തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 13 മുതല്‍ 20 വരെ സംഘടിപ്പിക്കുന്ന 29-ാമത് ഐ.എഫ്.എഫ്.കെയുടെ സംഘാടക സമിതി രൂപവത്കരിച്ചു. തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന യോഗം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു.
ഇത്തവണത്തെ മേളയില്‍ മലയാളത്തില്‍നിന്ന് നാല് വനിതാ സംവിധായകരുടെയും എട്ട് നവാഗതരുടെയും സാന്നിധ്യമുണ്ട് എന്നത് പ്രത്യാശ പകരുന്ന കാര്യമാണെന്ന് മന്ത്രി സജി ചെറിയാന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വനിതാസംവിധായകരെ പ്രോല്‍സാഹിപ്പിക്കുക എന്ന സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി 29-ാമത് ഐ.എഫ്.എഫ്.കെയില്‍ വനിതകളുടെ സിനിമകളുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
വനിതകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും ചലച്ചിത്രനിര്‍മാണത്തിന് ധനസഹായം ചെയ്യുന്ന പദ്ധതി സര്‍ക്കാര്‍ തുടര്‍ന്നുവരികയാണ്. വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം നല്കുന്ന പദ്ധതിക്ക് ഈയിടെ തുടക്കം കുറിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണ പ്രവര്‍ത്തനം, ചലച്ചിത്ര നയരൂപീകരണം എന്നിവ ത്വരിതഗതിയില്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. 29-ാമത് ഐ.എഫ്.എഫ്.കെയുടെയുടെ ലോഗോ മേയര്‍ക്ക് നല്‍കിക്കൊണ്ട് മന്ത്രി സജി ചെറിയാന് പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ ആമുഖഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാര്‍, മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ എം. വിജയകുമാര്‍, കെ.എസ്. എഫ്.ഡി.സി. ചെയര്മാന് ഷാജി എന്‍. കരുണ്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍, സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ്, വനിതാ വികസനകോര്പ്പറേഷന് ഡയറക്ടര്‍ ബിന്ദു വി.സി., സാക്ഷരതാ മിഷന് അതോറിറ്റി ഡയറക്ടര്‍ എ.ജി. ഒലീന തുടങ്ങിയവര്‍ പങ്കെടുത്തു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യ രക്ഷാധികാരിയായയും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഫെസ്റ്റിവല്‍ പ്രസിഡന്റായും സാംസ്കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന് എന്‍. ഖോബ്രഗഡെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയും ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ ഫെസ്റ്റിവല്‍ ഡയറക്ടറായും ഗോള്‍ഡ സെല്ലം ക്യുറേറ്റര്‍ ആയും 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ആര്.എസ്.ബാബു (മീഡിയ കമ്മിറ്റി), എം.വിജയകുമാര്‍ (റിസപ്ഷന് കമ്മിറ്റി), ജി. സുരേഷ്കുമാര്‍ (ഹോസ്പിറ്റാലിറ്റി), മധുപാല്‍ (പ്രോഗ്രാം കമ്മിറ്റി), അഡ്വ.എസ്. പി.ദീപക് (എക്സിബിഷന് കമ്മിറ്റി), കെ.എസ്.സുനില്‍കുമാര്‍ (വോളണ്ടിയര്‍ കമ്മിറ്റി) തുടങ്ങിയവര്‍ ചെയര്മാന്മാരായി വിവിധ സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]