കൊച്ചി: ”ഞങ്ങള്ക്ക് വേറൊരു പ്ലാനാണ് ഉണ്ടായിരുന്നത്. മമ്മൂക്കയുടെ മറ്റൊരു എക്സ്പ്രഷന് ആയിരുന്നു ഉദ്ദേശിച്ചത്. സ്കെച്ചും കണ്സെപ്റ്റുമൊക്കെ തയ്യാറാക്കിയതും അങ്ങനെ തന്നെ. ടെസ്റ്റ് ഷൂട്ടും മറ്റൊന്നായിരുന്നു. പക്ഷേ, മമ്മൂക്ക വന്ന് ചില സംഗതികള് ഇട്ടതോടെ മൊത്തം സംഭവം മാറി. ഒറ്റ നിമിഷംകൊണ്ട് കാരക്ടറായി മാറിയ മമ്മൂക്കയുടെ ആ ചിരിപോലും അങ്ങനെ വന്നതാണ്. ആ ചിരി കണ്ടപ്പോള് ഞങ്ങള് അറിയാതെ പറഞ്ഞു പോയി; വൗ പൊളി തന്നെ…”
‘ഭ്രമയുഗം’ മമ്മൂട്ടിയുടെ പുതിയ സിനിമയുടെ പോസ്റ്ററിന്റെ കഥ പറയുകയാണ് ‘ഏസ്തെറ്റിക് കുഞ്ഞമ്മ’ ടീമിലെ തലതൊട്ടപ്പനായ ഇടപ്പള്ളിക്കാരന് അരുണ് അജികുമാര്. മമ്മൂട്ടി വ്യാഴാഴ്ച സാമൂഹിക മാധ്യമത്തില് പോസ്റ്റ് ചെയ്ത ഭ്രമയുഗത്തിന്റെ ഹോളിവുഡ് സ്റ്റൈല് പോസ്റ്റര് ഹിറ്റായി മാറി.
”സംവിധായകന് രാഹുല് സദാശിവനും നിര്മാതാക്കളായ ചക്രവര്ത്തി രാമചന്ദ്രയും എസ്. ശശികാന്തും പോസ്റ്റര് തയ്യാറാക്കാന് ആവശ്യപ്പെട്ടപ്പോള് തന്നെ ഹോളിവുഡ് സ്റ്റൈല് തീരുമാനിച്ചിരുന്നു. മമ്മൂക്കയുടെ കാരക്ടറിന്റെ സ്വഭാവം വെളിപ്പെടുത്തുന്നതായിരിക്കണം പോസ്റ്ററെന്ന് തീരുമാനിച്ച് സ്കെച്ച് സംവിധായകനെയും നിര്മാതാവിനെയുമെല്ലാം കാണിച്ചു. അവര് ഓ.ക്കെ. പറഞ്ഞു. മമ്മൂക്കയ്ക്കും ഇഷ്ടമായി. ഷൂട്ട് തുടങ്ങിയതോടെ മമ്മൂക്ക ചിരിയും അമര്ഷവുമൊക്കെയുള്ള കുറേ പോസ് തന്നു. അതോടെ സംഗതി സൂപ്പറായി. 10 മിനിറ്റുകൊണ്ട് ഷൂട്ട് കഴിഞ്ഞു. എടുത്ത ഫോട്ടോസൊക്കെ മമ്മൂക്കയ്ക്കും ഇഷ്ടമായി…”
ഭ്രമയുഗം ‘കുഞ്ഞമ്മ’യുടെ ആദ്യ പോസ്റ്ററല്ല… മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും വരെ കുഞ്ഞമ്മ ടീം പോസ്റ്ററുകള് ചെയ്തുകഴിഞ്ഞു. കൊറോണ പേപ്പേഴ്സ്, തങ്കം, മധുരം, കുറുപ്പ് തുടങ്ങിയ മലയാളം സിനിമകള്. റോമിയോ, തീരാ കാതല്, മാഡ്, കീഡകോള തുടങ്ങിയ തമിഴ്-തെലുങ്ക് സിനിമകള്. ഡിംപിള് കപാഡിയയും ആതിയ ഷെട്ടിയും അഭിനയിക്കുന്ന പുതിയ ഹിന്ദി സിനിമയുടെ പോസ്റ്ററും ഇവര് പൂര്ത്തിയാക്കി. നാല്പതോളം സിനിമകളായി ഇപ്പോള്.
