ന്യൂഡല്‍ഹി: ഹിന്ദി സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഓള് ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്(എ.ഐ.സി.ഡബ്ല്യു.എ). സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സാങ്കേതിക വിദഗ്ധര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ പരാതികളാണ് കത്തിലൂടെ അറിയിച്ചത്. ജനുവരി 11 ന് എ.ഐ.സി.ഡബ്ല്യു.എ പ്രസിഡന്റ് സുരേഷ് ശ്യാംലാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്. കുറഞ്ഞ ശമ്പളം, ജോലി സമയം, ഷൂട്ടിങ് സെറ്റിലെ സുരക്ഷ എന്നിങ്ങനെ ജീവനക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടണമെന്ന് എ.ഐ.സി.ഡബ്ല്യു.എ കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നവരും സംഭാവന നല്കുന്നവരുമാണ് ഈ വ്യക്തികള്‍. എന്നാല്‍ അവര്‍ ചൂഷണത്തിന് വിധേയരാകുന്നു. ദയനീയമായ ജോലി സാഹചര്യമാണുള്ളത്. സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷിതത്വം ലഭ്യമാകുന്നില്ലെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമാരംഗത്ത് ഘടനാപരമായ പരിഷ്കരണം നടത്തുന്നതിലൂടെ ജീവനക്കാരുടെ ജീവിതസാഹചര്യം മാറുമെന്നും അത് വ്യവസായത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു.
കൃത്യസമയത്ത് ഇടവേളകളില്ലാതെയും അവധി ദിവസങ്ങളില്ലാതെയും ജോലി ചെയ്യേണ്ടതായി വരുന്നു. ഒരു ദിവസം 16 മുതല്‍ 20 വരെ മണിക്കൂറുകള്‍ ജോലിയുണ്ടാകാറുണ്ട്. തുടര്‍ച്ചയായി ജോലി ചെയ്യുന്നത് ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. ഷൂട്ടിങ് സെറ്റില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമുണ്ട്. സുരക്ഷാ മുന്‍കരുതലുകളെടുക്കാനുള്ള സംവിധാനങ്ങളില്ലാത്തത് അപകടങ്ങള്‍ക്കിടയാക്കുന്നു. സെറ്റില്‍ ലഭിക്കുന്നത് നിലവാരമില്ലാത്ത ഭക്ഷണമാണെന്നും അത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
ഷൂട്ടിങ് സെറ്റില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്ത്രം മാറാനുള്ള മുറികളുടെ അഭാവം ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെന്നും പലപ്പോഴും സ്ത്രീകള്‍ വാഹനങ്ങളില്‍ നിന്നും സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ നിന്നുമാണ് വസ്ത്രം മാറുന്നതെന്നും കത്തില്‍ പറയുന്നു. കൃത്യമായ കരാര്‍ ഇല്ലാതെയാണ് പലരും ജോലി ചെയ്യുന്നത്. ശമ്പളം പലപ്പോഴും മാസങ്ങളും വര്‍ഷങ്ങളും വൈകാറുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ മാര്‍ഗരേഖ പുറത്തിറക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]