
‘നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ’ എന്ന് മഹാകവി ഉളളൂര്‍ എസ്. പരമേശ്വരയ്യര്‍ എഴുതിയിട്ട
നിത്യസത്യം രണ്ടുമണിക്കൂറില്‍ താഴെയുള്ള ഒരു കൊച്ചു ചിത്രത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ‘സ്വര്‍ഗ’ത്തിന്റെ അണിയറക്കാര്‍. അയല്‍ക്കാരായ രണ്ട് കുടുംബങ്ങളുടെ സമാന്തര കഥയാണ് സ്വര്‍ഗത്തില്‍ പറയുന്നത്.
ഭൗതിക സമ്പത്ത് അധികമില്ലെങ്കിലും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ഭൂമി സ്വര്ഗമാക്കിയവരാണ് ഒരു കുടുംബം. അയലത്ത് സമ്പന്നതയുടെ മടിത്തട്ടില്‍ കഴിയുന്ന കുടുംബത്തിന് എല്ലാമുള്ളപ്പോഴും ആത്യന്തികമായ സന്തോഷം കണ്ടെത്താനാവുന്നില്ല.
മറ്റുള്ളവരുടെ നോട്ടത്തില്‍ അവിടെയാണ് സ്വര്‍ഗമെന്നു തോന്നാമെങ്കിലും അതൊരു മായക്കാഴ്ച മാത്രമാണ്. ജീവിത്തിലെ വലിയൊരു തിരിച്ചടിയിലൂടെയാണ് അവിടുത്തെ കുടുംബനാഥന് ആ തിരിച്ചറിവിലെത്തുന്നത്.
അതുവഴി സ്വന്തം കുടുംബത്തിലേക്ക് അയാള്‍ സ്വര്‍ഗവാതില്‍ തുറക്കുന്നതാണ് സിനിമയുടെ കാതല്‍. ആധുനികതയുടെ ഓട്ടപ്പാച്ചിലും പാരമ്പര്യത്തിന്റെ നന്മകളും തമ്മിലുള്ള ശരിയായ സങ്കലനമാണ് സ്വര്‍ഗത്തിന്റെ കാതല്‍.
പഴമയുടെ നന്മകള്ക്കും സൗന്ദര്യത്തിനുമൊപ്പം പുതുമയുടെ നല്ല ഗുണങ്ങളും ഒരുപോലെ മനസിലാക്കാന്‍ ചിത്രത്തിലെ ഇരുഭാഗത്തെയും പ്രതിനിധീകരിക്കുന്ന തലമുറകളെ സാധിപ്പിക്കുന്നതില്‍ സംവിധായകന് വിജയിച്ചിരിക്കുന്നു. ആത്യന്തികമായി നമ്മുടെയൊക്കെ ജീവിതത്തിന് എന്ത് അര്‍ത്ഥമാണുള്ളത്.
എല്ലാമുണ്ടെങ്കിലും ഒരാളുടെയെങ്കിലും മനസില്‍ ഒരു നല്ല പ്രവൃത്തിയിലൂടെ കയറിപ്പറ്റാന്‍ കഴിഞ്ഞാല്‍ അതല്ലേ നമുക്കുള്ള ഏറ്റവും വലിയ സമ്പാദ്യം. ചിത്രത്തിലെ സാധാരണക്കാരനായ കുടുംബനാഥനെ അവതരിപ്പിക്കുന്ന അജു വര്‍ഗീസിന് അത് സാധിക്കുന്നുണ്ട്.
ജോണി ആന്റണി അവതരിപ്പിക്കുന്ന സമ്പന്ന കഥാപാത്രത്തിന് എല്ലാമുണ്ട്. പക്ഷേ സ്വന്തം ഭാര്യയുടെ ഹൃദയത്തില്‍പോലും ഇടം നേടാനാകുന്നില്ലെന്ന ദു:ഖസത്യം അയാളെ ഉലയ്ക്കുകയാണ്.
പഴമയുടെയും പുതുമയുടെയും ഒരു ബ്ലെന്‍ഡാണ് ഈ ഫീല്‍ ഗുഡ് സിനിമ. കപ്പവാട്ടും പള്ളിപ്പെരുന്നാളും കല്യാണത്തലേന്നത്തെ മേളങ്ങളും ഗൃഹാതുരതയോടെ നമ്മളെ തൊട്ടു കടന്നുപോകുന്നു.
മധ്യതിരുവതാംകൂറിലെ രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങളുടെയും അവരോട് ചേര്‍ന്നുനില്‍ക്കുന്ന ആളുകളുടെയും ജീവിതം മിഴിവോടെ വരച്ചിടാന്‍ സംവിധായകന് റെജിസ് ആന്റണിക്ക് സാധിച്ചിട്ടുണ്ട്. സാധാരണക്കാരനായ കുടുംബ നാഥനായി അജു വര്‍ഗീസും സമ്പന്ന കുടുംബ നാഥനായി ജോണി ആന്റണിയും പതിവുപോലെ അവരുടെ റോളുകള്‍ ഗംഭീരമാക്കി.
സമ്പന്ന കുടുംബനാഥയായി മഞ്ജു പിള്ള തിളങ്ങി. അനന്യ, സജിന്‍, വിനീത് തട്ടില്‍, കുടശനാട് കനകം തുടങ്ങിയ താരങ്ങളെല്ലാം അവരുടെ റോളുകള്‍ ഗംഭീരമാക്കിയിട്ടുണ്ട്.
ഇവര്‍ക്കൊപ്പം പുതുമഖ താരങ്ങളും അവരുടെ റോളുകളില്‍ തിളങ്ങി. മികവുറ്റ ഛായാഗ്രഹണവും സംഗീതവും സിനിമയുടെ ഹൈലൈറ്റാണ്.
പാലായുടെയും തൊടുപുഴയുടെയും പച്ചപ്പ് ഹൃദ്യമായി അനുഭവപ്പിക്കാന്‍ ഛായാഗ്രാഹകന്‍ എസ്. ശരവണനു സാധിച്ചു.
സി.എന്‍.ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോ. ലിസി കെ.
ഫെര്‍ണാണ്ടസ് ആന്‍ഡ് ടീം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡോ.
ലിസി കെ. ഫെര്‍ണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
ബി.കെ. ഹരിനാരായണന്, സന്തോഷ് വര്‍മ, ബേബി ജോണ്‍ കലയന്താനി എന്നിവര്‍ എഴുതിയ വരികള്‍ക്ക് ബിജി ബാലും ജിന്റോ ജോണും ഡോ.
ലിസി കെ. ഫെര്‍ണാണ്ടസുമാണ് സംഗീതം നല്‍കിയിരിക്കുന്നത്.
അതിഗഹനമായ കാര്യങ്ങളൊന്നും ഈ കൊച്ചുസിനിമ പറയുന്നില്ല. പക്ഷേ പറയുന്നത് കഴമ്പുള്ള കാര്യമാണ്.
അവിടെയാണ് സ്വര്‍ഗത്തിന്റെ പ്രസക്തിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]