
സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുകയാണ് സംവിധായകൻ കമൽ. കോവിഡും ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനവും സിനിമയിൽനിന്ന് മാറിനിൽക്കാൻ കമലിന് കാരണമായി. വിവേകാനന്ദൻ വൈറലാണ് എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും കമൽതന്നെ. ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാനറോളുകളിൽ. സിനിമയെ മുൻനിർത്തി സംസാരിക്കുകയാണ് സംവിധായകൻ കമൽ.
ഇടവേളയ്ക്കുശേഷം പുതിയ സിനിമയുമായെത്തുകയാണ്. ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയുടെ വിശേഷങ്ങളിൽ തുടങ്ങാം
പ്രണയമീനുകളുടെ കടൽ എന്ന സിനിമയായിരുന്നു അവസാനം സംവിധാനംചെയ്തത്. അതിനുശേഷം കോവിഡ് വന്നു. ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നനിലയിൽ തിരക്കുമുണ്ടായിരുന്നു. അക്കാദമിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു കൂടുതൽ സമയവും. 2021 അവസാനം അക്കാദമിയുടെ ചെയർമാൻ കാലാവധി അവസാനിച്ചു. ഈ തിരക്കും കോവിഡുമൊക്കെ കഴിഞ്ഞപ്പോൾ സിനിമയിൽ വലിയ ഇടവേള വന്നുവെന്ന് മനസ്സിലായി. അപ്പോഴേക്കും സിനിമയുടെ ട്രെൻഡിലും മാറ്റംവന്നു. കുറച്ചുകാലം സിനിമയെ നിരീക്ഷിച്ചു. ശേഷം ഒരു സ്ക്രിപ്റ്റ് എഴുതി. അതിന്റെ കാസ്റ്റിങ് ഘട്ടത്തിലേക്ക് കടക്കുമ്പോൾ മനസ്സിലേക്ക് മറ്റൊരു കഥ വന്നു. ആ കഥയാണ് വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ.
പേരുപോലെ വൈറലാകുമോ സിനിമയും?
പേര് കേൾക്കുമ്പോൾ കോമഡി സിനിമയായി ചിലർക്ക് തോന്നിയേക്കാം. എന്നാൽ, സാമൂഹികപ്രാധാന്യമുള്ള വിഷയമാണ് സിനിമ കൈകാര്യംചെയ്യുന്നത്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിലാണ് സിനിമയുടെ കഥപറച്ചിൽ. ഉള്ളടക്കത്തിലേക്ക് അധികം കടക്കാൻപറ്റില്ല. അത് ആസ്വാദനത്തെ ബാധിക്കും. ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി അടക്കമുള്ളവരാണ് പ്രധാനറോളിൽ. ഈ സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ.
താങ്കളുടെ പഴയ സഹസംവിധായകനാണ് ഷൈൻ ടോം ചാക്കോ. ഈ സിനിമയിൽ ഷൈനിനെ നായകനാക്കാൻ ആലോചിച്ചത് എങ്ങനെ?
വലിയ നായകന്മാർ ആവശ്യമില്ലാത്ത സിനിമയാണിത്. കഥകേട്ടാൽ ഒരുപക്ഷേ, വലിയ നായകന്മാർ ചെയ്യാൻ തയ്യാറാവുകയുമില്ല. കുറച്ച് നെഗറ്റിവിറ്റിയും സങ്കീർണതകളും നിറഞ്ഞതാണ് ഷൈൻ ചെയ്ത കഥാപാത്രം. അതുകൊണ്ടുതന്നെ ഈ കഥ എഴുതുമ്പോൾ ആദ്യം മനസ്സിലേക്കുവന്നത് ഷൈനിന്റെ മുഖമായിരുന്നു. ആ സമയം അവനെ വിളിച്ചു. ഒരു പ്രശ്നവുമില്ല, സാർ വിളിച്ചാൽ അഭിനയിക്കാനെത്തുമെന്ന് അവൻ മറുപടിനൽകി. എന്നെ പൂർണമായും വിശ്വാസത്തിലെടുക്കുന്ന ആളാണ് ഷൈൻ. തീർത്തും പ്രൊഫഷണലും. അതുകൊണ്ടുതന്നെ ഞാനും അവനും കംഫർട്ടബിളായിരുന്നു.
