധായകന് മനോജ് നൈറ്റ് ശ്യാമളനെതിരെ കോപ്പിയടി ആരോപണം. സംവിധായികയായ ഫ്രാന്‍സെസ്ക ഗ്രെഗോറിനിയാണ് ഇത് സംബന്ധിച്ച് കേസ് നല്‍കിയിരിക്കുന്നത്. ആപ്പിള്‍ ടി.വിയിലൂടെ പുറത്തുവന്ന ശ്യാമളന്റെ സീരീസായ ‘സെര്‍വന്റ്’- ന്റെ ആശയം തന്റെ സിനിമയായ ‘ദ ട്രൂത്ത് എബൗട്ട് ഇമ്മാനുവലില്‍’ നിന്ന് മോഷ്ടിച്ചതാണെന്നാണ് ഫ്രാന്സെസ്കയുടെ ആരോപണം.
81 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഫ്രാന്‍സെസ്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. റിവര്‍സൈഡ് ഫെഡറല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിയിലെ ജൂറിക്ക് മുന്നില്‍ ഫ്രാന്സെസ്കയുടെ അഭിഭാഷകന് ഇരു ചിത്രങ്ങളിലെയും ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇത് രണ്ടും തമ്മില്‍ വളരെ വലിയ സാമ്യങ്ങളുണ്ടെന്നും ഇത് സ്വാഭാവികമായി സംഭവിച്ചതാകാന്‍ ഒരു വഴിയുമില്ലെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
മനോജ് നൈറ്റ് ശ്യാമളനും സീരീസിന്റെ നിര്‍മ്മാതാവും ആപ്പിള്‍ ടി.വി പ്രതിനിധിയും കോടതിയില്‍ ഹാജരായി. ഫ്രാന്സെസ്കയുടേത് തെറ്റായ ആരോപണമാണെന്നും സിനിമ പുറത്തിറങ്ങുന്നതിനും എത്രയോ മുന്‍പ് തന്നെ സീരീസിന്റെ തിരക്കഥയുടെ ജോലികള്‍ ആരംഭിച്ചിരുന്നെന്നും ശ്യാമളന്റെ അഭിഭാഷകന് വാദിച്ചു. നേരത്തെയും ഫ്രാന്‍സെസ്ക ‘സെര്‍വന്റ്’- നെതിരെ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
ജെസിക്ക ബിയെല്‍, കയ സ്കോഡെലാറിയോ എന്നിവര്‍ അഭിനയിച്ച ‘ദ ട്രൂത്ത് എബൗട്ട് ഇമ്മാനുവല്‍’ 2013-ലാണ് റിലീസായത്. ചലചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ചിത്രത്തിന് കാര്യമായ സാമ്പത്തിക നേട്ടമുണ്ടായിരുന്നില്ല. ഹോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ മനോജ് ശ്യാമളന് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലറായ സെര്‍വന്റ് മികച്ച അഭിപ്രായം നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]