
ഒരൊറ്റ പാട്ട്. എങ്കിലെന്ത്? ഒരു കൊച്ചുജീവിതം സാർഥകമാകാൻ ആ പാട്ട് ധാരാളം എന്ന് പറയാറുണ്ടായിരുന്നു വാസന്തി. ‘പലരും എന്നോട് ചോദിച്ചിട്ടുണ്ട് വാസന്തിക്ക് എന്തിനാ ആയിരം പാട്ട് ? ഈ ഒരു പാട്ട് പോരേ എന്ന്. ഒരു കണക്കിന് അതാണ് ശരി. മലയാളികൾ ഇന്നെന്നെ അറിയുന്നത് മണിമാരൻ പാടിയ വാസന്തി ആയിട്ടാണ്. എന്റെ ശ്വാസത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു ആ പാട്ട്. നൂറു പാട്ട് പാടിയാലും അതുപോലൊരു ഭാഗ്യം കിട്ടണമെന്നില്ല.’
എം.ടി. വാസുദേവൻ നായർ നൽകിയ ശുപാർശക്കത്തുമായി അച്ഛനോടൊപ്പം ‘ഓളവും തീരവും’ എന്ന സിനിമയുടെ നിർമാതാവ് പി.എ. ബക്കറിനെ കാണാൻ വാസന്തി ചെന്നൈയിൽ പോയത് 1970-ലാണ്. “നല്ല ഭാവിയുള്ള ഗായികയായി എന്നെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ആ കത്ത് ഗുണം ചെയ്തു. പ്രധാനപ്പെട്ട പാട്ട് തന്നെ അവർ എനിക്ക് തന്നു. ദാസേട്ടനോടൊപ്പം ഒരു ഡ്യുയെറ്റ്. ഏത് ഗായികയും കൊതിക്കുന്ന ഭാഗ്യം. ദാസേട്ടനോടൊപ്പം ഒന്ന് രണ്ടു ഗാനമേളകളിൽ പാടിയിട്ടുണ്ടെങ്കിലും റെക്കോഡിങ് മുറിയിൽ ഒരുമിച്ചുനിന്ന് പാടുന്നതിനെക്കുറിച്ച് സങ്കല്പിച്ചിട്ടുപോലുമില്ല അതുവരെ. ജാനകിയും സുശീലയും ഒക്കെ പറന്നുനടന്നു പാടുന്ന കാലമല്ലേ.”
ആദ്യം യേശുദാസിനെ കാണുന്നത് അറുപതുകളിൽ കോഴിക്കോട് സാമൂതിരി ഹൈസ്കൂളിൽ നടന്ന ഒരു ഗാനമേളയ്ക്കിടയിലാണ്. ‘സുകുമാരൻസ് ഓർക്കസ്ട്ര’യുടെ ആ പരിപാടിയിൽ ദാസേട്ടനും ജയേട്ടനും ഒപ്പം ഒന്നുരണ്ട് യുഗ്മഗാനങ്ങൾ പാടാൻ എനിക്കും കിട്ടി അവസരം. ദാസേട്ടനൊപ്പം പാടിയ പാട്ട് ഓർമ്മയുണ്ട്: കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ… അത് കഴിഞ്ഞു മഞ്ചേരിയിൽ ബാബുരാജിന്റെ ഗാനമേളയിലും ഒരു പാട്ട്… പിന്നീട് കാണുന്നത് ചെന്നൈയിൽ മണിമാരൻ തന്നത് എന്ന പാട്ടിന്റെ റിഹേഴ്സൽ സമയത്താണ്.’’
ബാബുരാജ് താമസിച്ചിരുന്ന ഹോട്ടൽമുറിയിലായിരുന്നു റിഹേഴ്സൽ. അതുകഴിഞ്ഞ് രേവതി സ്റ്റുഡിയോയിൽ റെക്കോഡിങ്. ‘‘പിറ്റേന്ന് ദാസേട്ടന്റെ വിവാഹമാണ്. എളുപ്പം റെക്കോഡിങ് തീർത്ത് അദ്ദേഹത്തിന് നാട്ടിൽ പോകണം. ഒന്നോ രണ്ടോ ടേക്കിനുള്ളിൽ പാട്ട് ഓക്കേ. റെക്കോഡിങ്ങിനിടെ ഒരു തമാശകൂടി ഉണ്ടായി. നീയെന്റെ ഖൽബിൽ വന്നു ചിരിച്ചു നിൽക്കും എന്ന ഭാഗമെത്തിയപ്പോൾ ഞാൻ അറിയാതെ എന്റെ ഉള്ളിൽ നിന്ന് ഒരു ചിരി പൊട്ടി. എന്തോ അങ്ങനെ സംഭവിച്ചുപോയതാണ്. അത് പാട്ടിന് പൊലിമ കൂട്ടും എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ..