റിവ്യൂ ബോംബിങ്ങിന്റെ കാലത്താണ് സിനിമയുടെ വരവ്. അതിനെ ഭയക്കുന്നുണ്ടോ?
സോഷ്യൽ മീഡിയ സിനിമയിൽ ഇത്രയും സജീവമായി ഇടപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള എന്റെ ആദ്യസിനിമയാണിത്. സിനിമ റിവ്യൂ ചെയ്യുന്നതിനോട് എനിക്ക് എതിർപ്പില്ല. കുറ്റമുണ്ടെങ്കിൽ പറയണം. അത് അവരുടെ സ്വാതന്ത്ര്യമാണ്. എന്റെ സിനിമയ്ക്ക് മോശം റിവ്യൂ വന്നാൽ അത് സ്വീകരിക്കാൻ തയ്യാറാണ്. എന്നാൽ, എന്റെ രാഷ്ട്രീയവും നിലപാടുകളും നോക്കിയാവരുത് സിനിമയോടുള്ള വിമർശനം.
നാലുപതിറ്റാണ്ടിലേക്ക് കടക്കുകയാണ് സംവിധാനജീവിതം. മലയാളസിനിമ എത്രത്തോളം മാറി?
സിനിമയും സമൂഹവും നെഗറ്റീവായും പോസിറ്റിവായും മാറി. 1990-കളിലെ അന്തരീക്ഷമല്ല ഇപ്പോൾ സിനിമയിൽ. പ്രേക്ഷകരുടെ ചിന്തകളും മാറി. അന്ന് ത്യാഗംചെയ്യുന്ന കഥാപാത്രങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിനെ മഹത്വവത്കരിച്ചു. ഇപ്പോൾ പ്രേക്ഷകന് അത് വേണ്ട. അന്ന് തിരക്കഥാകൃത്തുകൾ സ്ത്രീവിരുദ്ധമായ ഡയലോഗുകൾ രചിച്ചു. എല്ലാ നായകന്മാരും അങ്ങനെയുള്ള കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്തു. എന്നാൽ, ഇന്ന് അങ്ങനെ ചിന്തിക്കാൻ പറ്റുമോ. അത് സമൂഹത്തിലും സിനിമയിലുമുണ്ടായ പോസിറ്റീവായ മാറ്റമാണ്. എന്നാൽ, ഇപ്പോൾ മതം അനാവശ്യമായി സിനിമകളിലും കലാരൂപങ്ങളിലും ഇടപെടലുകൾ നടത്തുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിനെ അത് ബാധിക്കുന്നുണ്ട്. അത് നെഗറ്റീവായ മാറ്റമാണ്.
കമൽ എന്ന സംവിധായകൻ സ്വയം നവീകരിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത്?
