
തെന്നിന്ത്യയിലെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഈയിടെ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അദ്ദേഹം അരങ്ങേറിയിരുന്നു. ഇപ്പോഴിതാ താൻ മലയാളത്തിലേക്കും ഉടൻ സംഗീത സംവിധായകനായെത്തും എന്നറിയിച്ചിരിക്കുകയാണ് അനിരുദ്ധ്.
സംഗീത പരിപാടിയായ ഹുക്കും വേൾഡ് ടൂറിന്റെ ഭാഗമായി ദുബായിൽ എത്തിയപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് തന്റെ മലയാള പ്രവേശനത്തേക്കുറിച്ച് അനിരുദ്ധ് തുറന്നുപറഞ്ഞത്. ഫെബ്രുവരി പത്തുമുതലാണ് പര്യടനം ആരംഭിക്കുന്നത്.
2024-ൽ ചിത്രീകരണം ആരംഭിക്കുന്ന മലയാളചിത്രത്തിനുവേണ്ടി പാട്ടുകളൊരുക്കുന്നുണ്ട്. മലയാളത്തിനുപുറമേ മറ്റൊരു ഭാഷയിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. അതൊരു വലിയ പാൻ ഇന്ത്യൻ ചിത്രമായിരിക്കും. ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളും സംവിധായകനുമാണ് അതിന് പിന്നിലുള്ളത്. അണിയറപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്ന് അനിരുദ്ധ് പറഞ്ഞു.
സംഗീത സംവിധായകനായി ആദ്യമാണെങ്കിലും ഗായകനായി രണ്ട് മലയാളചിത്രങ്ങളിൽ അനിരുദ്ധ് എത്തിയിട്ടുണ്ട്. പ്രേമത്തിലെ റോക്കാൻ കുത്ത് ആയിരുന്നു ആദ്യഗാനം. ഈയിടെ ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലെ പണ്ടേ പണ്ടേ എന്ന ഗാനവും അനിരുദ്ധ് ആലപിച്ചു. രണ്ടുഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആണ് അനിരുദ്ധിന്റെ സംഗീതസംവിധാനത്തിൽ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ, ജൂനിയർ എൻ.ടി.ആർ നായകനാവുന്ന തെലുങ്ക് ചിത്രം ദേവര: പാർട്ട് 1 എന്നിവയാണ് അനിരുദ്ധിന്റേതായി വരാനിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]