“റെക്കോഡിങ് കഴിഞ്ഞയുടൻ കൺസോളിൽനിന്ന് ബാബുക്ക എന്റെ നേരേ ഓടിവരുന്നതാണ് കണ്ടത്. പേടിച്ച് മനസ്സിൽ അയ്യോ എന്ന് പറഞ്ഞുപോയി. ഈശ്വരാ, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ? പക്ഷേ, കണ്ടുനിന്നവരെയും എന്നെയും ഒരുപോലെ അമ്പരപ്പിച്ച്, നെറ്റിയിൽ ഒരു ഉമ്മ തരുകയാണ് അദ്ദേഹം ചെയ്തത്. ഒപ്പം ഇത്രകൂടി പറഞ്ഞു: നന്നായി മോളേ; ഞാൻ മനസ്സിൽക്കണ്ടത് നീ പാടി. ശ്വാസം നേരേ വീണത് അപ്പോഴാണ്.’’
ബാബുക്ക ആദ്യമായി സംഗീതം നൽകിയ മിന്നാമിനുങ്ങ് (1957) എന്ന സിനിമയിലാണ് പിന്നണിഗായികയായി വാസന്തിയുടെ രംഗപ്രവേശം. സുദീർഘമായ ഒരു ഇടവേളയ്ക്കുശേഷം ‘അമ്മു’വിൽ ബാബുരാജിന്റെതന്നെ ഈണത്തിൽ എസ്. ജാനകിക്കും എൽ.ആർ. ഈശ്വരിക്കുമൊപ്പം ഒരു പാട്ട്. പിന്നെയും അഞ്ചുവർഷം കഴിഞ്ഞാണ് ഓളവും തീരവും. ‘മണിമാരൻ എന്ന പാട്ടിന്റെ റെക്കോഡിങ്ങിനുശേഷം അച്ഛനോടൊപ്പം തിരിച്ചു നാട്ടിലേക്ക് പോരുകയായിരുന്നു ഞാൻ. സൗണ്ട് റെക്കോഡിസ്റ്റ് കണ്ണൻ ഉൾപ്പെടെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന എല്ലാവരും തിരിച്ചുപോകരുതെന്നു സ്നേഹപൂർവം ഉപദേശിച്ചിട്ടുപോലും. ചെന്നൈയിൽത്തന്നെ തങ്ങാനുള്ള ചുറ്റുപാടിലായിരുന്നില്ല അന്ന് ഞാനും അച്ഛനും. പിന്നീടെപ്പോഴോ സംഗീതത്തിൽനിന്ന് അകലേണ്ടിവന്നു. തിരിച്ചു വന്നപ്പോഴേക്കും ഏറെ വൈകിയിരുന്നു…”
രണ്ടുമൂന്നു ചിത്രങ്ങളിൽ കൂടി ഗായികയായി മിന്നിമറഞ്ഞു, വാസന്തി… കുട്ട്യേടത്തി, മീശമാധവൻ, വടക്കുംനാഥൻ… എങ്കിലും ഇന്നും മലയാളികൾ വാസന്തിയെ അറിയുക മണിമാരന്റെ പാട്ടുകാരിയായിത്തന്നെ. അവസാനനാളുകളിൽ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പരാധീനതകളുമായി സ്വന്തം വീട്ടിൽ ഒതുങ്ങിക്കൂടുകയിരുന്നു വാസന്തി. ഇടയ്ക്കൊക്കെ വിളിക്കുമ്പോൾ ആ വേദനകൾക്കിടയിലും ചിരിക്കാൻ ശ്രമിച്ചു അവർ. ‘പാടിക്കൊണ്ട് മരിക്കണം എന്നാണെന്റെ ആഗ്രഹം’ -ഒരിക്കൽ അവർ പറഞ്ഞ വാക്കുകൾ ഓർമ്മയിലുണ്ട്. സംഗീതവേദികളിൽ കണ്ണീരിന്റെ നനവുള്ള പുഞ്ചിരിയുമായി വന്നെത്താറുണ്ടായിരുന്ന ഗായിക ഇനി ഓർമ്മ…
സുശീലമാരും ജാനകിമാരും ചിത്രമാരും സുജാതമാരും പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന സിനിമാഗാനചക്രവാളത്തിൽ, ഒരു കൊച്ചുതാരമായി ഉദിച്ചുയരുകയും ഞൊടിയിടയിൽ മറവിയുടെ തിരശ്ശീലയ്ക്കപ്പുറത്ത് മറയുകയും ചെയ്ത മച്ചാട്ട് വാസന്തി എന്ന ഗായികയെ ഇന്ന് നാം ഓർക്കുന്നത് യേശുദാസിനൊപ്പം അവർ പാടിയ ഒരേയൊരു ഗാനത്തിന്റെ പേരിലാണ്: ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിൻതോട്ടം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]