കുഞ്ഞമ്മ കമ്പനിയുടെ ഫൗണ്ടേഴ്സ് അരുണ് അജികുമാറും ജെ. ദീപക്കുമാണ്. യദുമുരുകന്, ടി.പി. സതീഷ്, നന്ദന മധുരാജ്, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റു ടീമംഗങ്ങള്.
കുഞ്ഞമ്മ ഏസ്തെറ്റിക് ആയത്
ഏസ്തെറ്റിക് കുഞ്ഞമ്മ എന്ന പോസ്റ്റര് ഡിസൈന്-മാര്ക്കറ്റിങ് കമ്പനിക്കു പിന്നില് ജീവിതത്തിലിന്നുവരെ വര പഠിക്കാന് പോകാത്ത ചെറുപ്പക്കാരുടെ സംഘമാണ്. യു ട്യൂബ് ആയിരുന്നു ഇവരുടെ ഗുരുനാഥന്. അരുണ് ബി.കോമിന് പഠിക്കുമ്പോഴാണ് കോവിഡ് ലോക്ഡൗണ് വന്നത്. വീട്ടിലിരിപ്പായ അരുണ് പതുക്കെ പോസ്റ്ററുകള് ചെയ്ത് പഠിച്ചു. ലോകധര്മി നാടക സംഘത്തിലെ അഭിനേതാവു കൂടിയായിരുന്നു അരുണ്. പന്ത്രണ്ടു വര്ഷത്തിലേറെയായി അഭിനയരംഗത്തുണ്ട്. പോസ്റ്ററുകള്ക്കായി ഒരു ഇന്സ്റ്റഗ്രാം പേജ് തുടങ്ങി.
”ഏസ്തെറ്റിക് എന്ന വാക്കിനോട് കോളേജില് പഠിക്കുമ്പോഴേ കലിപ്പായിരുന്നു. ഏത് ഫോട്ടോ എടുത്തിട്ടാലും അതിനു താഴെ ഏസ്തെറ്റിക് എന്ന് ടാഗ് ചെയ്യുന്ന കാലമുണ്ടായിരുന്നു. അങ്ങനെ ഇഷ്ടക്കേട് വന്നതാണ്. ആ വാക്കിനോട് ഭംഗിയുള്ളതിനെയാണ് ചേര്ത്തുവെച്ചിരുന്നത്. അതിനെയൊന്ന് പൊളിക്കണം, ഒപ്പം തനി നാടന് പേരും എന്നാല് വിദേശ സ്റ്റാറ്റസും വേണമെന്നും തീരുമാനിച്ചു. അങ്ങനെയാണ് ‘ഏസ്തെറ്റിക് കുഞ്ഞമ്മ’ എന്ന പേരിട്ടത്”. അതാണ് പിന്നീട് കമ്പനിയായി മാറിയതും അരുണ് ഫൗണ്ടര് ക്രിയേറ്റീവ് ഹെഡുമായതും.
ഇന്സ്റ്റപേജ് തുടങ്ങാന് അന്ന് കൂടെയുണ്ടായിരുന്നത് വീഡിയോ എഡിറ്റിങ്ങും ഗ്രാഫിക് ഡിസൈനും ചെയ്യുന്ന ചെങ്ങന്നൂരുകാരന് ജെ. ദീപക് ആയിരുന്നു. ദീപക് കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടറും ഐഡിയ ബാങ്കുമാണ്. പിന്നാലെയാണ് തമിഴ്നാട്ടുകാരനായ ടി.പി. സതീഷ്, ടൈപ്പോഗ്രഫി ചെയ്തിരുന്ന ആലുവ മുപ്പത്തടം സ്വദേശി യദുമുരുകന് തുടങ്ങിയവരെത്തിയത്. ഓണ്ലൈന് പരിചയത്തില് നിന്നാണ് ഇവരെല്ലാം ടീമായി മാറിയത്.
ഫാന് പോസ്റ്റേഴ്സ്
പഴയ സിനിമകളുടെയും താരങ്ങളുടെയുമെല്ലാം പോസ്റ്ററുകള് പുതിയ രൂപത്തിലും വിന്റേജ് രൂപത്തിലും ചെയ്ത് പോസ്റ്റ് ചെയ്തു തുടങ്ങി. ഇരുപതാം നൂറ്റാണ്ട്, ഒരു വടക്കന് വീരഗാഥ, തൂവാനത്തുമ്പികള്…. എന്നിങ്ങനെ പോസ്റ്ററുകള് ഒന്നിനു പിന്നാലെ ഒന്നായി പോസ്റ്റ് ചെയ്തു. ക്ലാസിക് ചിത്രങ്ങള്ക്ക് പാശ്ചാത്യ രൂപം നല്കുന്നതിലാണ് കുഞ്ഞമ്മ ടീം ശ്രദ്ധിച്ചത്. വലിയ താമസമില്ലാതെ പേജിന് 46,000 ഫോളോവേഴ്സായി. പിന്നാലെ ആദ്യ സിനിമാ പ്രോജക്ടും എത്തി. ഷെയിന് നിഗം അഭിനയിച്ച ‘വെയില്’ ആയിരുന്നു കുഞ്ഞമ്മ ടീമിന്റെ ആദ്യ പ്രോജക്ട്. പിന്നെ ഒന്നിനു പിന്നാലെ ഒന്നായി പ്രോജക്ടുകള് കിട്ടി.
പൊന്നിയിന് സെല്വന്റെ കൊടിയടയാളം
ഒരിക്കല് സംവിധായകന് മണിരത്നത്തിന്റെ ഓഫീസായ മദ്രാസ് ടാക്കീസില്നിന്ന് കുഞ്ഞമ്മ ടീംസിനെ വിളിച്ചു. അഞ്ച് കഥകള് ചേര്ന്ന ‘പുത്തംപുതുക്കാലൈ’ എന്ന ചിത്രത്തില് സുഹാസിനി മണിരത്നം സംവിധാനം ചെയ്ത കോഫി എനിവണ് എന്ന ചിത്രത്തിന്റെ ടൈറ്റില് ചെയ്യാനാണ് ആവശ്യപ്പെട്ടത്. കുഞ്ഞമ്മ ടീംസ് അത് കോഫിപൗഡറൊക്കെ ഉപയോഗിച്ച് ഗംഭീരമാക്കി. അതിനുപിന്നാലെയാണ് പൊന്നിയിന് സെല്വനു വേണ്ടി കൊടികള് ഡിസൈന് ചെയ്യാന് ആവശ്യപ്പെട്ടത്. രണ്ടാം ഭാഗത്തിനായി മാര്ക്കറ്റിങ് ഫ്ലക്സുകളും ഡിസൈന് ചെയ്തു. പിന്നാലെ വന്നതായിരുന്നു മമ്മൂട്ടിയുടെ തന്നെ കണ്ണൂര് സ്ക്വാഡ്, ബ്രസൂക്ക, പൃഥ്വിരാജിന്റെ ഖലീഫ എന്നിവ. കുഞ്ഞമ്മയെ എങ്ങനെയെങ്കിലും ഹോളിവുഡ്ഡിലും ഫെയ്മസാക്കണമെന്നാണ് കുഞ്ഞമ്മയുടെ കുഞ്ഞുങ്ങളുടെ അടങ്ങാത്ത ആഗ്രഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]