
പ്രതികാരകഥകൾ പലത് വന്നിട്ടുണ്ട് മലയാള സിനിമയിൽ. അതിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് രതീഷ് ശേഖർ തിരക്കഥയും ഛായാഗ്രഹണവും സംഗീതസംവിധാനവും നിർവഹിച്ച ചെക്ക്മേറ്റ് എന്ന ചിത്രം. പ്രതികാരത്തെ സമകാലീന സംഭവങ്ങളുടെ പിന്തുണയോടെ ഒരു ചതുരംഗക്കളിയെന്ന പോലെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രം. അനൂപ് മേനോൻ, രേഖ രവീന്ദ്രൻ, ലാൽ എന്നിവരാണ് മുഖ്യവേഷങ്ങളിൽ.
ന്യൂയോർക്ക് നഗരമാണ് കഥയുടെ പശ്ചാത്തലം. അധികാരക്കൊതിയാണ് ആത്യന്തികമായി സിനിമയുടെ പ്രമേയം. ആ കൊതി സാധാരണക്കാരായവരുടെ ജീവിതത്തെ എങ്ങനെ തകർക്കുന്നു എന്നാണ് ചിത്രം പറയുന്നത്. പരമാധികാരം കൈക്കലാക്കാൻ ശ്രമിക്കുന്നവർ അതിന് ഇരകളാക്കപ്പെടുന്നവരുടെ ജീവിതത്തിന് യാതൊരു മൂല്യവും കണക്കാക്കില്ല. മുന്നിൽ വരുന്നത് എന്തായാലും ചതുരംഗക്കളത്തിലെ കരുക്കളെയെന്നപോലെ അവർ വെട്ടിവീഴ്ത്തിയിരിക്കും. പക്ഷേ എപ്പോഴെങ്കിലും തങ്ങൾക്ക് ചെക്ക് വിളിക്കാൻ ആരെങ്കിലും വരുമെന്ന് അത്തരക്കാർ ചിന്തിക്കാൻ മറന്നുപോകുന്നു എന്നാണ് ചെക്ക്മേറ്റ് എന്ന ചിത്രം ഓർമപ്പെടുത്തുന്നത്.
ഒരുപാട് പേരുടെ കഥയാണ് ചെക്ക്മേറ്റ് പറയുന്നത്. ചക്ര എന്ന ഫാർമസ്യൂട്ടിക്കൽ സാമ്രാജ്യത്തിന്റെ ഉടമയായ ഫിലിപ്പ് കുര്യന്റെ കഥയാണ് അതിൽ പ്രധാനം. ഇതിനുസമാന്തരമായി കോച്ച് എന്നുവിളിക്കുന്നയാളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിന്റെ കഥയും കടന്നുവരുന്നു. മായ, ജെസി, അറ്റോർണി ജനറൽ ആകാൻ ആഗ്രഹിക്കുന്ന അഞ്ജലി മേനോൻ, മകൾ നഷ്ടപ്പെട്ട ചെറുപ്പക്കാരൻ എന്നിവരുടെയെല്ലാം ജീവിതങ്ങൾ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഉപകഥകളായും കടന്നു വരുന്നു. പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളും ഇപ്പറഞ്ഞ ഉപകഥകളും തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു എന്നിടത്താണ് സിനിമയുടെ കാമ്പ് കിടക്കുന്നത്.
നോൺ ലീനിയറായാണ് ചിത്രം സഞ്ചരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ, ചതുരക്കളത്തിലെ കരുക്കൾ നീങ്ങുന്നതുപോലെ രംഗങ്ങൾ ഭൂതത്തിലേക്കും വർത്തമാനത്തിലേക്കും മുന്നോട്ടും പിന്നോട്ടും കളംമാറുന്നു. ആര് ആരോട് എപ്പോൾ അടിയറവുപറയും എന്ന ചോദ്യം ഉടനീളം ചിത്രത്തിലുണ്ട്. ചിത്രത്തിലെ നല്ലൊരു ശതമാനം കഥാപാത്രങ്ങളും നെഗറ്റീവ് ഷെയ്ഡുള്ളവയാണ്. അധികാരക്കൊതി എന്ന ഘടകമാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടാനുള്ളത്. സ്വവർഗ ലൈംഗികത, ലോകമെമ്പാടും നടക്കുന്ന മരുന്ന് പരീക്ഷണങ്ങൾ, സ്ത്രീ സ്വാതന്ത്ര്യം എന്നിവയെല്ലാം ചിത്രത്തിൽ കടന്നുവരുന്നുണ്ട്.
ഫിലിപ്പ് കുര്യനായെത്തിയ അനൂപ് മേനോൻ, കോച്ച് ആയെത്തിയ ലാൽ, മായയെ അവതരിപ്പിച്ച രേഖ രവീന്ദ്രൻ എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രത്തിലെ താരസാന്നിധ്യവും ഇവർ തന്നെയാണ്. പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റുവേഷങ്ങളിലെത്തിയത്. പ്രധാനതാരങ്ങൾക്കൊപ്പം പുതുമുഖങ്ങളായെത്തിയവർക്കും മികച്ച പ്രാധാന്യം നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നതായി കാണാം. സമകാലീന സംഭവങ്ങളെ നോൺ ലീനിയർ സ്വഭാവത്തിൽ കോർത്തിണക്കിയ ചിത്രം മനുഷ്യമനസുകളിലെ ചതിയും കുതികാൽവെട്ടും നിറഞ്ഞ ഇരുണ്ട കോണുകളിലേക്ക് കടന്നുചെല്ലുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]