തമിഴില സമകാലീനരായ സൂപ്പർതാരങ്ങളുമായി ബന്ധപ്പെടുത്തി ഉയർന്ന ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി പറഞ്ഞ് വിക്രം. വ്യാഴാഴ്ച പുറത്തിറങ്ങുന്ന തങ്കലാൻ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. തമിഴിലെ മറ്റുരണ്ട് സൂപ്പർതാരങ്ങളായ സൂര്യക്കും അജിത്തിനും ഉള്ളതുപോലെ ആരാധകർ നിങ്ങൾക്കില്ലല്ലോ എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യം. ഇതിന് വിക്രം നൽകിയ മറുപടിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
തന്റെ ആരാധകരെക്കുറിച്ച് നിങ്ങൾക്കറിയില്ലെന്നും അതിനുള്ള തെളിവുകാണണമെങ്കിൽ തിയേറ്ററിലേക്ക് വരൂ എന്നുമാണ് വിക്രം പറഞ്ഞത്. എല്ലാ സിനിമാ ആരാധകരും തന്റെയും ആരാധകരാണെന്നും വിക്രം പറഞ്ഞു. ടോപ് 3, ടോപ് 4, ടോപ് 5 എന്നിങ്ങനെയുള്ള അളവുകോലൊന്നുമില്ല. ആരാധകർ മാത്രമല്ല, സാധാരണ പ്രേക്ഷകരുമുണ്ട്. നിങ്ങളെന്തായാലും തിയറ്ററിലേക്ക് വരുമല്ലോ. നിങ്ങളുടെ നമ്പർ എന്റെ അസിസ്റ്റന്റിനെ ഏൽപ്പിക്കാൻ മറക്കരുത്. ഇതു കഴിഞ്ഞു സംസാരിക്കാം. ഇതേ ചോദ്യം ഒരു ദിവസം നിങ്ങൾ ആ താരങ്ങളോടു ചോദിക്കും. ഒരുപക്ഷേ, ആ ദിവസം നാളെ തന്നെയാകാമെന്നും വിക്രം പുഞ്ചിരിയോടെ പറഞ്ഞു.
നിങ്ങൾ വലിയ നിലയിലെത്തണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചതെന്നായി അപ്പോൾ ചോദ്യകർത്താവ്. അതിനോട് വിക്രം പ്രതികരിച്ചതിങ്ങനെ. “ഞാൻ വലിയ നിലയിൽ എത്തിക്കഴിഞ്ഞു. ധൂൾ, സാമി പോലുള്ള സിനിമകൾ ചെയ്താണ് ഞാൻ ഇവിടം വരെയെത്തിയത്. അതിനപ്പുറം എന്തു ചെയ്യാം എന്ന ആലോചനയാണ് എനിക്കെപ്പോഴുമുള്ളത്. സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എങ്ങനെ എത്തിക്കാം, എന്തുകൊണ്ട് നമുക്ക് അതു ചെയ്തുകൂടാ തുടങ്ങിയ ചിന്തകളാണ് എന്നെ നയിക്കുന്നത്. അങ്ങനെ ഒരു ശ്രമം ഉള്ളതുകൊണ്ടാണ് തങ്കലാൻ സംഭവിച്ചതും വീര ധീര സൂരൻ സംഭവിക്കുന്നതും. സിനിമയെ വേറെ ഉയരങ്ങളിലേക്ക് കൊണ്ടു പോകണം. അതാണ് ലക്ഷ്യം.”
കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി പാ രഞ്ജിത്ത് അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് ‘തങ്കലാന്’. സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ‘തങ്കലാ’ന്റെ പ്രമേയം. ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘തങ്കലാന്’ തിയേറ്ററുകളിലെത്തും. പാർവതി, മാളവിക മോഹനൻ, പശുപതി, ഹരികൃഷ്ണന് അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.