ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ നായകരായെത്തുന്ന ചിത്രത്തിൽ കാമിയോ വേഷത്തിൽ രജനികാന്തുമുണ്ട്. മൊയ്ദീൻ ഭായ് എന്നാണ് രജനിയുടെ കഥാപാത്രത്തിന്റെ പേര്.
ദീപാവലി ദിനത്തോടനുബന്ധിച്ചാണ് ലാൽ സലാമിന്റെ ടീസർ പുറത്തിറങ്ങിയത്. രജനികാന്തിന്റെ മാസ് രംഗങ്ങൾ നിറഞ്ഞതാണ് ടീസർ. രജനികാന്തും ചിത്രത്തിലുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചതോടെ ചിത്രത്തിന്മേലുള്ള ഹൈപ്പ് കൂടുകയായിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചുള്ള രജനികാന്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറലായിരുന്നു.
സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റുതാരങ്ങൾ. എ.ആർ. റഹ്മാനാണ് സംഗീതസംവിധാനം. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും. 3, വെയ് രാജാ വെയ് എന്നീ ചിത്രങ്ങൾക്കും സിനിമാ വീരൻ എന്ന ഡോക്യുമെന്ററിക്കും ശേഷം ഐശ്വര്യാ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ഗായികയും ഡബ്ബിങ് കലാകാരിയുമാണ് ഐശ്വര്യാ രജനികാന്ത്.
ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീൺ ഭാസ്കർ, ആർട്ട് -രാമു തങ്കരാജ്, കോറിയോഗ്രഫി -ദിനേഷ്, സംഘട്ടനം -അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട് വിക്കി, ഗാനരചന-കബിലൻ. ചിത്രം 2024 പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും.