
സിനിമാ ആസ്വാദകർക്ക് മികച്ച ദൃശ്യാനുഭവം ഒരുക്കി കയ്യടികൾ നേടുകയാണ് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച പ്രതികരണം നേടിയതിനു ശേഷം ഐ.എഫ്. എഫ്.കെയിൽ എത്തിയ ചിത്രത്തിനെ പ്രശംസകൾ കൊണ്ട് മൂടുകയാണ് സിനിമാ പ്രവർത്തകരും പ്രേക്ഷകരും.
അതിഗംഭീര സിനിമ എന്നാണ് ചിത്രത്തെ ഡെലിഗേറ്റുകൾ വിശേഷിപ്പിക്കുന്നത്. വിനയ് ഫോർട്ട്, സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ അഭിനയ പരിചയമുള്ള ഒമ്പത് അഭിനേതാക്കളും ഉൾപ്പെടുന്ന താരനിരയാണ് ചിത്രത്തിലുള്ളത്.
സംവിധായകൻ ആനന്ദ് ഏകർഷിയുടെ ബുദ്ധിപരമായ കാഴ്ചപ്പാടാണ് ചിത്രത്തിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകമെന്ന് പറയുകയാണ് ‘ആട്ട’ത്തിലെ നായിക സെറിൻ ശിഹാബ്. ചിത്രത്തിന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് സെറിൻ പങ്കുവെക്കുന്നു.
ചിത്രത്തിന് ഗുണമായത് സംവിധായന്റെ ബുദ്ധിപരമായ തീരുമാനം
സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് സംവിധായകനും ക്രിയേറ്റീവ് ടീമിനും ആണ്. നമ്മൾ 35 ദിവസം റിഹേഴ്സൽ ചെയ്തു. അതിന്റെ ഫലം സ്ക്രീനിൽ കാണാനുണ്ട്. ഒൻപത് പുതുമുഖങ്ങളുടെ അരങ്ങേറ്റമാണ് ഈ ചിത്രം. അവരോടൊപ്പം നല്ലൊരു കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം. ഇത് എന്റെയൊരു ഡ്രീം പ്രോജക്ട് ആണ്.
ആളുകൾക്ക് സ്പൂൺ ഫീഡ് ചെയ്യേണ്ട ആവശ്യമില്ല എന്ന സംവിധായകന്റെ തീരുമാനം
എന്റെ സിനിമ കരിയറിന്റെ ഈ ഘട്ടത്തിൽ അത്തരമൊരു ചിത്രം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ഒരു പക്ഷവും പിടിക്കാതെ, ഒരു മുദ്രാവാക്യവും വിളിക്കാതെ ഇങ്ങനെ അവതരിപ്പിച്ചാൽ മതി എന്നതായിരുന്നു സംവിധായൻ ആനന്ദ് ഏകർഷിയുടെ തീരുമാനം. ആളുകൾക്ക് സ്പൂൺ ഫീഡ് ചെയ്യേണ്ട ആവശ്യമില്ല, അവർക്ക് മനസിലായിക്കോളും എന്ന് ആനന്ദ് തീരുമാനിച്ചു. വളരെ ബുദ്ധിപരമായിട്ടാണ് ആനന്ദ് പ്രേക്ഷകരെ ട്രീറ്റ് ചെയ്തിരിക്കുന്നത്, അത് സ്ക്രീനിൽ കാണാനും സാധിക്കുന്നുണ്ട്. അതുതന്നെയാണ് സിനിമയുടെ ശരിക്കുള്ള വിജയവും.
ഗോവയിലും മുംബൈയിലും കയ്യടി നേടിയ ‘ആട്ടം’
എല്ലാ ഷോ കാണുമ്പോഴും വേറെ പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്. മലയാളി പ്രേക്ഷകർ കുറവായിരുന്നു. മാമിയിലും ഐ.എഫ്.എഫ്.ഐയിലും വേറെ പ്രതികരണമാണ് ലഭിച്ചത്. ഇത്രയും ഡയലോഗ് ഇന്റൻസ് ആയിട്ടുള്ള ചിത്രം മലയാളികൾ അല്ലാത്തവർക്ക് പിന്തുടരാൻ സാധിക്കുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ അവർ ചിത്രം നന്നായി ആസ്വദിച്ചു. നമ്മൾ പ്രതീക്ഷിക്കാത്ത ഭാഗങ്ങളിൽ ഒക്കെ പ്രേക്ഷകർ ചിരിക്കുമ്പോൾ വളരെയധികം സന്തോഷമുണ്ട്. ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ജനുവരി അഞ്ചിനാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്. പ്രേക്ഷകർ കണ്ടു ചിത്രത്തെ ഉയരങ്ങളിൽ എത്തിക്കട്ടെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]