പരമാവധി സിനിമകൾ കാണും. ചലച്ചിത്രമേളകളിലും സ്ഥിരമായി പങ്കെടുക്കും. സമൂഹത്തിൽ ഓരോ മാറ്റങ്ങളെയും ഗൗരവത്തോടെ നിരീക്ഷിക്കാനും അതിൽനിന്ന് നല്ലതിനെ സ്വീകരിക്കാനും ശ്രമിക്കും. എല്ലാകാലത്തും പൊളിറ്റിക്കലായ ബോധം നിലനിർത്താറുണ്ട്. പുരോഗമനപരമായ ആശയങ്ങളെ ഉൾക്കൊള്ളുന്ന മനസ്സാണ് എപ്പോഴും. രാഷ്ട്രീയശരിനോക്കിയാണ് എല്ലാ കാലത്തും സിനിമ ചെയ്തിട്ടുള്ളത്. ഞാനൊരു സവർണ ഫ്യൂഡൽ തമ്പുരാൻ സിനിമകളും ചെയ്തിട്ടില്ല. 1992-ലെ ബാബറി ധ്വംസനത്തിനുശേഷം സമൂഹത്തിലും സാംസ്കാരിക ഇടങ്ങളിലും പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടായത് അറിയാമല്ലോ. അത് സിനിമയെയും ബാധിച്ചിട്ടുണ്ടാവും. അതിന്റെ ഭാഗമായിട്ടായിരിക്കാം മഹത്വവത്കരിക്കപ്പെടുന്ന നായകകഥാപാത്രങ്ങളും ബിംബങ്ങളും മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അതൊക്കെ വലിയ പ്രദർശനവിജയങ്ങളും നേടി. എങ്കിലും ഞാൻ അതിന്റെ പിറകെപ്പോയിട്ടില്ല. എന്റെ നായകന്മാരെ ആരെയും സൂപ്പർനായകന്മാരാക്കാനും ശ്രമിച്ചിട്ടില്ല. അത്തരം രാഷ്ട്രീയത്തോട് ഒരുകാലത്തും യോജിപ്പില്ല. വരിക്കാശ്ശേരി മന അടിസ്ഥാനമാക്കി സിനിമചെയ്തിട്ടുപോലും എന്റെ പ്രധാന കഥാപാത്രം കൃഷ്ണൻ എന്ന ജോലിക്കാരനായിരുന്നു.
ആമി, പ്രണയമീനുകളുടെ കടൽ… അവസാനംചെയ്ത രണ്ടു സിനിമകളും പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല…
പ്രണയമീനുകളുടെ കടൽ ടെക്നിക്കലി മോശമാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ, പറഞ്ഞ പ്രമേയം കുറച്ച് പഴയതായിപ്പോയി. അത് എന്റെ കുഴപ്പമാണ്. ആമി തിയേറ്ററിൽ വിജയിച്ചില്ല. എന്നാൽ, അത് പരാജയമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചെയ്ത സിനിമകളിൽ ഇഷ്ടപ്പെട്ട ഒന്നാണത്. വിദ്യാ ബാലനെയായിരുന്നു മാധവിക്കുട്ടിയായി തീരുമാനിച്ചത്. സിനിമ തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ അവർ പിന്മാറി. ആ പിന്മാറ്റത്തിനുപിന്നിൽ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു. പിന്നീട് ആ റോളിലേക്ക് മഞ്ജു വാരിയർ വന്നു. അവർ നന്നായി അഭിനയിക്കുകയും ചെയ്തു. എന്നാൽ, ആളുകളുടെ മനസ്സിലുണ്ടായിരുന്ന മാധവിക്കുട്ടി വേറെയായിരുന്നു.
സിനിമയിൽനിന്ന് വിരമിക്കണമെന്ന് തോന്നിയിട്ടുണ്ടോ?
കലാകാരനെ സംബന്ധിച്ച് റിട്ടയർമെന്റ് എന്ന വാക്കില്ല. എപ്പോഴും അപ്ഡേറ്റ് ആവുക എന്നതാണ്. 20-ാം വയസ്സിൽ തുടങ്ങിയതാണ് ഈ യാത്ര. ഇപ്പോൾ 66 വയസ്സായി. സിനിമയല്ലാതെ വേറൊരു ജോലിയും ചെയ്തിട്ടില്ല. ഇതുമാത്രമേ അറിയൂ. ആരോഗ്യമുള്ളിടത്തോളംകാലം ഇതിൽ തുടരുക എന്ന് മാത്രമാണ് ലക്ഷ്യം. ഒപ്പം പരമാവധി അപ്ഡേറ്റ് ചെയ്യുക എന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]